നീലത്താമര  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

മലയാളസിനിമാ ചരിത്രത്തിലെ മഹത്തായ പ്രണയ കഥ എന്നു കേട്ടപ്പോഴേ പെണ്ണുമ്പിള്ള ഇന്നു തന്നെ നീലത്താമര കാണാന്‍ പോകണം എന്ന് പറഞ്ഞ് ചാട്ടം തുടങ്ങി. ശരി നീലത്താമരയെങ്കില്‍ നീലത്താമര പോയി കണ്ടുകളയാം എന്ന് തീരുമാനിച്ചു, എന്തായാലും കുറേ ദിവസം അനങ്ങാന്‍ പോലും ആകാതെ പ്രോജക്റ്റ് തീര്‍ക്കാന്‍ ഇരുന്നതിന് കിട്ടിയ അവധിയല്ലേ.സിനിമ കണ്ട് ആ വിഷമം തീര്‍ക്കാം. രാവിലെ പോയി ടിക്കറ്റ് റിസേര്‍വ്വ് ചെയ്തു. സെകന്റ്ഷോ ആണ്. എര്‍ണാകുളം ആയതുകൊണ്ട് കുഴപ്പമില്ല, തിരുവന്തപുരമാണെങ്കില്‍ സെകന്റ്ഷോയ്ക്ക് ഭാര്യയേയും കൂട്ടി പോയാല്‍ കുറച്ച് വിഷമമാകും. ശ്രീമതിയ്ക്ക് അന്ന് വീട്ടുജോലികളൊക്കെ ചെയ്യാന്‍ പതിവിലും ഉല്‍സാഹവും സ്പീഡും. ഇടയ്ക്കിടയ്ക്ക് മൂളിപ്പാട്ടും "അനുരാഗവിലോചിതനായ് അതിലേറെ മോഹിതനായ്....". എന്തായാലും 8.30 നു ജോലിയെല്ലാം തീര്‍ത്ത് ഭക്ഷണവും കഴിച്ച് വീടും പൂട്ടി ഇറങ്ങി.

8.45 നു തിയേറ്ററില്‍ എത്തി,ടിക്കറ്റ് മാറ്റി വാങ്ങി അകത്ത് കയറി. അകത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഉഗ്രന്‍ "ഹൌസ് ഫുള്‍". എന്തായാലും അവസാനനിരയില്‍ ഒരുവിധം മധ്യത്തായി ഞങ്ങളുടെ സീറ്റ് ഉണ്ട്. സിനിമ തുടങ്ങി. എം ടി, ലാല്‍ ജോസ് തുടങ്ങിയപേരിനെല്ലാം പ്രേക്ഷകരുടെ നിലയ്ക്കാത്ത കൈയ്യടിയോടെ തുടക്കമായി. ആദ്യ പകുതി സിനിമ വളരെ നല്ല രീതിയില്‍ നീങ്ങുന്നു. നല്ല ഒരു പഴമ മണക്കുന്ന സീനുകളും നാട്ടിന്‍പുറത്തിന്റെ ഭംഗിയും നാടന്‍ സുന്ദരിമാരും എല്ലാം കൊണ്ടും നല്ല കാഴ്ചകള്‍. അര്‍ച്ചന കവി, കൈലാസ്, സംവൃത സുനില്‍, റിമ കല്ലിങ്കല്‍ എന്നിവരുടെ അഭിനയം വളരെ നിലവാരമുള്ളതാണ്. പുതുമുഖങ്ങള്‍ എന്ന ഒരു ചട്ടക്കൂടിനുള്ളിലായിപ്പോയി എന്ന തോന്നല്‍ ഒരിക്കല്‍ പോലും പ്രേക്ഷകന് തോന്നാത്തവണ്ണം മനോഹരമായിരുന്നു നായികാനായകന്മാരുടെ പ്രകടനം.

പക്ഷെ ഇന്റര്‍വെലിന് ശേഷം നീലത്താമര വാടിത്തുടങ്ങി.ബെര്‍ളിയുടെ പോസ്റ്റില്‍ പറഞ്ഞപോലെ വലിയ വീട്ടിലെ പയ്യന്‍ വെറുമൊരു നേരമ്പോക്കായ് മാത്രം കണ്ടിരുന്ന ഒരു വേലക്കാരിയുടെ കഥയായി അത് മാറുന്നത് വളരെ വിഷമത്തോടെ കാണേണ്ടിവന്നു. മഹത്തായ പ്രണയകഥ എന്നതുപോയിട്ട്, വെറുമൊരു പ്രണയകഥ എന്നുകൂടി പറയാന്‍ കഴിയാത്ത ഒരു കഥയായി, നീലത്താമര തളര്‍ന്നുകൊണ്ടിരുന്നു. പെട്ടെന്ന് പ്രായത്തിന്റെ എടുത്തുചാട്ടത്തില്‍ തന്നെ സ്നേഹിക്കുന്നു എന്നു തോന്നുന്നവന്‍ വിളിച്ചപ്പോള്‍ അവന്റെ കിടപ്പുമുറിയില്‍ രാത്രി ആരുമറിയാതെ കടന്നുചെല്ലുന്ന ഒരു പൊട്ടിപെണ്ണായി നായിക. നായകന്റെ ആവശ്യം കഴിഞ്ഞ്, അങ്ങനെയൊരു സംഭവനടന്നതായിക്കൂടി ഭാവിക്കാതെ വേറൊരു പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്ന നായകനെയും, നായകനും ഭാര്യയ്ക്കുമായി കിടപ്പുമുറി തയ്യാറാക്കുന്ന നായികയേയും കാണുമ്പോള്‍ ഇതെങ്ങനെ ഒരു പ്രണയ കഥയായി എന്ന് എനിയ്ക്ക് സംശയം തോന്നി.
നായികാനായകന്മാരുടെ ബന്ധമറിഞ്ഞ നായകന്റെ ഭാര്യ നായികയെ പറഞ്ഞുവിടുന്നതോടെ വിഖ്യാതമായ താമര കൊഴിഞ്ഞു. ഇതിനിടയില്‍ വേറൊരു കുടുംബത്തിലെ അവിഹിതബന്ധത്തിന്റെ കഥയും എം ടി പറയുന്നുണ്ട്. അതെന്തിനായിരുന്നു എന്നതും ഈയുള്ളവന് മനസ്സിലായില്ല. രണ്ടാം പകുതിയിലുടനീളം സിനിമ എങ്ങനെയും തീര്‍ക്കണം എന്ന ഒരു ഉദ്ദേശ്യം വെളിവാകുന്നുണ്ട്. വളരെ പെട്ടെന്ന് നടക്കുന്ന നായകന്റെ വിവാഹാലോചന,അടുത്ത സീനിലെ നായകന്റെ വീട്ടിലേയ്ക്കുള്ള വരവും നായികയെ അറിയിക്കാതെയുള്ള പോക്കും, അതിനടുത്ത സീനിലെ കല്യാണം കഴിഞ്ഞുള്ള വരവുമെല്ലാം ഈ ധൃതി വിളിച്ചോതുന്നു. അങ്ങനെ നായികയുടെ പഴയകാലത്തിന്റെ ഓര്‍മ്മയില്‍ വിരിയുന്ന താമര പൂര്‍ണ്ണമാകുന്നു.
വളരെ ലളിതമായി ഹൃദയഹാരിയായ പാട്ടുകളും, പുതുമുഖങ്ങളാണെങ്കിലും വളരെ നല്ലരീതിയില്‍ അഭിനയിച്ച നടീനടന്മാരും , ഓരോ സീനിലേയും മനോഹരമായ ഗ്രാമവുമെല്ലാം ഈ ചിത്രത്തിന്റെ നല്ല വശങ്ങളാണ്. ഞാന്‍ മുകളിലെഴുതിയ എല്ലാ വിവരങ്ങളും എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങളാണ്. എല്ലാവരും ഈ സിനിമ കാണുകയും എന്റെ അഭിപ്രായത്തോട് യോജിയ്ക്കുന്നില്ല എങ്കില്‍ കമന്റ് ബോക്സില്‍ ചീത്ത വിളിയ്ക്കാം :)

30 അഭിപ്രായങ്ങള്‍

എന്തായാലും ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ചിത്രം മോശമില്ല എന്ന് അല്ലേ?

ഇങ്ങിനെയൊക്കെയാണെങ്കിൽ അതിനി കാണണമോ..??

@ശ്രീ :
ചിത്രം വളരെ മോശമല്ല. പക്ഷേ, ഞാന്‍ പ്രതീക്ഷിച്ചത്ര നല്ലതുമല്ല.

@ഹരീഷ് തൊടുപുഴ :
കാണണം, അപ്പോഴേ, ഞാന്‍ പറഞ്ഞതൊക്കെ ശരിയാണോ എന്ന് മനസ്സിലാക്കാന്‍ പറ്റൂ :)

എന്തായാലും ഇവിടെ(ദുബായ്)റിലീസ് അകുമ്പോള്‍ പോയി കാണട്ടെ കണ്ടിട്ട് പറയാം. പഴശ്ശിരാജ ഇവിടെ ഒരു മാസമായി HOUSE FULL..!!അതിനാല്‍ നീലത്താമര ഇവിടെ എത്താന്‍ ചിലപ്പോള്‍ വൈകും.

കണ്ടിട്ടില്ല, കാണണമെന്നുണ്ട്.

Vivek   പറയുന്നു December 2, 2009 at 2:40 AM
This comment has been removed by the author.
Vivek   പറയുന്നു December 2, 2009 at 2:52 AM

മനോഹരമായ "പൊളി പടം".

@ഖാന്‍പോത്തന്‍കോട്‌ :
കാണണം :)

@Typist | എഴുത്തുകാരി :
കാണണം :)

@Vivek :

നമുക്കിഷ്ടമായില്ല എന്നതുവെച്ച് പൊളിയാണെന്ന് പറയാമോ ??

ഇതുവരേക്കും കാണാന്‍ കഴിഞ്ഞില്ലെ. വ്യത്യസ്ഥാഭിപ്രായങ്ങള്‍ കേള്‍ക്കുന്നു. എങ്കിലും കാണുന്നുണ്ട്

വേദവ്യാസൻ,
ഇതിന്റെ തിരക്കഥ പണ്ടൊരിക്കൽ വായിക്കാൻ ശ്രമം നടത്തിയിരുന്നു (എംടിയുടെ പ്രിയപ്പെട്ട അഞ്ച്‌ തിരക്കഥകൾ എന്ന ലിസ്റ്റിൽ പെട്ടതാണ്‌ ഇത്‌). അന്നതത്ര ഒഴുക്ക്‌ തോന്നാതിരുന്നതിനാൽ നിർത്തി. പിന്നീട്‌ ഈ സിനിമയെക്കുറിച്ച്‌ കേട്ടപ്പോൾ എന്റെ ശ്രീമതിയാണ്‌ ക്ഷമയോടെ തിരക്കഥ വായിച്ചത്‌. അവൾക്കും അത്രയ്ക്കൊരു വലിപ്പം ഇതിന്‌ തോന്നിയില്ല എന്നാണ്‌ ഞാൻ മനസിലാക്കിയത്‌.
ഇക്കഥയിൽ എന്താണ്‌ സ്പെഷൽ എന്ന് എനിക്കിനിയും ഉറപ്പില്ല.
ലാൽജോസ്‌ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും കൂട്ടിയാണ്‌ പുതിയ വേർഷൻ ഇറക്കിയിട്ടിട്ടുള്ളത്‌. പക്ഷെ കല്ലുകടിയിലപ്പുറം ഈ കൂട്ടിച്ചേർക്കലുകൾക്ക്‌ ഒന്നും തോന്നിക്കാനായില്ല എന്നാണ്‌ എന്റെ അഭിപ്രായം. കൂടാതെ, കുറച്ചൊന്ന് തിടുക്കം കാട്ടിയോ ചില സംഭവങ്ങൾ പറഞ്ഞുതീർക്കാൻ എന്നുകൂടി തോന്നിപ്പോയി. ഹരിദാസിന്റെ കല്യാണവും മറ്റും അത്തരത്തിലായിപ്പോയി എന്ന് തോന്നി. ഹരിദാസ്‌ കുട്ടിമാളുവിന്‌ (നായികയുടെ പേര്‌ അതുതന്നെയല്ലേ, ഉറപ്പില്ല) കത്തയയ്ക്കുന്നതായും എവിടെയും കാണുന്നുമില്ല.

@അപ്പൂട്ടന്‍ :

അതെ എനിയ്ക്കും ഇതേ അഭിപ്രായമാണ്. കത്ത് അയക്കാന്‍ മരിയ്ക്കുന്നതിന് മുന്നേ അയാള്‍ ശ്രമിച്ചു എന്ന് ഭാര്യ പറയുന്നുണ്ട്, സിനിമയില്‍.

വേദവ്യാസൻ,
ഞാൻ പറഞ്ഞത്‌ വർത്തമാനത്തിലെ കത്തുകളല്ല, മറിച്ച്‌ ഹരിദാസിന്റെ ഭാര്യ (അവരുടെ പേരും മറന്നു) കുട്ടിമാളുവിന്റെ പെട്ടിയിൽ നിന്ന് കണ്ടെടുക്കുന്ന കത്തുകളാണ്‌. അത്‌ വായിച്ചാണ്‌ അവർക്ക്‌ തന്റെ ഭർത്താവിന്റെ കയ്യിലിരിപ്പ്‌ മനസിലാകുന്നത്‌ എന്നാണ്‌ എന്റെ ഓർമ്മ.

@അപ്പൂട്ടന്‍ :
ആ ഭാഗത്ത് കത്തുകളെക്കുറിച്ചുള്ള പരാമര്‍ശ്ശം ഇല്ലല്ലോ, സിഗരറ്റ് കവറും ,നീലത്താമരയും, അയാളുടെ മാസികയിലെ ഫോട്ടോയുമെല്ലാമല്ലേ തെളിവുകള്‍ :)

വേദവ്യാസൻ,
ക്ഷമിക്കണം, എനിക്ക്‌ വലിയ ഉറപ്പില്ല. അങ്ങിനെ ഒരു ധാരണ വന്നുപോയി. തിരക്കഥ വീട്ടിലിരിപ്പുണ്ട്‌, ഒന്ന് നോക്കി പറയാം.
ഈ കണ്ട കാര്യങ്ങൾ വെച്ച്‌ സ്വന്തം ഭർത്താവിനെ സംശയിക്കാൻ സാധ്യതയുണ്ടോ ആവോ, അറിയില്ല.

വേദവ്യാസൻ,
തിരക്കഥ ഒന്ന് ഓടിച്ച്‌ വായിച്ചുനോക്കി.
കത്തുകൾ ഉണ്ട്‌, അവ അമ്മയ്ക്ക്‌ എഴുതിയതാണെന്നുമാത്രം. ഇടയ്ക്കൊരു സീനിൽ അമ്മ മകന്റെ കത്ത്‌ വായിക്കുന്നതായും പറയുന്നുണ്ട്‌. ഇവിടെയൊന്നും കുഞ്ഞിമാളുവിന്റെ കാര്യം എടുത്തുപറയുന്നില്ല.
ലാൽജോസിന്റെ സിനിമയിൽ ഈ കത്തിടപാടുകളെക്കുറിച്ചൊന്നും പരാമർശ്ശിക്കുന്നതേയില്ല എന്നാണ്‌ എന്റെ ഓർമ്മ. ഇത്തിരി "തിടുക്കത്തിലായിപ്പോയി" ഹരിദാസിന്റെ കല്യാണം, സിനിമയിലും കഥയിലും!!!
എന്തായാലും അത്ര പ്രസക്തമാണ്‌ കത്തിന്റെ കാര്യം എന്ന് തോന്നുന്നില്ല. ചർച്ച ഇത്തിരി നീട്ടിയതിൽ ക്ഷമിക്കൂ.

@അപ്പൂട്ടന്‍ :
സിനിമയില്‍ അങ്ങനെയുള്ള കത്തിടപാടിനെക്കുറിച്ച് പരാമര്‍ശ്ശിയ്ക്കുന്നില്ല. പിന്നെ കുറച്ച് നീണ്ടതാണങ്കിലല്ലേ ചര്‍ച്ചയാകൂ :)

വിദ്യാ സാഗര്‍ ഒരുക്കിയ ഗാനം എന്തായാലും സൂപ്പര്‍ ! പടം ഒന്ന് കണ്ട് കളയാം അല്ലെ?

ഒരു സംഭവം ആക്കാനുള്ള സംഭവം ആയിരുന്നു.

നന്നായെഴുതി.

വന്നു പോയി ഇവിടെ നോക്കട്ടെ എവിടെയെങ്കിലും ഇട്ടു പിടിക്കാ‍ാന്‍ പറ്റുമോ എന്ന് ...

@വാഴക്കോടന്‍ ‍// vazhakodan :
അതെ ഗാനങ്ങള്‍ മനോഹരമായിരുന്നു. :)

@കുമാരന്‍ | kumaran :
നന്ദി :)

@poor-me/പാവം-ഞാന്‍ :
കണ്ടു നോക്കൂ :)

എന്തായാലും സിനിമ കാണാന്‍ സമയമില്ലെങ്കിലും നീലത്താമരയെപ്പറ്റി ഒരേകദേശരൂപം വേദവ്യാസന്റെ രചനയിലൂടെ കിട്ടി.

@നന്ദകുമാര്‍ :
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ...
"താമസിച്ചതിന് ക്ഷമാപണം"

സിനിമ കണ്ടോ ???

@keralafarmer :

എന്നാലും ഒന്നുപോയി കാണണം :)

Nostalgia aanallo innu etavum nannaayi vilkkunnathu... athinte oru pinthudarcha thanne ithum alle....

ഏതായാലും സീഡി വരട്ടെ...
തിയറ്ററിലേയ്ക്കെന്തായാലുമില്ല.

സിനിമ ആദ്യ പകുതി വലിയ പ്രശ്നമല്ല... നായകന്‍ കൈലാഷ് അടിപൊളിയായി അവന്റെ റോള്‍ ചെയ്തു ... കൈലാഷ് ഉള്ള സമയം മാത്രം സിനിമ ബോര്‍ ഇല്ലാതെ കാണാം.വള്ളുവനാടന്‍ ഭാഷ ആവശ്യത്തില്‍ അധികമായി ഉപയോഗിച്ചിരിക്കുന്നു... റീമയുടെ ആത്മഹത്യ കാണിച്ചു പ്രേക്ഷകരെ പേടിപ്പിക്കാന്‍ ശ്രമിച്ചത് വിഡ്ഢിത്തം... മരിച്ചത് നായിക ആണെന്ന് പ്രേക്ഷകന്‍ തെറ്റി ധരിച്ചു കൊള്ളണം...!! സിനിമയുടെ തുടക്കത്തില്‍ തന്നെ നായിക ഇപ്പോഴും ജീവനോടെ ഉള്ളത് കാണിക്കുകയും ചെയ്യുന്നുണ്ട്...! പ്രേക്ഷകരെ കൊല്ലുന്നതായിരുന്നു ഇതിലും നല്ലത്...!! അവസാനം സിനിമ എങ്ങനെ നിര്‍ത്തും എന്നറിയാതെ ലാല് കുഴങ്ങുന്നത് ശെരിക്കും അറിയാം.... എം ടി യുടെ കഥ സംവിധാനം ചെയ്യാനുള്ള പ്രായം ലാലുവിന് ആയിട്ടില്ല..... നല്ല ഫ്രെയിമുകളും ക്യാമറ വാര്കും മനോഹരമായ പാട്ടുകളും സിനിമയുടെ പ്ലസ്‌ പോയിന്റ് ആണ്.. അവസാനത്തെ പാട്ട് കുളമാക്കിയിട്ടുണ്ട്....

mahesh   പറയുന്നു December 9, 2009 at 9:27 PM

പ്രിയ സുഹൃത്തേ നിങ്ങളുടെ വിലയിരുത്തല്‍ തികച്ചും ശരിയാണെന്ന് ഞാന്‍ സസന്തോഷം അറിയിക്കുന്നു... സിനിമ കണ്ടപ്പോള്‍ എനിക്ക് തോന്നിയ അതെ കാര്യങ്ങളാണ്‌ തങ്ങള്‍ ഇതില്‍ പറഞ്ഞിരിക്കുനത്....

സിനിമ ആരും കാണാതിരികണ്ട പക്ഷെ ഒരുപാട് പ്രതീക്ഷയോടെ കാണാന്‍ പോകരുത് എന്നെ ഉള്ളു....

നമ്മുടെ ആഗ്രഹമനുസരിച്ചു തീം ഒത്തു വരണമെന്നു നിർബന്ധം പിടിക്കുന്നതു ശരിയല്ല. ശരിക്കും നമ്മൽ അന്ധന്മാർ ആനയെ കണ്ടതു പോലെ സിനിമാ കണ്ടു അഭിപ്രായം പറയുന്നതിൽ അർഥം ഇല്ല. എം.ടി.യുമായി ബന്ധപ്പെട്ട ഒരു കലാസൃഷ്ടി ആണെന്നു ഓർമ്മിക്കുക

@ANITHA HARISH :
നൊസ്റ്റാള്‍ജിയ അല്ലാതെ വേറൊന്നും ഇല്ല. :)

@കൊട്ടോട്ടിക്കാരന്‍ :
അതിനിനി കുറേ കാത്തിരിക്കേണ്ടി വരും

@sachin :
താങ്കളോട് യോജിയ്ക്കുന്നു.

@Mahesh :
അതെ അമിത പ്രതീക്ഷ വേണ്ട

@Kunjubi :
ഒരിയ്ക്കലും പ്രേക്ഷകന് സങ്കല്‍പിക്കാന്‍ കഴിയുന്നതാവരുത് സിനിമയുടെ ക്ലൈമാക്സ് , അതാണ് തിരക്കഥയുടെ വിജയവും , പിന്നെ ഒരിക്കലും അന്ധന്‍ ആനയെ കണ്ടതുപോലല്ല നീലത്താമര കണ്ടത്, എം ടി യുടെ രചനയായതുകൊണ്ട് അതൊരു നല്ല സിനിമയാകും എന്നെങ്ങനെ പറയാനാകും ??

കൊള്ളാം ...
അവനവന്റെ ധാര്‍മിക ബോധം വച്ചേ ഒരു സിനിമയെ കാണാനാവൂ ....
ന്റെ പലേരി മാണിക്യം "rivue " നോക്കാന്‍ സമയം ഉണ്ടോ ?

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ