ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടി തിരുവനന്തപുരം | google mapping party trivandrum  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , , , ,


ഇന്റര്‍നെറ്റ് ലോകത്തെ ഭീമനായ ഗൂഗിള്‍ സംഘടിപ്പിയ്ക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുക എന്നുള്ളത്, കമ്പൂട്ടര്‍ ഉപയോഗിക്കുന്ന ഏതൊരാളിന്റെയും സ്വപ്നമാണ്. ഗൂഗിളിന്റെ ഫ്രീ സര്‍വീസായ ബ്ലോഗര്‍ ഉപയോഗിക്കുന്ന നമ്മുടെ കാര്യം പിന്നെ പറയുകയും വേണ്ട. ഏകദേശം 1 മാസം മുന്‍പ് തന്നെ ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടിയെ പറ്റി, കേരള മാപ്പിംഗ് രംഗത്തെ പ്രമുഖ സ്ഥാനീയനായ ശ്രീ CNR നായര്‍ വഴി അറിഞ്ഞു. അന്നു തന്നെ മാപ്പിംഗ് പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ കയറി രെജിസ്റ്റര്‍ ചെയ്യുകയും , ബ്ലോഗില്‍ ഒരു പോസ്ട് ഇടുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ മാപ്പിംഗ് പാര്‍ട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങി. മാപ്പിംഗ് വളരെ ഗൌരവമായി കാണേണ്ട ഒരു പ്രശ്നമാണെന്നും , മാപ്പിംഗ് ചെയ്യുന്നവര്‍ തീവ്രവാദികള്‍ക്ക് കേരളത്തെ ആക്രമിക്കാന്‍ എളുപ്പവഴിയൊരുക്കുന്നു എന്ന രീതിയിലായി വാര്‍ത്തകള്‍.
ഓരോ ദിവസവും പത്രം കാണുമ്പോള്‍ ചിരിവരുന്ന രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക്, എന്താണ് മാപ്പിംഗ് എന്നോ, മാപ്പിംഗ് വഴി എന്തെല്ലാം നേട്ടങ്ങള്‍ / കോട്ടങ്ങള്‍ ഉണ്ടാകും എന്നോ അന്വേഷിയ്ക്കാതെ കാക്കക്കൂട്ടില്‍ കല്ലിട്ട അനുഭവമായിരുന്ന് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.ഇന്റലിജന്‍സ്‌ അഡീഷണല്‍ ഡി.ജി.പി ഡോ.സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെ മാപ്പിംഗ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ലൊക്കേഷന്‍ സര്‍വേയ്ക്ക് ഇപ്പൊഴും ഗൂഗിള്‍ മാപ്പിനെ ആശ്രയിയ്ക്കുന്ന ഭൂമികേരളം പദ്ധതിയുടെ ഉദ്യോഗസ്ഥരെ വിലക്കിയത് ആ പ്രൊജെക്ടിന്റെ വേഗതയെ ബാധിക്കും എന്ന അഭിപ്രായമാണ് എനിയ്ക്കുള്ളത്.
''മാതൃഭൂമിയില്‍ ജനവരി 13ന്‌ വന്ന വാര്‍ത്തയെത്തുടര്‍ന്നാണ്‌ ഞങ്ങള്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടിയെക്കുറിച്ച്‌ അറിഞ്ഞത്‌. ഇപ്പോള്‍തന്നെ ലൊക്കേഷന്‍ സര്‍വേ നടത്താന്‍ ഗൂഗിള്‍ എര്‍ത്ത്‌ ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ മാപ്പിങ്‌ പാര്‍ട്ടിയില്‍ നിന്ന്‌ ലഭിക്കുന്ന പുതിയ അറിവ്‌ ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കും ''- ഭൂമികേരളം പദ്ധതിയുടെ പ്രോജക്ട്‌ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറയുന്നു. സര്‍ക്കാരിന്റെ സര്‍വേ രേഖകളൊന്നും മാപ്പിങ്‌ പാര്‍ട്ടിയില്‍ നല്‍കില്ലെന്നും മറിച്ച്‌ ഓണ്‍ ലൈന്‍ ഭൂപടം തയ്യാറാക്കുന്നതില്‍ ഗൂഗിളിനുള്ള അന്താരാഷ്ട്ര വൈദഗ്‌ധ്യം ഭൂമികേരളം പദ്ധതിയ്‌ക്ക്‌ സഹായകമാവുമെന്നതിനാലാണ്‌ തങ്ങള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്നും ബിജു പ്രഭാകര്‍ പറയുന്നു. ഗൂഗിള്‍ മാപ്പിങ്ങിന്റെ സൗകര്യം ഉപയോഗിക്കാനായാല്‍ നിലവില്‍ ജനങ്ങളുടെ കൈയിലുള്ള സര്‍വേ സ്‌കെച്ചുകള്‍ ഗൂഗിള്‍ എര്‍ത്ത്‌ നല്‍കുന്ന സാറ്റലൈറ്റ്‌ ഭൂപടവുമായി ഒത്തുനോക്കാന്‍ കഴിയുമെന്നും ഇത്‌ സര്‍വേ നടപടികളെ കൂടുതല്‍ സുതാര്യമാക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.
എന്തുതന്നെ ആയാലും വളരെ ഗംഭീരമായി പറഞ്ഞ ദിവസം തന്നെ മാപ്പിംഗ് പാര്‍ട്ടി നടന്നു. ജോലി സംബന്ധമായ തിരക്കുകാരണം കുറച്ച് വൈകിയാണ് ഞാന്‍ എന്റെ കൂട്ടുകാരനോടൊപ്പം റെസിഡന്‍സി ടവറില്‍ എത്തിയത്. രണ്ടാമത്തെ നിലയിലാണ് ഗൂഗ്ലി പാര്‍ട്ടി എന്ന് അവിടുത്തെ സെക്യൂരിറ്റി ചേട്ടന്‍ പറഞ്ഞതിനെ ഗൂഗിള്‍ എന്ന് തിരുത്തി,ഞങ്ങള്‍ ഓടിചെന്നപ്പോള്‍ ഗൂഗിളിന്റെ പ്രതിനിധി ശ്രീ അജിത്കുമാറിന്റെ സെഷന്‍ കഴിഞ്ഞിരുന്നു.:(. കൂട്ടുകാരോട് അദ്ദേഹത്തിന്റെ സെഷനെ കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കി. അദ്ദേഹം എന്താണ് ഗൂഗിള്‍മാപ്പ് എന്നും മാപ്പിങ്ങ് നമുക്ക് എങ്ങനെയെല്ലാം പ്രയോജനപ്പെടും എന്നെല്ലാം വളരെ വിശദമായി വിവരിച്ചു. കൂടാതെ നമ്മുടെ ഹൈദരാബാദ് പോലീസ് വളരെ പ്രായോഗികമായി ഗൂഗിള്‍മാപ്പിംഗ് ഉപയോഗിക്കുന്നതിന്റെ ലൈവ് ഉദാഹരണസഹിതം നമ്മുടെ സര്‍ക്കാരിന്റെയും / പോലീസിന്റെയും പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ ചുട്ടമറുപടി നല്‍കി എന്നുവേണം പറയാന്‍.പങ്കെടുത്തവരുടെ വളരെയധികം സംശയങ്ങള്‍ക്കും അജിത്കുമാര്‍ മറുപടി നല്‍കി. ഞങ്ങള്‍ എത്തിയപ്പോള്‍ മാപ്പിംഗ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരേക്കാള്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞു. ശ്രീ സതീഷ് ബാബു, മാധ്യമപ്രവര്‍ത്തകരുടെ കുഴപ്പം പിടിച്ച ചോദ്യങ്ങള്‍ക്ക് വളരെ വ്യക്തമായി മറുപടി കൊടുക്കുന്നത് കാണാന്‍ കഴിഞ്ഞു. തീവ്രവാദികള്‍ക്ക് സഹായകരമായ കാര്യമല്ലേ ഇപ്പോല്‍ നടക്കാന്‍ പോകുന്നത് എന്ന ചോദ്യത്തിന് "ഗവണ്‍മെന്റിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരായുള്ള ഒരു പ്രവര്‍ത്തനമല്ല ഇതെന്നും , ആവശ്യപ്പെട്ടാല്‍ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ മാപ്പില്‍ മറയ്ക്കുന്നതിനുള്ള സംവിധാനം ഗൂഗിളിന് ചെയ്യുവാന്‍ കഴിയും" എന്നും അദ്ദേഹം മറുപടി നല്‍കി.
ചെറിയൊരു ചായ സല്‍ക്കാരത്തിന് ശേഷം ശ്രീ CNR നായര്‍ മാപ്പിംഗിന്റെ പ്രാഥമികതലത്തിലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങി. എന്നെപ്പോലെ ആദ്യമായി ഗൂഗിള്‍ മാപ്പ്മേക്കര്‍ ഉപയോഗിക്കുന്ന ആളിനെ ഒരു മാപ്പിംഗ് വിദഗ്ദ്ധനാക്കുവാന്‍ സഹായിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സെഷന്‍. ഇടയ്ക്ക് മറ്റുള്ളവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കിയും , പ്രസന്റേഷനുകള്‍ കാണിച്ചും അദ്ദേഹം തന്റെ സെഷനെ കൂടുതല്‍ മികവുള്ളതാക്കി.
ഇതിനിടയ്ക്ക് ഫോണ്‍ ചെയ്യാന്‍ ഹാളിന് വെളിയിലിറങ്ങിയ കെന്നി ജേക്കബിനെ പോലീസ്(മഫ്ടിയിലെത്തിയ 2 ക്രൈം ബ്രാഞ്ച് കോണ്‍സ്റ്റബിള്‍സ്) പൊക്കി :p. ഞങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ല എന്ന മുഖവുരയോടെയാണ് അവര്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്ന് കെന്നി പറഞ്ഞു. പ്രധാനമായും ഞങ്ങള്‍ എന്താണ് അവിടെ ചെയ്യുന്നതെന്നും , സെന്‍ട്രല്‍ ജെയില്‍ മാപ്പ് ചെയ്യാന്‍ പറ്റുമോ എന്നെല്ലാം അവര്‍ ചോദിച്ചു. അവസാനം കെന്നിയുടെ അഡ്രസ്സും വാങ്ങി, "യേമ്മാന്‍ വിളിപ്പിച്ചാല്‍ ഈ പറഞ്ഞതൊക്കെ അവിടെയും വന്നൊന്ന് പറഞ്ഞേക്കണേ" എന്നും പറഞ്ഞ് അവര്‍ സ്ഥലം കാലിയാക്കി.
വളരെപെട്ടെന്ന് തന്നെ ഞങ്ങളെല്ലാം (ആക്രാന്തത്തോടെ)കാത്തിരുന്ന ആ ശുഭമുഹൂര്‍ത്തം വന്നണഞ്ഞു, ആഹാരസമയം. വളരെ വിഭവസമൃദ്ധമായ ആഹാരം കഴിഞ്ഞപ്പോള്‍ വീണ്ടും സെഷന്‍ തുടങ്ങി. ഇത്തവണ സംസാരമായാല്‍ എല്ലാവരും ഉറങ്ങും എന്ന് കരുതിയാകണം, പ്രാക്ടികല്‍സ് ആയിരുന്നു.രാവിലെത്തെ സെഷനില്‍ മനസ്സിലാക്കിയ കാര്യങ്ങളെല്ലാം സ്വന്തം ലാപ്പ്ടോപ്പില്‍ ചെയ്തുനോക്കാനും അതുവഴിയുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കാനും സാധിച്ചു. ശ്രീ അമര്‍നാഥ് രാജ, ശ്രീ സതീഷ്ബാബു എന്നിവരും ശ്രീ CNR നായര്‍ക്കൊപ്പം എല്ലാവരുടെയും സംശയങ്ങള്‍ ധൂരീകരിച്ചുകൊണ്ടിരുന്നു.
പ്രാക്ടികല്‍ സെഷന്‍ കഴിഞ്ഞപ്പോള്‍ തന്നെ പാനല്‍ ഡിസ്കഷന്‍ തുടങ്ങി. ശ്രീ അമര്‍നാഥ് രാജ മോഡറേറ്റര്‍ ആയിരുന്ന പാനലില്‍ ശ്രീ സതീഷ് ബാബു, ശ്രീ M G രാധാകൃഷ്ണന്‍(ഇന്ത്യ ടുഡേ), ശ്രീ റോയി മാത്യു(ദി ഹിന്ദു), ശ്രീ അന്‍വര്‍ സാദത്ത്(ഐടി@സ്കൂള്‍) എന്നിവര്‍ അംഗങ്ങളായിരുന്നു. കമ്മ്യൂണിറ്റി മാപ്പിംഗ് എന്താണെന്നും അതുവഴി സമൂഹത്തിനുണ്ടാകുന്ന പ്രയോജനങ്ങളെ പറ്റിയും , ഗൂഗിളിനെ ആശ്രയിച്ചല്ല കമ്മ്യൂണിറ്റി മാപ്പിംഗ് നടക്കുന്നതെന്നും , പക്ഷെ ഇന്നുള്ളതില്‍ ഏറ്റവും വലുതും , കൂടുതല്‍ വസ്തുനിഷ്ടവുമായ മാപ്പ് ഗൂഗിള്‍ വഴിയാണ് ലഭിയ്ക്കുന്നതെന്നും പാനല്‍ ചര്‍ച്ച ചെയ്തു. ഒരു പത്രത്തില്‍ വന്ന "ഇനിയിപ്പോള്‍ പബ്ലിക് ടാപ്പുകളും നിരോധിയ്ക്കണം, അല്ലേല്‍ തീവ്രവാദികള്‍ വന്ന് വെള്ളം കുടിച്ചാലോ" എന്ന പരാമര്‍ശ്ശം സദസ്സിനെ ചിരിപ്പിച്ചു. ഭൂ മാഫിയ, ദളിത് ഭൂമി തുടങ്ങിയ പ്രശ്നങ്ങളില്‍ കമ്മ്യൂണിറ്റി മാപ്പിംഗ് വളരെ സഹായകരമാണ് കൂടാതെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും, അടിയന്തിരമായുള്ള ദുരിതനിവാരണ പ്രവര്‍ത്തനങ്ങല്‍ക്കും മാപ്പിംഗ് പ്രയോജനപ്പെടുത്താം എന്നും പാനല്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ചചെയ്തത് കാരണം മാപ്പിംഗ് പാര്‍ട്ടിയ്ക്ക് കാര്യമായ പബ്ലിസിറ്റി ലഭിച്ചു എന്നും ഗവണ്‍മെന്റിന്റെയും പോലീസിന്റെയും ആശങ്ക അകറ്റുവാന്‍ നാമെല്ലാം ബാധ്യസ്ഥരാണെന്നും പാനല്‍ അറിയിച്ചു.

മാപ്പിംഗ് വിദഗ്ദ്ധരും അല്ലാത്തവരുമടങ്ങിയ ആള്‍ക്കാര്‍ പങ്കെടുത്ത് വളരെ നല്ല രീതിയില്‍ നടന്ന ഒരു മാപ്പിംഗ് പാര്‍ട്ടി വഴിപാടായി എന്ന് ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്ത മനോരമയോട് നമ്മുടെ മുഖ്യമന്ത്രിയുടെ ഭാഷയില്‍ ശുദ്ധ പോഴത്തരമാണീ വാര്‍ത്ത എന്നുപറയുകയേ നിവൃത്തിയുള്ളു.

മുകളില്‍ പറഞ്ഞ പല കാര്യങ്ങളും ഈ ലിങ്കുകളിലൂടെ മനസ്സിലാക്കാം





മാപ്പിംഗ് പാര്‍ട്ടിയുടെ ചിത്രങ്ങള്‍ക്കായി ഈ ലിങ്ക് വഴി പോകുക.
************************************************************************************************************************
വാല്‍ക്കഷ്ണം : കമ്പ്യൂട്ടറിനെ പണ്ട് എതിര്‍ത്തിരുന്നത് കുറച്ചുകൂടി ശക്തമാക്കിയിരുന്നേല്‍ ഇന്ന് ഈ മാപ്പിംഗ് പാര്‍ട്ടിയോ , ഗൂഗിളോ ആരേലും നമ്മുടെ കേരളത്തില്‍ വന്ന് തലപൊക്കുമായിരുന്നോ :)

14 അഭിപ്രായങ്ങള്‍

വവരണത്തിന് നന്ദി.
ഗൂഗിളേ...മാപ്പ്..!!

Thanks Rakesh.. Nice article ...

so informative.. thanks a lot.

വളരെ നന്ദി, ഇത്രേം കാര്യങ്ങള്‍ വളരെ നന്നായി പങ്ക് വച്ചതിന്...ആശംസകള്‍...

nalla vivaranam

churukkathil google nammude naadine varachu padikkanda alle... hmm

Good one Rakesh...

Robin   പറയുന്നു February 10, 2010 at 8:17 PM

hai rakesh...
really informative article...
mapping party de photos undo?

വിവരങ്ങള്‍ക്കു നന്ദി.

ഇതുവഴി വന്ന എല്ലാവര്‍ക്കും നന്ദി :)

രാകേഷ്, വളരെ നല്ല ലേഖനം.ആധുനികമായ എന്തുകാര്യം വരാന്‍ തുടങ്ങിയാലും അതിനെപ്പറ്റി ആവശ്യമില്ലാതെ തര്‍ക്കിക്കുക എന്നത് പൊട്ട കിണറ്റിലെതവളകളുടെ ലക്ഷണമാണ്. നമ്മുടെ കേരളത്തില്‍ അത് കുറച്ചു കൂടുതലാണ്. എന്തുചെയ്യാനാണ്.

Thanks

നന്ദി.

നന്നായി ഈ കുറിപ്പ്...

ഇല്ലെങ്കിൽ ഇതൊരു ‘പോഴത്തരം’ തന്നെ എന്നു ഞാനും കരുതിയേനെ!

★ Shine   പറയുന്നു March 2, 2010 at 3:01 AM

Mapping can use for good and bad purposes - it depends upon who is having the data.

After all Google is a corporate company which is not ready to go open source culture fully. they are using Open source developing community for their advantage only.

At the same time, we can't expect a threat from Google in the near future, at least!

വിശ്വാസമല്ലേ എല്ലാം?!!

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ