നീലത്താമര
എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : പലവക, സിനിമ
മലയാളസിനിമാ ചരിത്രത്തിലെ മഹത്തായ പ്രണയ കഥ എന്നു കേട്ടപ്പോഴേ പെണ്ണുമ്പിള്ള ഇന്നു തന്നെ നീലത്താമര കാണാന്‍ പോകണം എന്ന് പറഞ്ഞ് ചാട്ടം തുടങ്ങി. ശരി നീലത്താമരയെങ്കില്‍ നീലത്താമര പോയി കണ്ടുകളയാം എന്ന് തീരുമാനിച്ചു, എന്തായാലും കുറേ ദിവസം അനങ്ങാന്‍ പോലും ആകാതെ പ്രോജക്റ്റ് തീര്‍ക്കാന്‍ ഇരുന്നതിന് കിട്ടിയ അവധിയല്ലേ.സിനിമ കണ്ട് ആ വിഷമം തീര്‍ക്കാം. രാവിലെ പോയി ടിക്കറ്റ് റിസേര്‍വ്വ് ചെയ്തു. സെകന്റ്ഷോ ആണ്. എര്‍ണാകുളം ആയതുകൊണ്ട് കുഴപ്പമില്ല, തിരുവന്തപുരമാണെങ്കില്‍ സെകന്റ്ഷോയ്ക്ക് ഭാര്യയേയും കൂട്ടി പോയാല്‍ കുറച്ച് വിഷമമാകും. ശ്രീമതിയ്ക്ക് അന്ന് വീട്ടുജോലികളൊക്കെ ചെയ്യാന്‍ പതിവിലും ഉല്‍സാഹവും സ്പീഡും. ഇടയ്ക്കിടയ്ക്ക് മൂളിപ്പാട്ടും "അനുരാഗവിലോചിതനായ് അതിലേറെ മോഹിതനായ്....". എന്തായാലും 8.30 നു ജോലിയെല്ലാം തീര്‍ത്ത് ഭക്ഷണവും കഴിച്ച് വീടും പൂട്ടി ഇറങ്ങി.
8.45 നു തിയേറ്ററില്‍ എത്തി,ടിക്കറ്റ് മാറ്റി വാങ്ങി അകത്ത് കയറി. അകത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഉഗ്രന്‍ "ഹൌസ് ഫുള്‍". എന്തായാലും അവസാനനിരയില്‍ ഒരുവിധം മധ്യത്തായി ഞങ്ങളുടെ സീറ്റ് ഉണ്ട്. സിനിമ തുടങ്ങി. എം ടി, ലാല്‍ ജോസ് തുടങ്ങിയപേരിനെല്ലാം പ്രേക്ഷകരുടെ നിലയ്ക്കാത്ത കൈയ്യടിയോടെ തുടക്കമായി. ആദ്യ പകുതി സിനിമ വളരെ നല്ല രീതിയില്‍ നീങ്ങുന്നു. നല്ല ഒരു പഴമ മണക്കുന്ന സീനുകളും നാട്ടിന്‍പുറത്തിന്റെ ഭംഗിയും നാടന്‍ സുന്ദരിമാരും എല്ലാം കൊണ്ടും നല്ല കാഴ്ചകള്‍. അര്‍ച്ചന കവി, കൈലാസ്, സംവൃത സുനില്‍, റിമ കല്ലിങ്കല്‍ എന്നിവരുടെ അഭിനയം വളരെ നിലവാരമുള്ളതാണ്. പുതുമുഖങ്ങള്‍ എന്ന ഒരു ചട്ടക്കൂടിനുള്ളിലായിപ്പോയി എന്ന തോന്നല്‍ ഒരിക്കല്‍ പോലും പ്രേക്ഷകന് തോന്നാത്തവണ്ണം മനോഹരമായിരുന്നു നായികാനായകന്മാരുടെ പ്രകടനം.
പക്ഷെ ഇന്റര്‍വെലിന് ശേഷം നീലത്താമര വാടിത്തുടങ്ങി.ബെര്‍ളിയുടെ പോസ്റ്റില്‍ പറഞ്ഞപോലെ വലിയ വീട്ടിലെ പയ്യന്‍ വെറുമൊരു നേരമ്പോക്കായ് മാത്രം കണ്ടിരുന്ന ഒരു വേലക്കാരിയുടെ കഥയായി അത് മാറുന്നത് വളരെ വിഷമത്തോടെ കാണേണ്ടിവന്നു. മഹത്തായ പ്രണയകഥ എന്നതുപോയിട്ട്, വെറുമൊരു പ്രണയകഥ എന്നുകൂടി പറയാന്‍ കഴിയാത്ത ഒരു കഥയായി, നീലത്താമര തളര്‍ന്നുകൊണ്ടിരുന്നു. പെട്ടെന്ന് പ്രായത്തിന്റെ എടുത്തുചാട്ടത്തില്‍ തന്നെ സ്നേഹിക്കുന്നു എന്നു തോന്നുന്നവന്‍ വിളിച്ചപ്പോള്‍ അവന്റെ കിടപ്പുമുറിയില്‍ രാത്രി ആരുമറിയാതെ കടന്നുചെല്ലുന്ന ഒരു പൊട്ടിപെണ്ണായി നായിക. നായകന്റെ ആവശ്യം കഴിഞ്ഞ്, അങ്ങനെയൊരു സംഭവനടന്നതായിക്കൂടി ഭാവിക്കാതെ വേറൊരു പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്ന നായകനെയും, നായകനും ഭാര്യയ്ക്കുമായി കിടപ്പുമുറി തയ്യാറാക്കുന്ന നായികയേയും കാണുമ്പോള്‍ ഇതെങ്ങനെ ഒരു പ്രണയ കഥയായി എന്ന് എനിയ്ക്ക് സംശയം തോന്നി.
നായികാനായകന്മാരുടെ ബന്ധമറിഞ്ഞ നായകന്റെ ഭാര്യ നായികയെ പറഞ്ഞുവിടുന്നതോടെ വിഖ്യാതമായ താമര കൊഴിഞ്ഞു. ഇതിനിടയില്‍ വേറൊരു കുടുംബത്തിലെ അവിഹിതബന്ധത്തിന്റെ കഥയും എം ടി പറയുന്നുണ്ട്. അതെന്തിനായിരുന്നു എന്നതും ഈയുള്ളവന് മനസ്സിലായില്ല. രണ്ടാം പകുതിയിലുടനീളം സിനിമ എങ്ങനെയും തീര്‍ക്കണം എന്ന ഒരു ഉദ്ദേശ്യം വെളിവാകുന്നുണ്ട്. വളരെ പെട്ടെന്ന് നടക്കുന്ന നായകന്റെ വിവാഹാലോചന,അടുത്ത സീനിലെ നായകന്റെ വീട്ടിലേയ്ക്കുള്ള വരവും നായികയെ അറിയിക്കാതെയുള്ള പോക്കും, അതിനടുത്ത സീനിലെ കല്യാണം കഴിഞ്ഞുള്ള വരവുമെല്ലാം ഈ ധൃതി വിളിച്ചോതുന്നു. അങ്ങനെ നായികയുടെ പഴയകാലത്തിന്റെ ഓര്‍മ്മയില്‍ വിരിയുന്ന താമര പൂര്‍ണ്ണമാകുന്നു.
വളരെ ലളിതമായി ഹൃദയഹാരിയായ പാട്ടുകളും, പുതുമുഖങ്ങളാണെങ്കിലും വളരെ നല്ലരീതിയില്‍ അഭിനയിച്ച നടീനടന്മാരും , ഓരോ സീനിലേയും മനോഹരമായ ഗ്രാമവുമെല്ലാം ഈ ചിത്രത്തിന്റെ നല്ല വശങ്ങളാണ്. ഞാന്‍ മുകളിലെഴുതിയ എല്ലാ വിവരങ്ങളും എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങളാണ്. എല്ലാവരും ഈ സിനിമ കാണുകയും എന്റെ അഭിപ്രായത്തോട് യോജിയ്ക്കുന്നില്ല എങ്കില്‍ കമന്റ് ബോക്സില്‍ ചീത്ത വിളിയ്ക്കാം :)