ബനേര്‍ഘട്ട നാഷണല്‍ സഫാരി പാര്‍ക്ക് | Bannerghatta National Park  

എഴുതിയത് Unknown , ലേബലുകള്‍ : ,

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ഒരു ശനിയാഴ്ച. പതിവ് എര്‍ണാകുളം പോക്ക് ഈയാഴ്ച നടന്നില്ല. എന്നാല്‍ ശരി എവിടെയെകിലും കറങ്ങാന്‍ പോകാമെന്ന് കരുതി ബാംഗളൂര് ഉള്ള അമിട്ടന്മാരോട് അഭിപ്രായം ചോദിച്ചു, അവസാനം വിനു സേവിയര്‍ ബനേര്‍ഘട്ട നാഷണല്‍ സഫാരി പാര്‍ക്കിനെ കുറിച്ച് പറഞ്ഞു. അപ്പൊ അവിടേയ്ക്ക് തന്നെയാകട്ടെ യാത്ര എന്നും തീരുമാനിച്ചു. വീട്ടില്‍ നിന്നുമിറങ്ങി കുറച്ചുകഴിഞ്ഞപ്പോ വിനുവിന്റെ ഫോണ്‍ അവനും കൂട്ടുകാരനും "കാര്യസ്ഥന്‍ സിനിമയ്ക്ക് പോകാമെന്ന് വിചാരിക്കുന്നു,ഞാന്‍ വരുന്നുണ്ടോ" എന്ന്. പണ്ടേ ഒരു കാര്യത്തിനിറങ്ങിയാല്‍ അത് മാറ്റി വയ്ക്കുന്ന ശീലമില്ലാത്തോണ്ട് അവനോട് പോയി കാര്യസ്ഥന്‍ കണ്ട് മരിയ്ക്കാന്‍ ഉപദേശിച്ച്, ഒറ്റയ്ക്ക് വച്ചു പിടിച്ചു.

യാത്രയുടെ പ്രധാന ഉദ്ദേശങ്ങള്‍
1) പുതിയതായി ഒരു മൊബൈല്‍ വാങ്ങി, അത് വെച്ച് കുറച്ച് ഫോട്ടോയും , വീഡിയോയും എടുത്ത് കൂട്ടുകാരെ കാണിക്കുക (അവരൊക്കെ ആഹ കിടിലം , കൊള്ളാടാ നിന്റെ കാശ് മുതലായി എന്നു പറയുമ്പോഴുള്ള രോമാഞ്ചം)
2) ബാംഗളൂരില്‍ കാണാന്‍ കൊള്ളാവുന്ന ചില സ്ഥലങ്ങള്‍ കണ്ടെത്തുക ( "എന്നെ ഇവിടെയുള്ള ഒരു സ്ഥലവും കൊണ്ട് പോയിക്കാണിക്കാന്‍ ഒരു താല്‍പര്യവുമില്ല" എന്ന പെണ്ണുംപിള്ളയുടെ പരാതി കേട്ട് ചെവി തഴമ്പിച്ചു )
3)ഒരു ശനിയാഴ്ച വെറുതേ ഉറങ്ങിത്തീര്‍ക്കാതിരിക്കുക (ബാക്കിയുള്ള ദിവസത്തെ മുഴുവന്‍ ഉറക്കവും കോമ്പന്‍സേറ്റ് ചെയ്യുന്നത് ശനി, ഞായര്‍ ദിവസങ്ങളിലാണ്)

ബസ്സ് കയറാനായി കുറച്ച് ദൂരം നടന്നപ്പോള്‍ മണ്‍പാത്രങ്ങള്‍ (കൌതുക പാത്രങ്ങള്‍ ) വില്‍ക്കുന്ന ഒരു സംഘത്തെ കണ്ടു, ഉടനെ തോന്നി ഇവരുണ്ടാക്കിവച്ചിരികയ്ക്കുന്നതിന്റെയൊക്കെ ഫോട്ടൊയെടുക്കാം. പക്ഷെ നേരെ കേറിച്ചെന്ന് ഫോട്ടോയെടുക്കുന്നതെങ്ങനെ. ആദ്യം അവിടൊക്കെ പോയി പാത്രങ്ങളൊക്കെ തൊട്ടും തലോടിയും നിന്നു, അപ്പൊ ഒരു അമ്മച്ചി വന്ന് ഹിന്ദിയില്‍ അലയ്ക്കാന്‍ തുടങ്ങി. ഏത് പാത്രമാ വേണ്ടത് എന്ന് ചോദിച്ച അവരോട് കയ്യില്‍ തടഞ്ഞ ഒന്ന് കാണിച്ചുകൊടുത്തു. ഉടനെ വന്നു മറുപടി 500 രൂഫാ ..... ഫാ 500 ഉലുവയോ വീട്ടില് മീന്‍വെയ്ക്കുന്ന ചട്ടിയില്‍ കുറച്ച് പെയിന്റടിച്ചിട്ടാണ് ഈ കൊലച്ചതി പറയുന്നത്. ഞാന്‍ വേണ്ട എന്നും പറഞ്ഞ് തിരിഞ്ഞ് നടന്നപ്പോ അവര്‍ വട്ടം ചാടി. "സാറ് ഒരു വില പറയ് നമുക്ക് അഡ്ജസ്റ്റ് ചെയ്യാം" എന്നായി. ദൈവേ കുടുങ്ങിയല്ലോ എന്ന് മനസ്സിലോര്‍ത്ത് ഞാന്‍ മടിച്ച് മടിച്ച് കാര്യം പറഞ്ഞു. അമ്മച്ചീ എനിയ്ക്ക് പാത്രമൊന്നും ഇപ്പൊ വേണ്ട, കുറച്ച് ഫോട്ടോ എടുത്താല്‍ കൊള്ളാമെന്നുണ്ട്.ഉടനെ വന്നു അടുത്ത റെഡിമെയിഡ് ഉത്തരം "100 രൂപ". കണ്‍ട്രോള് പോയി !!! ഇവരിയതൊക്കെ സ്വര്‍ണം കൊണ്ടാണോ ഉണ്ടാക്കിവച്ചിരിക്കുന്നെ. എന്തായാലും ഫോട്ടോമോഹം ഉപേക്ഷിച്ച് പിന്‍തിരിഞ്ഞു. ദേ പുറകേന്ന് ഒരു നിലവിളി. അമ്മച്ചി ഒരുമാതിരി നിലവിളിയ്ക്കുന്നു. പെട്ടെന്ന് മനസ്സിലൂടെ മനോരമ ന്യൂസിന്റെ ഹോം പേജ് ഒഴുകിപ്പോയി "ബാംഗളൂരില്‍ വഴിയോരക്കച്ചവടക്കാരിയുടെ ഫോട്ടൊയെടുക്കാന്‍ ശ്രമം ; മലയാളി എഞ്ചിനീയര്‍ പിടിയില്‍". അവരുടെ അടുത്തേയ്ക്ക് ഒരു പെണ്‍കുട്ടി ഓടി വരുന്നത് കണ്ടപ്പോഴാണ് ആശ്വാസമായത്, അതിനെയാ അമ്മച്ചി കിടന്നലറിവിളിച്ചത്.

അമ്മച്ചിയും പെണ്‍കുട്ടിയുമായി കുലങ്കുഷമായി എന്തോ ചര്‍ച്ച ചെയ്യുന്നു. മിക്കവാറും ഇങ്ങനെയാകാനെ വഴിയുള്ളു "ദേ ഒരു നക്കി വന്നു നില്‍ക്കുന്നു, ഫോട്ടോയെടുക്കണം പോലും, കയ്യില് കാശൊന്നുമില്ല എന്നാണ് തോന്നുന്നത്, നീ വല്ല കാശും കിട്ടുമെങ്കില്‍ വാങ്ങിച്ചിട്ട് ഫോട്ടോയെടുത്തോളാന്‍ പറയ്, എനിക്ക് വേറെ പണിയുണ്ട്". അമ്മച്ചി പെയിന്റിംഗ് പണി തുടര്‍ന്നു. പെണ്‍കുട്ടി കുറച്ചുകൂടി മയത്തില്‍ കാര്യം അവതരിപ്പിച്ചു, ഫോട്ടോയെടുക്കുന്നതില്‍ കുഴപ്പമില്ല, അവര്‍ക്ക് വല്ല കാശും കൊടുക്കണം. ഞാന്‍ 10, 20 രൂപ കൊടുക്കാം എന്നു പറഞ്ഞു. പേര്‍സ് എടുത്ത് നോക്കിയപ്പോള്‍ ചില്ലറയില്ല. വീണ്ടും പ്രശ്നമായി അവരുടെ കയ്യിലും ചില്ലറയില്ല. അപ്പോള്‍ പേര്‍സില്‍ എന്തോ വാങ്ങി ബാക്കി വന്ന സൊഡക്സോകൂപ്പണ്‍ ഇരിയ്ക്കുന്നത് ആ കുട്ടി കണ്ടു. അത് തന്നാല്‍ മതിയെന്നായി. അതൊരു പുതിയ അറിവായിരുന്നു. വഴിയോരകച്ചവടക്കാരും സൊഡക്സോ സ്വീകരിച്ച് തുടങ്ങിയോ, ഇന്ത്യ തിളങ്ങുന്നു :). ഇനി ആ കുട്ടിയ്ക്ക് അബദ്ധം പറ്റിയതാണെന്ന് കരുതി സോഡക്സോ എന്താണെന്ന് പറഞ്ഞുകൊടുത്തപ്പോള്‍ അത് പറയുവാണ്, ഇതൊക്കെ എനിക്കറിയാം ഞങ്ങള്‍ ഇത് കൊടുത്ത് ബിസ്കറ്റ് വാങ്ങിക്കാറുണ്ടെന്ന്. അത് കേട്ടപ്പൊ കയ്യിലുണ്ടായിരുന്ന ബാക്കി സൊഡക്സോയും കൂടി ആ കുട്ടിയ്ക്ക് കൊടുത്തു. പിന്നെ ചാഞ്ഞും ചരിഞ്ഞും കിടന്നുമൊക്കെ കുറേ ഫോട്ടോകളെടുത്തുതുടങ്ങി. അതുവഴി പോയ ആള്‍ക്കാരെല്ലാം ഇവന് വട്ടാണ് എന്ന മുഖഭാവത്തോടെ എന്നെ നോക്കി നടക്കുന്നുണ്ടായിരുന്നു. തിരിഞ്ഞ് നൊക്കി ബൈക്ക് ഓടിച്ച് ഒരുത്തന്‍ മറിഞ്ഞ് വീഴുകയും ചെയ്തു (ഭാഗ്യത്തിന് ഒന്നും പറ്റിയില്ല). അവസാനം അവരോട് യാത്രയും പറഞ്ഞ പാര്‍ക്ക് ലക്ഷ്യമാക്കി യാത്ര തുടങ്ങി.

ദേ ഇതൊക്കെയാണ് പാത്ര ചിത്രീകരണം :)അമ്മച്ചിയോട് യാത്രയും പറഞ്ഞിറങ്ങി മാരത്തഹള്ളിയില്‍ നിന്നും ഒരു ബസ്സില്‍ കയറി ജയദേവ സ്ടോപ്പില്‍ ഇറങ്ങി. എന്താണ് പ്രത്യേകതയെന്നറിയില്ല, വഴിയില്‍ കണ്ട എല്ലാ ഗ്രൂപ്പുകളും (പെണ്‍പിള്ളാരുടെ) കറുത്തവസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. പാര്‍ക്കിലേയ്ക്ക് ജയദേവയില്‍ നിന്നും ഏകദേശം 15 കി.മീ കൂടുതലുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാലക്കേടുള്ളവന്‍ മൊട്ടയടിച്ചാല്‍ കല്ലുമഴപെയ്യും എന്ന് പറഞ്ഞപോലെ അതുവരെ നല്ല തണുത്തകാലാവസ്ഥയായിരുന്നത് മാറി പൊരിവെയിലായി, ബസ് കാത്ത് ഏകദേശം അരമണിക്കൂര്‍ നില്‍ക്കേണ്ടി വന്നു. അവസാനം ഒരു ബസ്സ് വന്നതില്‍കയറി പാര്‍ക്കിലെത്തി. ടിക്കറ്റ് കൌണ്ടറിലെത്തി, അവിടൊരു ബോര്‍ഡില്‍ വിലനിലവാരപട്ടിക ഉണ്ടായിരുന്നു. സഫാരി ( അഡല്‍സ് - 160, ചില്‍ഡ്രന്‍ - 100), സൂ (അഡല്‍സ് - 40, ചില്‍ഡ്രന്‍ - 20). ഒറ്റയ്ക്കായത് കൊണ്ട് ലാഭമായി ഒരു സഫാരി ടിക്കറ്റുമെടുത്ത് വാതിലിനടുത്തേയ്ക്ക് ചെന്നപ്പോഴേ അവിടെ നില്‍ക്കുയാള്‍ ഓടി വരാന്‍ പറയുന്നുണ്ടായിരുന്നു, വണ്ടി പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയാണ് പോലും. ടിക്കറ്റ് വാങ്ങിനോക്കിയിട്ട് അയാള്‍ ചോദിച്ചു "ഒബ്രോയി", ഞാന്‍ പറഞ്ഞു "അല്ല രാകേഷ്"(കൌണ്ടറിലിരിക്കുന്നവന്‍ പേര് ചോദിക്കാതെ കണ്ണിക്കണ്ട പേര് ഇട്ടാണോ ടിക്കറ്റ് തന്നത്). ഉടനെ അങ്ങേര് ഇവനിതെവിടുന്നു വന്നെടാ എന്നൊരു ഭാവത്തോടെ ചോദിച്ചു "സിംഗിളാ", അല്ല മാരീഡ് എന്ന് പറയാനാ തോന്നിയതെങ്കിലും, പിന്നെ വല്ല അഡ്ജസ്റ്റ്മെന്റും ആയിരിക്കുമെന്ന് കരുതി "യെസ് യെസ്" എന്ന് പറഞ്ഞു. പുള്ളിക്കാരന്‍ എന്നെയും നയിച്ചുകൊണ്ട് ഒരു മിനിവാനിനടുത്തേയ്ക്ക് ചെന്നു. അകത്ത് ഒരു തൃശൂര്‍പൂരത്തിനുള്ള ആള്‍ക്കാരുണ്ട്, ഇവര്‍ക്കൊന്നും വീട്ടില്‍ വേറെ പണിയില്ലേ? എന്നെ ഏറ്റവും അവസാന വരിയില്‍ 2 തടിയന്മാരുടെ നടുക്കിരുത്തി ആ കാപാലികന്‍ പോയി. അണ്ണാ സിംഗിളാണോന്ന് ചോദിച്ച് ആശിപ്പിച്ചത് അവസാനം ബാക്കിയുണ്ടായിരുന്ന വേസ്റ്റ് സീറ്റില്‍ ഇരുത്താനായിരുന്നല്ലേ :(

വണ്ടി നീങ്ങിത്തുടങ്ങി, പോകുന്നവഴി ഇടയ്ക്കിടയ്ക്ക് കുരങ്ങന്മാരെയും ചെറിയ മാനുകളെയുമൊക്കെ കണ്ടുതുടങ്ങി. ഓരോ ഘട്ടം കഴിയുമ്പോഴും ഓരോ സഫാരി എന്ന് എഴുതി വച്ചിട്ടുണ്ട്. കരടി സഫാരി, കടുവ സഫാരി, സിംഹം സഫാരി എന്നിങ്ങനെ. പക്ഷെ ഈ ചേട്ടന്മാരുടെ ഇടയ്ക്കായതുകൊണ്ട് എനിക്കെല്ലാം സവാരിഗിരിഗിരി. കരടി സഫാരിയില്‍ കയറിയപ്പൊ ഒരുപറ്റം കരടികള്‍ ഭക്ഷണം കൊടുക്കുന്ന ഏരിയയില്‍ കിടന്ന് കറങ്ങുന്നത് കണ്ടു. കുറച്ചുനേരം അവിടെ നിര്‍ത്തിയിട്ട് വീണ്ടും വണ്ടി നീങ്ങിത്തുടങ്ങി. വണ്ടിയിലുണ്ടായിരുന്ന ഒരു സായിപ്പും മദാമ്മയും ഒരു രക്ഷയുമില്ലാതെ ഫോട്ടോയെടുക്കുന്നു, ആദ്യം കാണാനാന്ന് തോന്നുന്നു രണ്ടും കൂടി ഡ്രൈവറിന്റെയും മുന്നില്‍ പോയിരിക്കുന്നു. പെട്ടെന്ന് വണ്ടി ചവുട്ടി നിര്‍ത്തി, എന്താ കാര്യമെന്ന് അറിയാനായി എല്ലാരും പലവഴിയ്ക്ക് നോക്കി. എന്റെ അടുത്തിരിയ്ക്കുന്ന ചേട്ടന്‍ കന്നടയിലോ എന്തിലൊക്കെയോ കിടന്നു കാറുന്നു, നോക്കിയപ്പൊ ഒരു തടിയന്‍ കരടി കുണുങ്ങി കുണുങ്ങി വണ്ടിയുടെ സൈഡിലൂടെ നടക്കുവാണ്. കഷ്ടിച്ച് ഒരു വണ്ടി പോകുന്ന വഴിയിലാണ് അരിച്ചാക്ക് പോലുള്ള ഈ സാധനം നെഞ്ചും വിരിച്ച് നടക്കുന്നത്. ഇത്രേം കാട് ഫ്രീയായ്യി കിടന്നിട്ടും റോഡിലൂടെ മന്ദം മന്ദം നീങ്ങുന്ന ഇതിന്റെ ചേതോവികാരം എന്താണാവോ. ഇങ്ങനെയാണേല്‍ ഇനി കരടിയ്ക്ക് നടക്കാന്‍ ഫുട്പാത്ത് കെട്ടിക്കൊടുക്കേണ്ടി വരും. കുറച്ച് സമയമെടുത്താണെങ്കിലും ആശാന്‍ തിങ്ങി ഞെരുങ്ങി മറുവശത്തെത്തി, ഡ്രൈവര്‍ അതിനനുസരിച്ച് മുന്നോട്ടും പുറകോട്ടും വണ്ടി നീക്കി കൊടുക്കുകയും ചെയ്തു.

അടുത്തത് സിംഹസഫാരിയാണ്. മൂന്ന് നാല് സിംഹങ്ങളും സിംഹിണികളും ഭക്ഷണം കൊടുക്കുന്ന ആളിനൊപ്പം നടക്കുന്നു (അദ്ദേഹം കമ്പിവലയ്ക്കുള്ളിലാണ്, 2 വശത്തും സിംഹങ്ങള്‍). പിന്നെ കുറേ സിംഹകുട്ടികളും, അവര്‍ക്കൊന്നും ഞങ്ങളെ ഒരു താല്‍പര്യമില്ലാത്തത് പോലെ. കുറച്ചുനേരം നിര്‍ത്തിയിട്ടിരുന്ന വണ്ടി നീങ്ങിത്തുടങ്ങിയപ്പൊ 2 കുട്ടികള്‍ വണ്ടി കിടന്ന സ്ഥലത്തുവന്ന് നില്‍ക്കുന്നത് കണ്ടു, പിന്നെയും മുന്നോട്ട് വഴിയില്‍ നല്ലൊരു മാനിനെ കണ്ടു, ഫോട്ടൊയെടുക്കാന്‍ നോക്കിയപ്പൊ ഈ തടിമാടന്മാര് നേരാവണ്ണം ഇരിക്കുന്നില്ല, അവസാനം ഒരുത്തന്റെ തലയും മാനിന്റെ കൊമ്പും ചേര്‍ത്തെടുക്കേണ്ടിവന്നു.

അവസാനത്തെ സഫാരി കടുവ സഫാരിയാണെന്ന് വണ്ടിയിലെ "കിളി" വിളിച്ചുപറഞ്ഞു, ഇത് കേട്ടപ്പൊ ഞാന്‍ അക്രമം തുടങ്ങി, കടുവസഫാരിയ്ക്കുള്ളില്‍ കയറിയ ഉടനെ ഞാന്‍ ജനലിനടുത്തേയ്ക്ക് തള്ളുകയും മൊബൈല്‍ ഒരു വിടവിലൂടെ പുറത്തേയ്ക്ക് പിടിച്ച് ഫോട്ടോയെടുക്കാന്‍ തയ്യാറാവുകയും ചെയ്തു. എന്റെ ഈ സാഹസം കണ്ട് മനസ്സലിഞ്ഞ(സഹികെട്ടാവണം) ഒരു ചേട്ടന്‍ ഫോട്ടോ എടുക്കാനുള്ള സൌകര്യം ചെയ്തു തന്നു. അതെന്തായാലും മുതലാക്കി 3 വീഡിയോയും 5,6 ഫോട്ടോയുമൊക്കെ എടുത്തു. കൈയ്യൊക്കെ വെളിയിലിട്ട് തയ്യാറായി ഇരുന്നപ്പോ അതാ നാലഞ്ച് ഭീകരന്‍ കടുവകള്‍, 2 വെള്ളക്കടുവ 4 സാധാക്കടുവ. ഇവരൊക്കെ വളരെ സഹകരണ മനോഭാവമുള്ള ജീവികളായിരുന്നു. എല്ലാം കൂടി ഓടി വണ്ടിയുടെ അടുത്തെത്തി. ഒരു കടുവ വാനിന്റെ പുറകില്‍ മാന്താനും തുടങ്ങി. അതിനിടയില്‍ കുറച്ചുഫോട്ടൊയെടുക്കാന്‍ പറ്റി. കടുവകള്‍ അടുത്തുവന്നതുകൊണ്ടാകണം കുറേ നേരം അവിടെ വണ്ടി നിര്‍ത്തിയിട്ടിരുന്നു. അതു കഴിഞ്ഞ് വേഗം യാത്ര തുടങ്ങിയ സ്ഥലത്തേയ്ക്ക് തന്നെ ഞങ്ങളെ എത്തിച്ചു.ബാംഗളൂരില്‍ ഓര്‍മ്മിക്കാന്‍ ഒരു ദിവസം കൂടിയായി. ഈയൊരു പാര്‍ക്കിനെകുറിച്ച് അറിഞ്ഞില്ലായിരുന്നെങ്കില്‍ ഒരു ശനിയാഴ്ച കൂടി ഉറങ്ങിത്തീര്‍ത്തേനെ.

ഇതെല്ലാം ഒരുപോലെയിരിക്കുന്നല്ലോ  

എഴുതിയത് Unknown , ലേബലുകള്‍ : ,


കണ്ണ് അടിച്ച് പോയതാണോ ആവോ :)

ഗൂഗിള്‍ മെയില്‍ മള്‍ട്ടിപ്പിള്‍ അക്കൌണ്ട് | google mail multiple account  

എഴുതിയത് Unknown , ലേബലുകള്‍ : , , ,

എല്ലാവര്‍ക്കും പ്രയോജനപ്രദമായ (പ്രത്യേകിച്ച് ബൂലോകവാസികള്‍ക്ക്) ഒരു സംവിധാനം ഗൂഗിള്‍ മെയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരേ സമയം ഒന്നിലധികം ജിമെയില്‍ / ഗൂഗിള്‍ മെയില്‍ ഒരേ ബ്രൌസറില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതാണത് (മള്‍ട്ടിപ്പിള്‍ ജിമെയില്‍ )

കുറച്ച്കൂട്ടുകാര്‍ക്ക് വേണ്ടി എഴുതിയ കാര്യം ബൂലോകവാസികള്‍ക്കും പ്രയോജനപ്പെടുമല്ലോ എന്നുകരുതി ഇവിടെ പങ്കുവെയ്ക്കുകയാണ്. നാമെല്ലാം ചിലപ്പോള്‍ ബ്ളോഗ് എഴുതുവാന്‍ ഉപയോഗിക്കുന്ന മെയില്‍ ആയിരിക്കില്ല , സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അതുപോലെ ഓഫീസിലെ മെയില്‍ ഗൂഗിള്‍ ആപ്പ്സ് (Google Apps) ഉപയോഗിച്ചുള്ളതാണെങ്കില്‍ അതും ജിമെയില്‍ തുറന്നിരിക്കുന്ന ബ്രൌസറില്‍ ഒരേ സമയം തുറക്കുവാന്‍ ബുദ്ധിമുട്ടായേക്കാം. വളരെ എളുപ്പത്തില്‍ നമുക്ക് മള്‍ട്ടിപ്പിള്‍ അക്കൌണ്ട് ശരിയാക്കുവാനും , ഒരേ സമയം മേല്‍പ്പറഞ്ഞ മെയില്‍ അക്കൌണ്ടുകള്‍ ഒരേ ബ്രൌസറില്‍ തന്നെ ഉപയോഗിക്കാനും കഴിയും.
ഇത് ശരിയാക്കുന്നതിനായി താഴെ പറയുന്ന ക്രമത്തില്‍ ഓരോ മെയില്‍ അക്കൌണ്ടും ക്രമീകരിക്കുക.

1) മെയിലില്‍ ലോഗിന്‍ ചെയ്യുക.
2) google.com എടുക്കുക.
3) സെറ്റിങ്ങ്സ് ക്ളിക്കുക അതില്‍ ഗൂഗിള്‍ അക്കൌണ്ട് സെറ്റിങ്ങ്സ് സെലക്ട് ചെയ്യാം
4) Multiple sign-in എന്നൊരു ഓപ്ഷന്‍ കാണാം , അത് ഓഫ് ആയിട്ടുള്ളവര്‍ എഡിറ്റ് ക്ളിക്ക് ചെയ്ത് ഓണ്‍ ചെയ്യുക
( * ഓണ്‍ ചെയ്യാനായി, ചെക്ക് ബോക്സുകള്‍ ചെക്ക് ചെയ്യണം.
* ജിമെയില്‍ ഓഫ്ഫ്ലൈന്‍ എനേബിള്‍ ചെയ്തിട്ടുള്ളവര്‍ മള്‍ട്ടിപ്പിള്‍ അക്കൌണ്ട് ഓണ്‍ ചെയ്യരുത്. )
5) സൈന്‍ഔട്ട് ചെയ്യുക

ഇതേ ക്രമീകരണം ആവശ്യമുള്ള എല്ലാ അക്കൌണ്ടിലും ചെയ്യുക.

ഇനി എത്ര മെയില്‍ അക്കൌണ്ട് വേണമെങ്കിലും നിങ്ങള്‍ക്ക് ഒരേ ബ്രൌസറില്‍ ഓപ്പണ്‍ ചെയ്യാം


ശ്രദ്ധിക്കുക : ജിമെയില്‍ ഓഫ്ഫ്ലൈന്‍ എനേബിള്‍ ചെയ്തിട്ടുള്ളവര്‍ മള്‍ട്ടിപ്പിള്‍ അക്കൌണ്ട് ഓണ്‍ ചെയ്യരുത്.

ഗൂഗിളിന്റെ ടി വി | Google TV  

എഴുതിയത് Unknown

എന്നും വെബ് ഉലകത്തില്‍ പുത്തന്‍ ഓളങ്ങളുമായി എത്തിയിരുന്ന ഗൂഗിള്‍ ഇതാ വീണ്ടും നമ്മളെയെല്ലാം ഞെട്ടിച്ചുകൊണ്ട് പുതുപുത്തന്‍ പരീക്ഷണവുമായാണ് എത്തിയിരിക്കുന്നത്. ഇത്രയും നാളും കമ്പ്യൂട്ടറിനുള്ളില്‍ / മൊബൈലിനുള്ളില്‍ ഒതുങ്ങിയിരുന്ന ഗൂഗില്‍ ഇതാ ടെലിവിഷനുമായി എത്തിയിരിക്കുന്നു. ഗൂഗിള്‍ ടി വി (Google TV). ബസ്സ് എന്ന പേരില്‍ സോഫ്റ്റ്വെയര്‍ ആപ്പ്ലിക്കേഷന്‍ ഇറക്കിയത് കൊണ്ട് പലര്‍ക്കും ടി വിയും അതുപോലെയായിരിക്കും എന്ന് തോന്നാം , പക്ഷെ ഇത് ഒറിജിനള്‍ ടി വി തന്നെയാണ്. ഒന്നുകില്‍ ടി വി മൊത്തമായോ അല്ലെങ്കില്‍ സെറ്റ്അപ്പ് ബോക്സ് മാത്രമോ വാങ്ങാം. നമുക്ക് കാണേണ്ട പരിപാടികള്‍ സെര്‍ച്ച് ചെയ്ത് എടുക്കുന്നതിനുള്ള എളുപ്പവും , ഇന്റര്‍നെറ്റിന്റെ (ദു:)സ്വാതന്ത്രങ്ങളും ഗൂഗിള്‍ ടി വി വാഗ്ദാനം ചെയ്യുന്നു. ഈ വീഡിയോ കണ്ടുനോക്കൂ, ബാക്കി കാത്തിരുന്നു കാണാം. എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല :)


കൂടുതല്‍ വായനയ്ക്ക്
http://googleblog.blogspot.com/2010/05/announcing-google-tv-tv-meets-web-web.html

പ്രിയ കൂട്ടുകാരന് സ്നേഹപൂര്‍വ്വം  

എഴുതിയത് Unknown , ലേബലുകള്‍ : ,


ബൂലോകത്ത് ഞാന്‍ എത്തിച്ചേര്‍ന്നതിന് ശേഷം ഒരു തുടക്കക്കാരന്റെ ചമ്മലോടുകൂടി പോസ്റ്റിയതിന്റെയൊക്കെ കമന്റ്സ് പ്രതീക്ഷിച്ചിരിയ്ക്കുന്ന ഒരു ദിവസം എനിക്കായ് ഒരു ഫോണ്‍കോള്‍. "വേദ വ്യാസനല്ലേ, എന്നെ മനസ്സിലായോ". വേദ വ്യാസനെന്ന് വിളിച്ചത് കൊണ്ട് ബൂലോകത്തുള്ള ആരോ ആണെന്ന് മനസ്സിലായി. ചെറായി മീറ്റിന് പോകുന്നുണ്ടെന്ന് പറഞ്ഞ് ഹരീഷേട്ടന്റെ കല്യാണസൌഗന്ധികത്തില് കമന്റിയതില്‍ നിന്നാണ് ഫോണ്‍ നമ്പര്‍ കിട്ടിയെതെന്നും പുള്ളിക്കാരന്‍ പറഞ്ഞു. വളരെക്കുറച്ച് നാളുകള്‍ കൊണ്ട് തന്നെ ബൂലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച കൊട്ടോട്ടിക്കാരനാണ് ആ കൂട്ടുകാരന്‍.

തുടര്‍ന്നങ്ങോട്ട് പലരേയും പരിചയപ്പെട്ടുവെങ്കിലും ഇപ്പോഴും മുറിയാതെ ഒരു സൌഹൃദം കൊട്ടോട്ടിക്കാരനുമായി നിലനില്‍ക്കുന്നുണ്ട്. പറയാനുള്ള കാര്യം എന്തും വെട്ടിത്തുറന്ന് പറയുന്ന കൊട്ടോട്ടിയുമായി മിക്കവാറും എല്ലാവരും സൌഹൃദത്തിലാണെന്നാണ് എന്റെ വിശ്വാസം. എന്തായാലും വളരെ അടുത്ത് അദ്ദേഹത്തിന്റെ ഉള്ളിലുള്ള ഒരു കലാകാരനെ മനസ്സിലാക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു. വളരെ അനുഗ്രഹീതനായ ഒരു കലാകാരനായിരുന്നിട്ടും ഒരുപാട് ഫോണ്‍കോളുകള്‍ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ഞാന്‍ കൊട്ടോട്ടിയുടെ ഈ കഴിവിനെക്കുറിച്ചറിഞ്ഞിരുന്നില്ല.

അതിന്റെ വാശിയാണെന്ന് കൂട്ടിക്കോളൂ, എനിയ്ക്ക് കേള്‍ക്കാനാണെന്ന് പറഞ്ഞ് വളരെ നിര്‍ബന്ധിച്ച് മെയില്‍ വഴികിട്ടിയ 3 പാട്ടുകള്‍ നിങ്ങളുമായി പങ്കുവെയ്ക്കുവാണ്. കുറേ പോരായ്മകളുണ്ടെന്ന് പറഞ്ഞ് ആശാന്‍ ഒരുപാട് ഒഴിയാന്‍ ശ്രമിച്ചു. ഒരു ഗുരുമുഖത്ത് നിന്നും പഠിക്കാതെ തന്നെ ഇത്രയും നന്നായി ഓടക്കുഴല്‍ അവതരിപ്പിയ്ക്കുന്ന ആ കുറവ് ഞങ്ങളങ്ങ് ക്ഷമിച്ച് എന്ന് കേള്‍ക്കുന്ന എല്ലാവരും പറയും.

ബൂലോകത്ത് ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന കൂട്ടുകാരന് ആശംസകളോടെ ...

ലിങ്കില്‍ ഞെക്കിയാല്‍ ഓടക്കുഴല്‍ പാട്ട് കേള്‍ക്കാം
ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടി തിരുവനന്തപുരം | google mapping party trivandrum  

എഴുതിയത് Unknown , ലേബലുകള്‍ : , , , ,


ഇന്റര്‍നെറ്റ് ലോകത്തെ ഭീമനായ ഗൂഗിള്‍ സംഘടിപ്പിയ്ക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുക എന്നുള്ളത്, കമ്പൂട്ടര്‍ ഉപയോഗിക്കുന്ന ഏതൊരാളിന്റെയും സ്വപ്നമാണ്. ഗൂഗിളിന്റെ ഫ്രീ സര്‍വീസായ ബ്ലോഗര്‍ ഉപയോഗിക്കുന്ന നമ്മുടെ കാര്യം പിന്നെ പറയുകയും വേണ്ട. ഏകദേശം 1 മാസം മുന്‍പ് തന്നെ ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടിയെ പറ്റി, കേരള മാപ്പിംഗ് രംഗത്തെ പ്രമുഖ സ്ഥാനീയനായ ശ്രീ CNR നായര്‍ വഴി അറിഞ്ഞു. അന്നു തന്നെ മാപ്പിംഗ് പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ കയറി രെജിസ്റ്റര്‍ ചെയ്യുകയും , ബ്ലോഗില്‍ ഒരു പോസ്ട് ഇടുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ മാപ്പിംഗ് പാര്‍ട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങി. മാപ്പിംഗ് വളരെ ഗൌരവമായി കാണേണ്ട ഒരു പ്രശ്നമാണെന്നും , മാപ്പിംഗ് ചെയ്യുന്നവര്‍ തീവ്രവാദികള്‍ക്ക് കേരളത്തെ ആക്രമിക്കാന്‍ എളുപ്പവഴിയൊരുക്കുന്നു എന്ന രീതിയിലായി വാര്‍ത്തകള്‍.
ഓരോ ദിവസവും പത്രം കാണുമ്പോള്‍ ചിരിവരുന്ന രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക്, എന്താണ് മാപ്പിംഗ് എന്നോ, മാപ്പിംഗ് വഴി എന്തെല്ലാം നേട്ടങ്ങള്‍ / കോട്ടങ്ങള്‍ ഉണ്ടാകും എന്നോ അന്വേഷിയ്ക്കാതെ കാക്കക്കൂട്ടില്‍ കല്ലിട്ട അനുഭവമായിരുന്ന് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.ഇന്റലിജന്‍സ്‌ അഡീഷണല്‍ ഡി.ജി.പി ഡോ.സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെ മാപ്പിംഗ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ലൊക്കേഷന്‍ സര്‍വേയ്ക്ക് ഇപ്പൊഴും ഗൂഗിള്‍ മാപ്പിനെ ആശ്രയിയ്ക്കുന്ന ഭൂമികേരളം പദ്ധതിയുടെ ഉദ്യോഗസ്ഥരെ വിലക്കിയത് ആ പ്രൊജെക്ടിന്റെ വേഗതയെ ബാധിക്കും എന്ന അഭിപ്രായമാണ് എനിയ്ക്കുള്ളത്.
''മാതൃഭൂമിയില്‍ ജനവരി 13ന്‌ വന്ന വാര്‍ത്തയെത്തുടര്‍ന്നാണ്‌ ഞങ്ങള്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടിയെക്കുറിച്ച്‌ അറിഞ്ഞത്‌. ഇപ്പോള്‍തന്നെ ലൊക്കേഷന്‍ സര്‍വേ നടത്താന്‍ ഗൂഗിള്‍ എര്‍ത്ത്‌ ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ മാപ്പിങ്‌ പാര്‍ട്ടിയില്‍ നിന്ന്‌ ലഭിക്കുന്ന പുതിയ അറിവ്‌ ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കും ''- ഭൂമികേരളം പദ്ധതിയുടെ പ്രോജക്ട്‌ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറയുന്നു. സര്‍ക്കാരിന്റെ സര്‍വേ രേഖകളൊന്നും മാപ്പിങ്‌ പാര്‍ട്ടിയില്‍ നല്‍കില്ലെന്നും മറിച്ച്‌ ഓണ്‍ ലൈന്‍ ഭൂപടം തയ്യാറാക്കുന്നതില്‍ ഗൂഗിളിനുള്ള അന്താരാഷ്ട്ര വൈദഗ്‌ധ്യം ഭൂമികേരളം പദ്ധതിയ്‌ക്ക്‌ സഹായകമാവുമെന്നതിനാലാണ്‌ തങ്ങള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്നും ബിജു പ്രഭാകര്‍ പറയുന്നു. ഗൂഗിള്‍ മാപ്പിങ്ങിന്റെ സൗകര്യം ഉപയോഗിക്കാനായാല്‍ നിലവില്‍ ജനങ്ങളുടെ കൈയിലുള്ള സര്‍വേ സ്‌കെച്ചുകള്‍ ഗൂഗിള്‍ എര്‍ത്ത്‌ നല്‍കുന്ന സാറ്റലൈറ്റ്‌ ഭൂപടവുമായി ഒത്തുനോക്കാന്‍ കഴിയുമെന്നും ഇത്‌ സര്‍വേ നടപടികളെ കൂടുതല്‍ സുതാര്യമാക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.
എന്തുതന്നെ ആയാലും വളരെ ഗംഭീരമായി പറഞ്ഞ ദിവസം തന്നെ മാപ്പിംഗ് പാര്‍ട്ടി നടന്നു. ജോലി സംബന്ധമായ തിരക്കുകാരണം കുറച്ച് വൈകിയാണ് ഞാന്‍ എന്റെ കൂട്ടുകാരനോടൊപ്പം റെസിഡന്‍സി ടവറില്‍ എത്തിയത്. രണ്ടാമത്തെ നിലയിലാണ് ഗൂഗ്ലി പാര്‍ട്ടി എന്ന് അവിടുത്തെ സെക്യൂരിറ്റി ചേട്ടന്‍ പറഞ്ഞതിനെ ഗൂഗിള്‍ എന്ന് തിരുത്തി,ഞങ്ങള്‍ ഓടിചെന്നപ്പോള്‍ ഗൂഗിളിന്റെ പ്രതിനിധി ശ്രീ അജിത്കുമാറിന്റെ സെഷന്‍ കഴിഞ്ഞിരുന്നു.:(. കൂട്ടുകാരോട് അദ്ദേഹത്തിന്റെ സെഷനെ കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കി. അദ്ദേഹം എന്താണ് ഗൂഗിള്‍മാപ്പ് എന്നും മാപ്പിങ്ങ് നമുക്ക് എങ്ങനെയെല്ലാം പ്രയോജനപ്പെടും എന്നെല്ലാം വളരെ വിശദമായി വിവരിച്ചു. കൂടാതെ നമ്മുടെ ഹൈദരാബാദ് പോലീസ് വളരെ പ്രായോഗികമായി ഗൂഗിള്‍മാപ്പിംഗ് ഉപയോഗിക്കുന്നതിന്റെ ലൈവ് ഉദാഹരണസഹിതം നമ്മുടെ സര്‍ക്കാരിന്റെയും / പോലീസിന്റെയും പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ ചുട്ടമറുപടി നല്‍കി എന്നുവേണം പറയാന്‍.പങ്കെടുത്തവരുടെ വളരെയധികം സംശയങ്ങള്‍ക്കും അജിത്കുമാര്‍ മറുപടി നല്‍കി. ഞങ്ങള്‍ എത്തിയപ്പോള്‍ മാപ്പിംഗ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരേക്കാള്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞു. ശ്രീ സതീഷ് ബാബു, മാധ്യമപ്രവര്‍ത്തകരുടെ കുഴപ്പം പിടിച്ച ചോദ്യങ്ങള്‍ക്ക് വളരെ വ്യക്തമായി മറുപടി കൊടുക്കുന്നത് കാണാന്‍ കഴിഞ്ഞു. തീവ്രവാദികള്‍ക്ക് സഹായകരമായ കാര്യമല്ലേ ഇപ്പോല്‍ നടക്കാന്‍ പോകുന്നത് എന്ന ചോദ്യത്തിന് "ഗവണ്‍മെന്റിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരായുള്ള ഒരു പ്രവര്‍ത്തനമല്ല ഇതെന്നും , ആവശ്യപ്പെട്ടാല്‍ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ മാപ്പില്‍ മറയ്ക്കുന്നതിനുള്ള സംവിധാനം ഗൂഗിളിന് ചെയ്യുവാന്‍ കഴിയും" എന്നും അദ്ദേഹം മറുപടി നല്‍കി.
ചെറിയൊരു ചായ സല്‍ക്കാരത്തിന് ശേഷം ശ്രീ CNR നായര്‍ മാപ്പിംഗിന്റെ പ്രാഥമികതലത്തിലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങി. എന്നെപ്പോലെ ആദ്യമായി ഗൂഗിള്‍ മാപ്പ്മേക്കര്‍ ഉപയോഗിക്കുന്ന ആളിനെ ഒരു മാപ്പിംഗ് വിദഗ്ദ്ധനാക്കുവാന്‍ സഹായിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സെഷന്‍. ഇടയ്ക്ക് മറ്റുള്ളവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കിയും , പ്രസന്റേഷനുകള്‍ കാണിച്ചും അദ്ദേഹം തന്റെ സെഷനെ കൂടുതല്‍ മികവുള്ളതാക്കി.
ഇതിനിടയ്ക്ക് ഫോണ്‍ ചെയ്യാന്‍ ഹാളിന് വെളിയിലിറങ്ങിയ കെന്നി ജേക്കബിനെ പോലീസ്(മഫ്ടിയിലെത്തിയ 2 ക്രൈം ബ്രാഞ്ച് കോണ്‍സ്റ്റബിള്‍സ്) പൊക്കി :p. ഞങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ല എന്ന മുഖവുരയോടെയാണ് അവര്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്ന് കെന്നി പറഞ്ഞു. പ്രധാനമായും ഞങ്ങള്‍ എന്താണ് അവിടെ ചെയ്യുന്നതെന്നും , സെന്‍ട്രല്‍ ജെയില്‍ മാപ്പ് ചെയ്യാന്‍ പറ്റുമോ എന്നെല്ലാം അവര്‍ ചോദിച്ചു. അവസാനം കെന്നിയുടെ അഡ്രസ്സും വാങ്ങി, "യേമ്മാന്‍ വിളിപ്പിച്ചാല്‍ ഈ പറഞ്ഞതൊക്കെ അവിടെയും വന്നൊന്ന് പറഞ്ഞേക്കണേ" എന്നും പറഞ്ഞ് അവര്‍ സ്ഥലം കാലിയാക്കി.
വളരെപെട്ടെന്ന് തന്നെ ഞങ്ങളെല്ലാം (ആക്രാന്തത്തോടെ)കാത്തിരുന്ന ആ ശുഭമുഹൂര്‍ത്തം വന്നണഞ്ഞു, ആഹാരസമയം. വളരെ വിഭവസമൃദ്ധമായ ആഹാരം കഴിഞ്ഞപ്പോള്‍ വീണ്ടും സെഷന്‍ തുടങ്ങി. ഇത്തവണ സംസാരമായാല്‍ എല്ലാവരും ഉറങ്ങും എന്ന് കരുതിയാകണം, പ്രാക്ടികല്‍സ് ആയിരുന്നു.രാവിലെത്തെ സെഷനില്‍ മനസ്സിലാക്കിയ കാര്യങ്ങളെല്ലാം സ്വന്തം ലാപ്പ്ടോപ്പില്‍ ചെയ്തുനോക്കാനും അതുവഴിയുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കാനും സാധിച്ചു. ശ്രീ അമര്‍നാഥ് രാജ, ശ്രീ സതീഷ്ബാബു എന്നിവരും ശ്രീ CNR നായര്‍ക്കൊപ്പം എല്ലാവരുടെയും സംശയങ്ങള്‍ ധൂരീകരിച്ചുകൊണ്ടിരുന്നു.
പ്രാക്ടികല്‍ സെഷന്‍ കഴിഞ്ഞപ്പോള്‍ തന്നെ പാനല്‍ ഡിസ്കഷന്‍ തുടങ്ങി. ശ്രീ അമര്‍നാഥ് രാജ മോഡറേറ്റര്‍ ആയിരുന്ന പാനലില്‍ ശ്രീ സതീഷ് ബാബു, ശ്രീ M G രാധാകൃഷ്ണന്‍(ഇന്ത്യ ടുഡേ), ശ്രീ റോയി മാത്യു(ദി ഹിന്ദു), ശ്രീ അന്‍വര്‍ സാദത്ത്(ഐടി@സ്കൂള്‍) എന്നിവര്‍ അംഗങ്ങളായിരുന്നു. കമ്മ്യൂണിറ്റി മാപ്പിംഗ് എന്താണെന്നും അതുവഴി സമൂഹത്തിനുണ്ടാകുന്ന പ്രയോജനങ്ങളെ പറ്റിയും , ഗൂഗിളിനെ ആശ്രയിച്ചല്ല കമ്മ്യൂണിറ്റി മാപ്പിംഗ് നടക്കുന്നതെന്നും , പക്ഷെ ഇന്നുള്ളതില്‍ ഏറ്റവും വലുതും , കൂടുതല്‍ വസ്തുനിഷ്ടവുമായ മാപ്പ് ഗൂഗിള്‍ വഴിയാണ് ലഭിയ്ക്കുന്നതെന്നും പാനല്‍ ചര്‍ച്ച ചെയ്തു. ഒരു പത്രത്തില്‍ വന്ന "ഇനിയിപ്പോള്‍ പബ്ലിക് ടാപ്പുകളും നിരോധിയ്ക്കണം, അല്ലേല്‍ തീവ്രവാദികള്‍ വന്ന് വെള്ളം കുടിച്ചാലോ" എന്ന പരാമര്‍ശ്ശം സദസ്സിനെ ചിരിപ്പിച്ചു. ഭൂ മാഫിയ, ദളിത് ഭൂമി തുടങ്ങിയ പ്രശ്നങ്ങളില്‍ കമ്മ്യൂണിറ്റി മാപ്പിംഗ് വളരെ സഹായകരമാണ് കൂടാതെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും, അടിയന്തിരമായുള്ള ദുരിതനിവാരണ പ്രവര്‍ത്തനങ്ങല്‍ക്കും മാപ്പിംഗ് പ്രയോജനപ്പെടുത്താം എന്നും പാനല്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ചചെയ്തത് കാരണം മാപ്പിംഗ് പാര്‍ട്ടിയ്ക്ക് കാര്യമായ പബ്ലിസിറ്റി ലഭിച്ചു എന്നും ഗവണ്‍മെന്റിന്റെയും പോലീസിന്റെയും ആശങ്ക അകറ്റുവാന്‍ നാമെല്ലാം ബാധ്യസ്ഥരാണെന്നും പാനല്‍ അറിയിച്ചു.

മാപ്പിംഗ് വിദഗ്ദ്ധരും അല്ലാത്തവരുമടങ്ങിയ ആള്‍ക്കാര്‍ പങ്കെടുത്ത് വളരെ നല്ല രീതിയില്‍ നടന്ന ഒരു മാപ്പിംഗ് പാര്‍ട്ടി വഴിപാടായി എന്ന് ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്ത മനോരമയോട് നമ്മുടെ മുഖ്യമന്ത്രിയുടെ ഭാഷയില്‍ ശുദ്ധ പോഴത്തരമാണീ വാര്‍ത്ത എന്നുപറയുകയേ നിവൃത്തിയുള്ളു.

മുകളില്‍ പറഞ്ഞ പല കാര്യങ്ങളും ഈ ലിങ്കുകളിലൂടെ മനസ്സിലാക്കാം

മാപ്പിംഗ് പാര്‍ട്ടിയുടെ ചിത്രങ്ങള്‍ക്കായി ഈ ലിങ്ക് വഴി പോകുക.
************************************************************************************************************************
വാല്‍ക്കഷ്ണം : കമ്പ്യൂട്ടറിനെ പണ്ട് എതിര്‍ത്തിരുന്നത് കുറച്ചുകൂടി ശക്തമാക്കിയിരുന്നേല്‍ ഇന്ന് ഈ മാപ്പിംഗ് പാര്‍ട്ടിയോ , ഗൂഗിളോ ആരേലും നമ്മുടെ കേരളത്തില്‍ വന്ന് തലപൊക്കുമായിരുന്നോ :)

ഗൂഗിളിന്റെ ഓളം | Google Wave  

എഴുതിയത് Unknown , ലേബലുകള്‍ : , , ,


ഒരു ദിവസം രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ പ്രോജക്റ്റ് മാനേജരുടെ മെയില്‍ കിട്ടി. ഗൂഗിള്‍ വേവ് വലിയ സംഭവമാണെന്നും അത് എന്താണെന്ന് എല്ലാവരും നോക്കൂ, എങ്ങനെയുണ്ടെന്ന് നോക്കൂ എന്നെല്ലാമായിരുന്നു മെയിലിന്റെ ഉള്ളടക്കം. ശരി വേവ് എങ്കില്‍ വേവ് അതല്ല ഓളമെങ്കില്‍ ഓളം, 2 ദിവസം പണിയില്ലാതെ ഇരിക്കുന്നതിന്റെ ക്ഷീണം തീര്‍ത്തുകളയാം. ഗൂഗിളമ്മച്ചിയോട് ചോദിച്ച് ഒരുവിധം കാര്യങ്ങളൊക്കെ മനസ്സിലാക്കി. അപ്പൊ തന്നെ കയറി ഗൂഗിള്‍ വേവ് ആദ്യം എനിക്കു തന്നെ തരണേ എന്റെ പൊന്നുഗൂഗിളമ്മച്ചീ എന്നെഴുതി ഒരു ആപ്പ്ലിക്കേഷന്‍ കൊടുത്തു. പിന്നെ എന്താ
എന്ന് വരും നീ എന്നു വരും നീ എന്റെ ബ്രൌസറില്‍ വെറുതേ ... എന്റെ ബ്രൌസറില്‍ നീ വെറുതേ.......... പാട്ടും പാടി കാത്തിരിപ്പോട് കാത്തിരിപ്പ്.

അതിനിടയ്ക്ക് ചില അവന്‍മാരും അവളുമാരും ട്വിറ്ററില്‍ അപ്ഡേറ്റ് ഇടുന്നു, "എനിക്കു ഇന്ന് ഓളം കിട്ടും ഇന്നലെ കിട്ടാനിരുന്നതാ , പക്ഷെ ഞാന്‍ 2 ദിവസം കഴിഞ്ഞ് മതിയെന്നു പറഞ്ഞു...".... പിന്നെ വേറെ ഒരു ന്യൂസും കൂടി കേട്ടപ്പോ ത്രിപ്പതി ആയണ്ണാ ത്രിപ്പതി ആയി, ന്യൂസ് എന്താണെന്ന് വച്ചാല്‍ , ഗൂഗിള്‍ വേവ് ഒരു വന്‍ സംഭവമാണ്. അതുകൊണ്ടുതന്നെ എന്നെ പോലുള്ള ആപ്പ ഊപ്പകല്‍ക്കൊന്നും അത് വെറുതെ കൊടുക്കുന്നില്ല എന്ന് അമ്മച്ചി തീരുമാനിച്ചു. സമാധാനം ആയി, ഇനിയിപ്പൊ നമ്മുടെ കൂട്ടത്തിലാര്‍ക്കും കിട്ടുമെന്ന് തോന്നുന്നില്ല. അങ്ങനെ ആര്‍ക്കും കിട്ടത്തില്ല എന്നൊക്കെ കരുതി സമാധാന്‍ ആയിരുന്നപ്പോള്‍ അതാ ഒരു കൂട്ടുകാരന്‍ രാവിലെ വന്ന് മൊട "എടാ ഈ ബിരിയാണി തിന്നാല്‍ പല്ലിന്റെ ഇടയില്‍ കയറുമോ ??" എന്ന പോലെ ഈ ഗൂഗിള്‍ വേവ് യൂസ് ചെയ്താല്‍ സിസ്ടം സ്ലോ ആകുമോ എന്നൊക്കെ ചോദിക്കുന്നു. ദൈവമേ ഇവനും ഗൂഗില്‍ വേവ് കിട്ടിയാ... അറിയാതെ മനസ്സില്‍ പറഞ്ഞുപോയെങ്കിലും പുറത്ത് കാണിച്ചില്ല... അറിയില്ലെടാ ഗൂഗില്‍ വേവ് കൊള്ളത്തില്ലാ എന്നാരോ പറയുന്നത് കേട്ടു. (കിട്ടാത്ത മുന്തിരി ഭയങ്കര പുളിപ്പാ അല്ലേ :) )
അവസാനം ആരോ പറയുന്നത് കേട്ടു, ഗൂഗിളില്‍ ജോലി ചെയ്യുന്ന ആള്‍ക്കാരെ പരിചയമുണ്ടെങ്കില്‍ വേവ് ഇന്‍വിറ്റെഷന്‍ കിട്ടും .... അങ്ങനെ പഴയ കമ്പനിയില്‍ കൂടെ ജോലിചെയ്തിരുന്ന ഒരു കൂട്ടുകാരിയെ ഫോണ്‍ ചെയ്ത് അവള്‍ക്ക് ഇന്‍വൈറ്റ് ഓപ്ഷന്‍ കിട്ടിയാല്‍ ആദ്യം എന്നെ ഇന്‍വൈറ്റ് ചെയ്യാം എന്ന് സത്യം ചെയ്യിപ്പിച്ചു. അടുത്ത ദിവസം തന്നെ അവള്‍ വിളിച്ചു, ഇന്‍വൈറ്റ് ചെയ്തു എന്നറിയിച്ചു. പിന്നെ വീണ്ടും കാത്തിരിപ്പ് ........

2 ദിവസം കഴിഞ്ഞപ്പോള്‍ വേദ വ്യാസനും ഓളമായി, വേവ് കിട്ടി :) :) ആഹ്ലാദിപ്പിന്‍ അര്‍മാദിപ്പിന്‍ ..

പക്ഷെ ആദ്യത്തെ ദിവസം തന്നെ മനസ്സിലായി, ഇതൊരു വഴിയ്ക്ക് പോകില്ല... എന്തുവാടെ ഒന്നും മനസ്സിലാകണില്ലല്ല... ഇതാണോ ഭീകരനായ ഗൂഗിള്‍ വേവ്....


ആ ഇപ്പൊ എന്ത് പറയാന്‍ മല പോലെ വന്നത് എലി പോലെ പൊയി എന്ന് പറഞ്ഞാ മതിയല്ലൊ ? ഇപ്പൊ കുറെ നാളായി വേവ് എടുത്ത് നോക്കിയിട്ടുതന്നെ. വീണ്ടും ഒരുപാട് ഇനവൈറ്റുകള്‍ അനാഥമായി കിടക്കുന്നുണ്ട്. ഇനി ആരെങ്കിലും ഗൂഗിള്‍ വേവ് കണ്ടിട്ടില്ല എന്നുണ്ടെങ്കില്‍ മെയില്‍ ഐഡി കമന്റായി തന്നാല്‍ ഞാന്‍ ഇന്‍വൈറ്റ് ചെയ്യാം.

കൊച്ചിന്‍ ഹനീഫയുടെ മരണം !!!  

എഴുതിയത് Unknown , ലേബലുകള്‍ : , ,

പത്രം / മീഡിയ = ആര്‍ക്കും എന്തും എപ്പോഴായാലും വിളിച്ചു പറയാനുള്ളയിടം ?????

ശ്രീ ജ്യോതിബസു ഗുരുതരാവസ്ഥയില്‍ ആയിരുന്നപ്പോഴുള്ള ബഹളം ആരും മറന്നിരിക്കാന്‍ ഇടയില്ല. അദ്ദേഹത്തെ പലവട്ടം കൊല്ലുന്ന വാര്‍ത്തകള്‍ നമ്മള്‍ കണ്ടതാണ്.  ഒരിയ്ക്കല്‍ സംഭവിച്ച പിഴവ്, വീണ്ടും ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിയ്ക്കേണ്ടേ ??? ഹോട്ട് ഡോഗിനെ പട്ടിയാക്കിയത് പോലുള്ള തമാശകള്‍ നമ്മള്‍ ആസ്വദിച്ച് ചിരിച്ച് തള്ളിയതാണ്. പക്ഷെ ഒരു വ്യക്തി അന്തരിച്ചു എന്ന വാര്‍ത്ത കൊടുക്കുമ്പോള്‍ അത് ഉറപ്പുവരുത്തിയിട്ടാകണം എന്നത് നിര്‍ബന്ധമല്ലേ ?? അതോ മറ്റുള്ളവരെക്കാള്‍ മുന്‍പേ വാര്‍ത്ത എത്തിയ്ക്കാനുള്ള വ്യഗ്രതയില്‍ യാതൊന്നും ഒരു പ്രശ്നമേ അല്ലേ???

ഇതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകള്‍


അവസാനം മാതൃഭൂമി ഖേദം രേഖപ്പെടുത്തി,


പക്ഷെ മനോരമയോ ??? പാവം ആരോ ആണ് ഹനീഫ അന്തരിച്ചുവെന്ന് പ്രചരിപ്പിച്ചതത്രേ !!!!!!!!

മലയാളം ടി വി ചാനലുകള്‍ അദ്ദേഹത്തിന്റെ ജീവിതചരിത്രവും, അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മറ്റുള്ള നടന്മാരുമായി പങ്കുവെയ്ക്കുകയും ചെയ്തത്രെ ? കഷ്ടം എന്നല്ലാതെ എന്തു പറയാന്‍...

ലീഡര്‍ കരുണാകരന്‍,നടന്‍ തിലകന്‍ എന്നിവര്‍ അന്തരിച്ചു എന്ന വാര്‍ത്തയും നമ്മള്‍ കണ്ടു, രണ്ടാളും സസുഖം ജീവിക്കുന്നു ഇപ്പോഴും.

ഈ വാര്‍ത്താമധ്യമങ്ങളില്‍ തന്നെ അദ്ദേഹം വന്നിരുന്ന് ഇനിയും ഒരു പാട് ലൈവ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.

ഞാനും കണ്ടേ !!!!!!!!!  

എഴുതിയത് Unknown , ലേബലുകള്‍ : , ,

ഇന്നലെ രാത്രി ഓഫീസില്‍ ആയിരുന്നു, മുടിഞ്ഞ പണി , രാവിലെ 6 മണിയായപ്പൊ സെക്ക്യൂരിറ്റി ചേട്ടനോട് ബൈയ്യും പറഞ്ഞ് ഇറങ്ങി. വീട്ടിലെത്തിയപ്പൊ 7 മണിയായി. ഇനിയിപ്പൊ ഒന്നുറങ്ങിയിട്ട് ഉച്ചയ്ക്ക് വീണ്ടും ഓഫീസിലേയ്ക്ക് പോകാം. പല്ല് തേച്ച് വന്നാല്‍ ചായ തരാമെന്ന് പറഞ്ഞ അമ്മയെ പാടെ അവഗണിച്ച് കട്ടിലിലേയ്ക്ക് ചാടി(നമ്മക്കറിഞ്ഞൂടെ പല്ലുതേച്ചാല്‍ മുഖത്ത് വെള്ളം വീഴുമെന്ന്, അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ഞാനിപ്പോ പോകുമെന്നു പറഞ്ഞ് നില്‍ക്കുന്ന ഉറക്കം പമ്പ കടക്കും ) എന്തായാലും ദൈവം അനുഗ്രഹിച്ച് തന്നേയ്ക്കുന്ന ഒരു പ്രത്യേകത ഉണ്ട്, എത്ര നേരം വേണമെകിലും ഉറങ്ങാതെ ഇരിക്കാം പക്ഷെ ഉറങ്ങിക്കഴിഞ്ഞാലോ ?? ആന ചവുട്ടിയാലും അറിയില്ല :)

കിടന്നു എന്ന ഓര്‍മ്മകൂടി ബാക്കി വയ്ക്കാതെ ഞാന്‍ നിദ്രതന്‍ ആഴങ്ങളിലേയ്ക്ക് ഊളിയിടുകയായിരുന്നെന്നു തോന്നുന്നു, ആവോ ആര്‍ക്കറിയാം, എന്തായാലും ഈ സ്വപ്നം കൂടി കാണാന്‍ പറ്റാത്ത ഉറക്കം പരമ ബോറ് തന്നെ. ഉറക്കം ഒരു കരപറ്റി വരുകയായിരുന്നു, അപ്പോഴതാ ചീവിട് കരയുമ്പോലെ ഒരു ശബ്ദം "ചേട്ടാ ചേട്ടാ" ഞെട്ടിയുണര്‍ന്ന് നോക്കുമ്പോ നമ്മുടെ ബാലു, കൊച്ഛച്ഛന്റെ മോനാ, സ്കൂളീല്‍ പോയിത്തുടങ്ങി പക്ഷേ കയ്യിലിരുപ്പുകാരണം മിക്കവാറും ലീവിലായിരിക്കും റിട്ടര്‍ഡ് ഹര്‍ട്ട് (വല്ല മരത്തിലോ, മതിലിലോ അള്ളിപ്പിടിച്ച് കയറി, കൈയ്യിലേയും കാലിലേയും പെയിന്റുമിളക്കി വരും ).

രാവിലെ ചെറുക്കന്‍ ഉറങ്ങാനും സമ്മതിക്കില്ല, എഴുന്നെറ്റുവന്നതും അവന്റെ അടുത്ത ഡയലോഗ് "ഞാന്‍ കണ്ട്". ദൈവമേ !!! അപ്പോഴുണ്ടായിരുന്ന മാത്രമല്ല ഒരു കൊല്ലത്തേയ്ക്കുള്ള ഉറക്കക്ഷീണം പോയിക്കിട്ടി, കൈയ്യില്‍ കിട്ടിയ പുതപ്പും ചുറ്റിപ്പിടിച്ചോണ്ട്, സംഗതി ഒരു മില്‍ക്കീബാറില്‍ നിക്കത്തില്ലല്ലോന്ന് ആലോചിക്കുമ്പോഴാ അടുത്ത ഡയലോഗ് "ഇത് കാണാന്‍ വേണ്ടിയാ അമ്മ ഇന്ന് സ്കൂളില്‍ പോണ്ടാന്ന് പറഞ്ഞത്". പെട്ടന്നാണ് സ്ഥലകാലബോധം വന്നത്. വീട്ടിനുവെളിയില്‍ വളരെ ഒച്ചയും ബഹളവും, കൂടാതെ അമ്മ എന്നെ വിളിയ്ക്കുന്നുമുണ്ട്.
ചാടിയിറങ്ങി ലുങ്കിയും ചുറ്റി ചെന്നപ്പോഴാണ് ചെറുക്കന്‍ കണ്ടത് "ഗ്രഹണം" ആണെന്ന് മനസ്സിലായത്.
അമ്മ വെല്‍ഡിംഗ് ഗ്ലാസ്സൊക്കെപ്പിടിച്ച് വാനനിരീക്ഷ്ണം നടത്തുന്നു. ബാലുവിന് എന്റെ ഏറ്റവും ഇളയ സഹോദരന്റെ വക ഒരു സമ്മാനം, എക്സ് റേ ഫിലിം ഒട്ടിച്ച് കണ്ണട :-). അച്ഛന്‍ അതും പിടിച്ച് വാങ്ങിയിട്ടാണ് ബാലുവിനെ, എന്നെ വിളിക്കാന്‍ പറഞ്ഞ് വിട്ടത്. വലയഗ്രഹണം തുടങ്ങിയപ്പോഴേ എന്നെ വിളിക്കാന്‍ തുടങ്ങിയതാ, പക്ഷെ ഞാന്‍ എണീറ്റ് വന്നപ്പോഴേക്കും ചന്ദ്രനും സൂര്യനുമൊക്കെ അവരുടെ വഴിയ്ക്ക് പോകാന്‍ തുടങ്ങിയിരുന്നു. പിന്നെ ചെറുക്കന്‍ എണീറ്റുവന്നതല്ലേന്ന് കരുതിയായിരുക്കും ഒരല്പം... ഇത്തിരിപ്പൂരം സംഗതി എനിക്കും കാണിച്ചുതന്നു.
ഗ്രഹണത്തോടനുബന്ധിച്ച് ഏറ്റവും വലിയ പറ്റു പറ്റിയത് തൊട്ടടുത്ത വീട്ടിലെ അനി മാമനാണ്. പുള്ളിക്കാരന്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ഉച്ചയ്ക്ക് കഴിക്കാന്‍ വന്ന വഴി, ഗ്രഹണമല്ലേ, 2,3 ആള്‍ക്കാര്‍ക്ക് സൂര്യനെകാണിച്ച് കൊടുക്കമെന്ന് കരുതി, വെല്‍ഡിംഗ് ഗ്ലാസ്സുമെടുത്ത് വന്നു. ആ ഗ്ലാസ്സാണ് ഇപ്പോള്‍ എന്റെ മാതാശ്രീയും കൈയ്യിലിരിക്കുന്നത്. പാവപ്പെട്ട അനിമാമന്‍ "ചേച്ചീ ആ ഗ്ലാസ്സൊന്ന് കിട്ടിയാല്‍ ഞാനങ്ങോട്ട് പോകാമായിരുന്നു" എന്ന ഭാവത്തില്‍ നില്ക്കുമ്പോഴാണ് എന്റെ വരവ്. ആ ദയനീയ ഭാവം കണ്ടിട്ട് ആര്‍ക്കും മനസ്സലിയുന്നില്ല , പാവത്തിനോട് നാളെ മുതല്‍ പണിക്കുവരണ്ട എന്ന് മുതലാളി പറയാന്‍ സാദ്ധ്യതയുണ്ട് :).

നഗ്നനായി ഛെ നഗ്നനേത്രത്തോടെ സൂര്യനെ നോക്കാന്‍ പാടില്ല എന്നതും മനസ്സില്‍ വെച്ച് ബാലുവിന്റെ എക്സ് റേ കണ്ണട വെച്ച് നോക്കിയപ്പോ ആകെ ഒരു മങ്ങല്‍ ഒരുമാതിരി വല പോലെ കാണുന്നു. കണ്ണട ഉണ്ടാക്കിയത് ശരിയാകാതെ കണ്ണടിച്ച് പോയതണോന്ന് വിചാരിച്ച് നിക്കുമ്പോഴുണ്ട് അച്ഛന്റെ വക പുച്ഛം "പോയി മുഖം കഴുകീട്ട് വാടാ" . ഇപ്പൊ മനസ്സിലായി വല എന്തായിരുന്നെന്നു. മുഖവും കഴുകി ക്ലോക്കില്‍ നോക്കിയപ്പൊ 2 മണി , അയ്യോ ആപ്പീസില്‍ പോകാന്‍ നേരമായി. പണ്ടെപ്പെഴോ ഒരു സൂര്യ ഗ്രഹണമോ, ചന്ദ്രഗ്രഹണമോ ആണ് , ഗ്രഹണസമയത്ത് അഹാരം കഴിക്കാന്‍ പാടില്ലന്നും പറഞ്ഞ് അമ്മ ഞങ്ങളെ പട്ടിണിക്കിട്ടത് ഓര്‍ത്ത്കൊണ്ട് അമ്മയെ വിളിച്ച് വല്ലതും കഴിക്കാന്‍ എടുക്കാന്‍ പറഞ്ഞു. മുന്‍പൊരിക്കല്‍ ഗ്രഹണസമയത്ത് അമ്മാമ്മ ചോറുകലത്തിനകത്ത് കരിക്കട്ട എടുത്തിട്ടിരുന്നതും ഞെട്ടലോടെ ഞാന്‍ സ്മരിച്ചു. സന്താനം വിശന്നുപൊരിഞ്ഞിരിയ്ക്കുന്നത് ശ്രദ്ധിക്കാതെ മാതാശ്രീ വഴിയേ പോകുന്നവരെയെല്ലാം വിളിച്ച് ഗ്രഹണം കാണിക്കുകയാണ്. ഒരു പത്ത് തവണ വിളിച്ചപ്പോള്‍ ആഹാരമെടുക്കാന്‍ അമ്മ പൊയി. പോയതിനേക്കാള്‍ സ്പീഡിന് തിരികെ വന്നു, മുഖം ഗ്രഹണം ബാധിച്ച സൂര്യനെപ്പോലെ. കാര്യം തിരക്കിയപ്പോള്‍ ഈയുള്ളവന് തൃപ്തിയായി. മീന്‍ കറി അടുപ്പത്ത് വച്ചിട്ടാണ് അദ്ദേഹം വാനനിരീക്ഷ്ണത്തിന് പുറപ്പെട്ടത്. അങ്ങനെ ചോറും കരിയും (കരിഞ്ഞ മീന്‍കറിയുമായി ) ഒരു ഗ്രഹണം കടന്നുപോയി. വെല്‍ഡിംഗ് ഗ്ലാസ്സിലൂടെ :)

ബാലുവിന്റെ എക്സ് റേ കണ്ണട :)

ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടി @ തിരുവനന്തപുരം  

എഴുതിയത് Unknown , ലേബലുകള്‍ : , , , ,


ഗൂഗിളിന്റെ മാപ്പ്സിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല (http://maps.google.com/). Google, Kerala Section of IEEE , Trivandrum Chapter of the Computer Society of India എന്നിവരുടെ മേല്‍നോട്ടത്തില്‍ ഫെബ്രുവരി 5,2010 ന് തിരുവനന്തപുരത്ത് ഒരു മാപ്പിംഗ് പാര്‍ട്ടി സംഘടിപ്പിക്കുന്നു. മാപ്പ് മേക്കിങ്ങില്‍ താല്‍പര്യമുള്ള ഒരു കൂട്ടം തദ്ദേശവാസികളുടെ സഹായത്തോടെ കേരളത്തിന്റെ പൂര്‍ണ്ണമായ ഒരു മാപ്പ് നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. മാപ്പിംഗില്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും മാപ്പിംഗ് പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യാം. പാര്‍ട്ടിയോടനുബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ മാപ്പിംഗ് പ്രാക്ടീസ് ഉണ്ടാകുമെന്നതിനാല്‍ രെജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരും ലാപ്ടോപ്പ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

വെബ്സൈറ്റ് : http://sites.google.com/site/tvmmappingparty
മെയില്‍ : mappingparty.tvm@gmail.com

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ