ഞാനും കണ്ടേ !!!!!!!!!  

എഴുതിയത് Unknown , ലേബലുകള്‍ : , ,

ഇന്നലെ രാത്രി ഓഫീസില്‍ ആയിരുന്നു, മുടിഞ്ഞ പണി , രാവിലെ 6 മണിയായപ്പൊ സെക്ക്യൂരിറ്റി ചേട്ടനോട് ബൈയ്യും പറഞ്ഞ് ഇറങ്ങി. വീട്ടിലെത്തിയപ്പൊ 7 മണിയായി. ഇനിയിപ്പൊ ഒന്നുറങ്ങിയിട്ട് ഉച്ചയ്ക്ക് വീണ്ടും ഓഫീസിലേയ്ക്ക് പോകാം. പല്ല് തേച്ച് വന്നാല്‍ ചായ തരാമെന്ന് പറഞ്ഞ അമ്മയെ പാടെ അവഗണിച്ച് കട്ടിലിലേയ്ക്ക് ചാടി(നമ്മക്കറിഞ്ഞൂടെ പല്ലുതേച്ചാല്‍ മുഖത്ത് വെള്ളം വീഴുമെന്ന്, അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ഞാനിപ്പോ പോകുമെന്നു പറഞ്ഞ് നില്‍ക്കുന്ന ഉറക്കം പമ്പ കടക്കും ) എന്തായാലും ദൈവം അനുഗ്രഹിച്ച് തന്നേയ്ക്കുന്ന ഒരു പ്രത്യേകത ഉണ്ട്, എത്ര നേരം വേണമെകിലും ഉറങ്ങാതെ ഇരിക്കാം പക്ഷെ ഉറങ്ങിക്കഴിഞ്ഞാലോ ?? ആന ചവുട്ടിയാലും അറിയില്ല :)

കിടന്നു എന്ന ഓര്‍മ്മകൂടി ബാക്കി വയ്ക്കാതെ ഞാന്‍ നിദ്രതന്‍ ആഴങ്ങളിലേയ്ക്ക് ഊളിയിടുകയായിരുന്നെന്നു തോന്നുന്നു, ആവോ ആര്‍ക്കറിയാം, എന്തായാലും ഈ സ്വപ്നം കൂടി കാണാന്‍ പറ്റാത്ത ഉറക്കം പരമ ബോറ് തന്നെ. ഉറക്കം ഒരു കരപറ്റി വരുകയായിരുന്നു, അപ്പോഴതാ ചീവിട് കരയുമ്പോലെ ഒരു ശബ്ദം "ചേട്ടാ ചേട്ടാ" ഞെട്ടിയുണര്‍ന്ന് നോക്കുമ്പോ നമ്മുടെ ബാലു, കൊച്ഛച്ഛന്റെ മോനാ, സ്കൂളീല്‍ പോയിത്തുടങ്ങി പക്ഷേ കയ്യിലിരുപ്പുകാരണം മിക്കവാറും ലീവിലായിരിക്കും റിട്ടര്‍ഡ് ഹര്‍ട്ട് (വല്ല മരത്തിലോ, മതിലിലോ അള്ളിപ്പിടിച്ച് കയറി, കൈയ്യിലേയും കാലിലേയും പെയിന്റുമിളക്കി വരും ).

രാവിലെ ചെറുക്കന്‍ ഉറങ്ങാനും സമ്മതിക്കില്ല, എഴുന്നെറ്റുവന്നതും അവന്റെ അടുത്ത ഡയലോഗ് "ഞാന്‍ കണ്ട്". ദൈവമേ !!! അപ്പോഴുണ്ടായിരുന്ന മാത്രമല്ല ഒരു കൊല്ലത്തേയ്ക്കുള്ള ഉറക്കക്ഷീണം പോയിക്കിട്ടി, കൈയ്യില്‍ കിട്ടിയ പുതപ്പും ചുറ്റിപ്പിടിച്ചോണ്ട്, സംഗതി ഒരു മില്‍ക്കീബാറില്‍ നിക്കത്തില്ലല്ലോന്ന് ആലോചിക്കുമ്പോഴാ അടുത്ത ഡയലോഗ് "ഇത് കാണാന്‍ വേണ്ടിയാ അമ്മ ഇന്ന് സ്കൂളില്‍ പോണ്ടാന്ന് പറഞ്ഞത്". പെട്ടന്നാണ് സ്ഥലകാലബോധം വന്നത്. വീട്ടിനുവെളിയില്‍ വളരെ ഒച്ചയും ബഹളവും, കൂടാതെ അമ്മ എന്നെ വിളിയ്ക്കുന്നുമുണ്ട്.
ചാടിയിറങ്ങി ലുങ്കിയും ചുറ്റി ചെന്നപ്പോഴാണ് ചെറുക്കന്‍ കണ്ടത് "ഗ്രഹണം" ആണെന്ന് മനസ്സിലായത്.
അമ്മ വെല്‍ഡിംഗ് ഗ്ലാസ്സൊക്കെപ്പിടിച്ച് വാനനിരീക്ഷ്ണം നടത്തുന്നു. ബാലുവിന് എന്റെ ഏറ്റവും ഇളയ സഹോദരന്റെ വക ഒരു സമ്മാനം, എക്സ് റേ ഫിലിം ഒട്ടിച്ച് കണ്ണട :-). അച്ഛന്‍ അതും പിടിച്ച് വാങ്ങിയിട്ടാണ് ബാലുവിനെ, എന്നെ വിളിക്കാന്‍ പറഞ്ഞ് വിട്ടത്. വലയഗ്രഹണം തുടങ്ങിയപ്പോഴേ എന്നെ വിളിക്കാന്‍ തുടങ്ങിയതാ, പക്ഷെ ഞാന്‍ എണീറ്റ് വന്നപ്പോഴേക്കും ചന്ദ്രനും സൂര്യനുമൊക്കെ അവരുടെ വഴിയ്ക്ക് പോകാന്‍ തുടങ്ങിയിരുന്നു. പിന്നെ ചെറുക്കന്‍ എണീറ്റുവന്നതല്ലേന്ന് കരുതിയായിരുക്കും ഒരല്പം... ഇത്തിരിപ്പൂരം സംഗതി എനിക്കും കാണിച്ചുതന്നു.
ഗ്രഹണത്തോടനുബന്ധിച്ച് ഏറ്റവും വലിയ പറ്റു പറ്റിയത് തൊട്ടടുത്ത വീട്ടിലെ അനി മാമനാണ്. പുള്ളിക്കാരന്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ഉച്ചയ്ക്ക് കഴിക്കാന്‍ വന്ന വഴി, ഗ്രഹണമല്ലേ, 2,3 ആള്‍ക്കാര്‍ക്ക് സൂര്യനെകാണിച്ച് കൊടുക്കമെന്ന് കരുതി, വെല്‍ഡിംഗ് ഗ്ലാസ്സുമെടുത്ത് വന്നു. ആ ഗ്ലാസ്സാണ് ഇപ്പോള്‍ എന്റെ മാതാശ്രീയും കൈയ്യിലിരിക്കുന്നത്. പാവപ്പെട്ട അനിമാമന്‍ "ചേച്ചീ ആ ഗ്ലാസ്സൊന്ന് കിട്ടിയാല്‍ ഞാനങ്ങോട്ട് പോകാമായിരുന്നു" എന്ന ഭാവത്തില്‍ നില്ക്കുമ്പോഴാണ് എന്റെ വരവ്. ആ ദയനീയ ഭാവം കണ്ടിട്ട് ആര്‍ക്കും മനസ്സലിയുന്നില്ല , പാവത്തിനോട് നാളെ മുതല്‍ പണിക്കുവരണ്ട എന്ന് മുതലാളി പറയാന്‍ സാദ്ധ്യതയുണ്ട് :).

നഗ്നനായി ഛെ നഗ്നനേത്രത്തോടെ സൂര്യനെ നോക്കാന്‍ പാടില്ല എന്നതും മനസ്സില്‍ വെച്ച് ബാലുവിന്റെ എക്സ് റേ കണ്ണട വെച്ച് നോക്കിയപ്പോ ആകെ ഒരു മങ്ങല്‍ ഒരുമാതിരി വല പോലെ കാണുന്നു. കണ്ണട ഉണ്ടാക്കിയത് ശരിയാകാതെ കണ്ണടിച്ച് പോയതണോന്ന് വിചാരിച്ച് നിക്കുമ്പോഴുണ്ട് അച്ഛന്റെ വക പുച്ഛം "പോയി മുഖം കഴുകീട്ട് വാടാ" . ഇപ്പൊ മനസ്സിലായി വല എന്തായിരുന്നെന്നു. മുഖവും കഴുകി ക്ലോക്കില്‍ നോക്കിയപ്പൊ 2 മണി , അയ്യോ ആപ്പീസില്‍ പോകാന്‍ നേരമായി. പണ്ടെപ്പെഴോ ഒരു സൂര്യ ഗ്രഹണമോ, ചന്ദ്രഗ്രഹണമോ ആണ് , ഗ്രഹണസമയത്ത് അഹാരം കഴിക്കാന്‍ പാടില്ലന്നും പറഞ്ഞ് അമ്മ ഞങ്ങളെ പട്ടിണിക്കിട്ടത് ഓര്‍ത്ത്കൊണ്ട് അമ്മയെ വിളിച്ച് വല്ലതും കഴിക്കാന്‍ എടുക്കാന്‍ പറഞ്ഞു. മുന്‍പൊരിക്കല്‍ ഗ്രഹണസമയത്ത് അമ്മാമ്മ ചോറുകലത്തിനകത്ത് കരിക്കട്ട എടുത്തിട്ടിരുന്നതും ഞെട്ടലോടെ ഞാന്‍ സ്മരിച്ചു. സന്താനം വിശന്നുപൊരിഞ്ഞിരിയ്ക്കുന്നത് ശ്രദ്ധിക്കാതെ മാതാശ്രീ വഴിയേ പോകുന്നവരെയെല്ലാം വിളിച്ച് ഗ്രഹണം കാണിക്കുകയാണ്. ഒരു പത്ത് തവണ വിളിച്ചപ്പോള്‍ ആഹാരമെടുക്കാന്‍ അമ്മ പൊയി. പോയതിനേക്കാള്‍ സ്പീഡിന് തിരികെ വന്നു, മുഖം ഗ്രഹണം ബാധിച്ച സൂര്യനെപ്പോലെ. കാര്യം തിരക്കിയപ്പോള്‍ ഈയുള്ളവന് തൃപ്തിയായി. മീന്‍ കറി അടുപ്പത്ത് വച്ചിട്ടാണ് അദ്ദേഹം വാനനിരീക്ഷ്ണത്തിന് പുറപ്പെട്ടത്. അങ്ങനെ ചോറും കരിയും (കരിഞ്ഞ മീന്‍കറിയുമായി ) ഒരു ഗ്രഹണം കടന്നുപോയി. വെല്‍ഡിംഗ് ഗ്ലാസ്സിലൂടെ :)

ബാലുവിന്റെ എക്സ് റേ കണ്ണട :)

ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടി @ തിരുവനന്തപുരം  

എഴുതിയത് Unknown , ലേബലുകള്‍ : , , , ,


ഗൂഗിളിന്റെ മാപ്പ്സിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല (http://maps.google.com/). Google, Kerala Section of IEEE , Trivandrum Chapter of the Computer Society of India എന്നിവരുടെ മേല്‍നോട്ടത്തില്‍ ഫെബ്രുവരി 5,2010 ന് തിരുവനന്തപുരത്ത് ഒരു മാപ്പിംഗ് പാര്‍ട്ടി സംഘടിപ്പിക്കുന്നു. മാപ്പ് മേക്കിങ്ങില്‍ താല്‍പര്യമുള്ള ഒരു കൂട്ടം തദ്ദേശവാസികളുടെ സഹായത്തോടെ കേരളത്തിന്റെ പൂര്‍ണ്ണമായ ഒരു മാപ്പ് നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. മാപ്പിംഗില്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും മാപ്പിംഗ് പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യാം. പാര്‍ട്ടിയോടനുബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ മാപ്പിംഗ് പ്രാക്ടീസ് ഉണ്ടാകുമെന്നതിനാല്‍ രെജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരും ലാപ്ടോപ്പ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

വെബ്സൈറ്റ് : http://sites.google.com/site/tvmmappingparty
മെയില്‍ : mappingparty.tvm@gmail.com

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ