ബോബന്റേം മോളിടേം അപ്പച്ചനെ കണ്ടേ.....
എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ടോംസ്, നര്‍മ്മം, പലവക
രാവിലെ കുളിച്ചൊരുങ്ങി ആപ്പീസിലെത്തി. അത്യാവശ്യം പണിയൊക്കെ തീര്‍ത്തു(എവടെ !!! ചായകുടിയും പൂള്‍ കളിയും കഴിഞ്ഞ്പ്പൊ തന്നെ 11.30 ആയി). കുറച്ചുകഴിഞ്ഞപ്പോള്‍ ട്രെയിന്‍ ലേറ്റ് ആണ് അതിനാല്‍ പരിപാടി 12 മണിക്ക് മാറ്റി വച്ചിരിക്കുന്നതായി അറിയിപ്പ് കിട്ടി. 12 മണിക്ക് കൂട്ടുകാരോടൊപ്പം സമ്മേളനവേദിയില്‍(?) എത്തി. ടോംസിനെ ആനയിച്ചുകൊണ്ട് കൂടെ ജോലിചെയ്യുന്ന കൂട്ടുകാരും എത്തി. സ്വാഗതം കഴിഞ്ഞ് ഉടനെ തന്നെ സദസ്സിനെ ടോംസ് കൈയ്യിലെടുത്തു. താന്‍ കാര്‍ട്ടൂണ്‍ ലോകത്ത് എത്തിപ്പെട്ടതും, ചില കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ/കഥകളുടെ ജനനവും അദ്ദേഹം സരസമായി അവതരിപ്പിച്ചു. വളര്‍ന്നുവരുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ക്കായി ചില ടിപ്സും, ഏകദേശം ഒരു വര്‍ക്കിംഗ് സെഷന്‍ പോലെയും അദ്ദേഹം മുന്നേറി. 80-82 വയസ്സിലും വളരെ ഊര്‍ജ്ജസ്വലനായി അദ്ദേഹം കാണപ്പെട്ടു.മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
ഉച്ച ഭക്ഷണത്തിന് ശേഷം അദ്ദേഹം ഓഫീസൊക്കെ ചുറ്റിക്കണ്ടു. അത് കഴിഞ്ഞ് അരാധകരുടെ ആവശ്യപ്രകാരം കാര്‍ട്ടൂണ്‍ വിത്ത് ഓട്ടോഗ്രാഫ് വരച്ചുതുടങ്ങി. ഏകദേശം 50-60 പേര്‍ക്ക് വരച്ചുകൊടുത്തു. പെണ്‍കുട്ടികളുടെ തിരക്കായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ :). അതിനു ശേഷമാണ് മഹത്തായ ഒരു ദൌത്യം എന്നെ തേടിയെത്തിയത്. ടോംസിനെ ഇന്റര്‍വ്യൂ ചെയ്യണം. ഞാനും 2 കൂട്ടുകാരും ആ ദൌത്യം ഏറ്റെടുത്തു. വളരെ നേരം കാത്തുന്നിന്നതിന് ശേഷമാണ് ആരാധകരുടെ നടുവില്‍നിന്നും അദ്ദേഹത്തെ മോച്ചിപ്പിക്കാനായത്.
വളരെ സാധാരനമായ ഒരു ഇന്റര്‍വ്യൂം ഞങ്ങള്‍ നടത്തി. പ്രത്യേകിച്ച് ചോദ്യങ്ങളൊന്നും തയാറാക്കാതെ ചെന്ന ഞങ്ങള്‍ക്ക് ഒരുപാട് വിശേഷങ്ങള്‍ അദ്ദേഹത്തിന്റെ മറുപടികളില്‍ കിട്ടി. കാര്‍ട്ടൂണിസ്റ്റ് ആയി ആദ്യകാലം, മനോരമയുമായുള്ള നിയമയുദ്ധം, ഇപ്പോള്‍ ടോംസ് പബ്ലിക്കേഷന്‍സ് എന്നിവയിലൂടെ വളരെ സരസമായി അദ്ദേഹം സംസാരിച്ചു.അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരനുമായുമുണ്ടായ തര്‍ക്കവും, സ്വാതന്ത്യസമരസമയത്തെ കാര്‍ട്ടൂണുകളെക്കുറിച്ചും അദ്ദേഹം വാചാലനായി. തിരികെ പോകാനുള്ള ട്രെയിന്‍ സമയമായതിനാല്‍ ഇന്റര്‍വ്യൂ വേഗത്തില്‍ തീര്‍ക്കേണ്ടിവന്നു എന്നൊരു വിഷമം മാത്രമേ ബാക്കിയുള്ളു. എല്ലാവരും ചേര്‍ന്ന് ഫോട്ടോയെടുത്ത് ഞങ്ങള്‍ അദ്ദേഹത്തോട് യാത്ര പറഞ്ഞു.