കുറ്റബോധം  

എഴുതിയത് വേദ വ്യാസന്‍ , ലേബലുകള്‍ : ,

കുറ്റബോധം... അത് മനുഷ്യനെ കാര്‍ന്ന് തിന്നുന്ന വേദനയാണ്.
ഞാന്‍ ഇപ്പോള്‍ എഴുതാന്‍ പോകുന്നത്, കുറ്റബോധം കൊണ്ട് ഒരാള്‍ വേറൊരാളോട് പറഞ്ഞ കഥയാണ്.
ആ രണ്ടാമത്തെ ആളിന്റെ താല്‍പര്യപ്രകാരം ഞാന്‍ എഴുതുന്നു
**********************************************************************************
"എടാ രമേഷേ ......നീ ഇപ്പൊ എവിടെയാ ... നിന്നെ കണ്ടിട്ട് ഒരുപാടുനാളായല്ലോ?"
ചോദ്യം കേട്ട് രമേഷ് തിരിഞ്ഞുനോക്കി, നിറഞ്ഞ ചിരിയോടെ മനു; ഒന്നാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സ് വരെ ഒപ്പം പഠിച്ച കൂട്ടുകാരന്‍.

മനു ചിരിച്ചുകൊണ്ടു തുടർന്നു: "നീ ഇപ്പൊ വലിയ ആളായി അല്ലേടാ ?"
രമേഷിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഓർമ്മകളുടെ വേലിയേറ്റം മനസ്സിൽ.

"എന്താടാ നിനക്കെന്നെ മനസ്സിലായില്ലേ ? ഞാനാ മനു". മനു സംശയഭാവത്തിൽ രമേഷിനെ നോക്കി.

രമേഷ് സംസാരിച്ചുതുടങ്ങി. "നീ എന്താടെ ഈ പറയുന്നെ ? നിന്നെ എനിക്കുമനസ്സിലാകാതിരിക്കുമെന്നു നീ കരുതുന്നുണ്ടോ? അല്ല നീ ഇപ്പൊ എന്താ പരിപാടി ? "

"ഞാന്‍ നമ്മുടെ ജംഗഷനില്‍ ഓട്ടോ ഓടിക്കുവാടാ , നിന്റെ അനിയനെ വല്ലപ്പോഴും കാണാറുണ്ട്. അവന്‍ പറഞ്ഞു നീ ഗല്‍ഫിലാണെന്ന്, നിനക്ക് സുഖം തന്നെയല്ലേ ?" ഒട്ടൊരു ധൃതിയോടെ മനു പറഞ്ഞു.

"അങ്ങനെ കഴിഞ്ഞുപോകുന്നു മനൂ, അല്ലാ നീ ഇന്ന് ഓട്ടൊയെടുത്തില്ലേ ??" മനുവിന്റെ ധൃതികണ്ട് രമേശിനു സംശയമായി.

"ഇല്ലെടാ, എന്റെ അമ്മയ്ക്ക് സുഖമില്ല, നമ്മുടെ സന്തോഷ് ഡോക്ടറെ കാണിയ്ക്കാന്‍ കോണ്ടു വന്നതാ.. അതു കഴിഞ്ഞ് വണ്ടിയെടുക്കണം.അത്താഴപട്ടിണിക്കാരുടെ ഒരു പാടേ .. ഹെ ഹെ അല്ലേടാ ? എന്തായാലും നിന്നെ കണ്ടപ്പോ സന്തോഷമായി.
ഒരു ചായ കുടിയ്ക്കാന്‍ വിളിയ്ക്കാന്‍ സമയമില്ലെടാ... അമ്മ ഒറ്റയ്ക്കാ, ശരി പിന്നെ കാണാം." മനു യാത്രപറഞ്ഞു പിരിഞ്ഞു.

"ശരിയെടാ പിന്നെ കാണാം" രമേഷ് തന്റെ കാറിനടുത്തേക്ക് നടന്നു..

*************

തിരികെ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ രമേഷിന്റെ ചിന്തകള്‍ മുഴുവന്‍ മനുവിനെ കുറിച്ചായിരുന്നു.
ചെറിയ ക്ലാസ്സുകളില്‍ അടുത്തടുത്തിരുന്നു പഠിച്ച കൂട്ടുകാര്‍. ജീവിത സാഹചര്യങ്ങള്‍ അവരെ രണ്ട് ജീവിതദ്വീപുകളില്‍ എത്തിച്ചു. പക്ഷെ വല്ലപ്പോഴുമെങ്കിലും ഒരു നൊമ്പരമായി, അവനോടു അറിവില്ലാത്ത പ്രായത്തില്‍ ചെയ്ത ആ തെറ്റ് രമേഷിന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്.

നാലാം ക്ലാസ്സിലെ അവസാന ദിനങ്ങളിലൊന്ന്:
ക്ലാസിലെ ഡെസ്കിനടിയിൽ ആരുടെയോ കൈയ്യിൽ നിന്നു വീണുപോയ ഒരു ഇരുപതുരൂപ നോട്ട് എടുക്കണോ വേണ്ടയോ എന്ന് സ്വന്തം മനഃസ്സാക്ഷിയുമായി മല്ലിട്ടുകൊണ്ടിരുന്ന ആ നിമിഷങ്ങൾ രമേഷിന്റെ മനസ്സിലേക്ക് ഓടിയെത്തി.

"എടുത്തോടാ കുഴപ്പമില്ല, പിന്നീട് ഇതുപോലെ ഒരവസരം കിട്ടത്തില്ല"
"വേണ്ട അവസാനം ഇത് എന്റെതല്ല എന്നറിയുമ്പൊ എല്ലാരും എന്നെ വെറുക്കും ..."
"ഛെ അങ്ങനെയൊന്നുമില്ല എടുക്കു"

അവസാനം തീരുമാനത്തിലെത്തി. ഡെസ്കിനടിയില്‍ ആരും കാണാതെ കിടക്കുന്ന 20 രൂപ പതിയെ എടുത്തു ...
ആ നിമിഷം തന്നെ ഞെട്ടിച്ചുകൊണ്ട് ബെല്‍ മുഴങ്ങി.

ക്ലാസ് ടീച്ചര്‍ വന്നു ...അറ്റന്റന്‍സ് എടുത്തു. എല്ലാം പഴയതുപോലെ, പക്ഷെ എല്ലാം ആദ്യം കാണുന്ന പോലെയാണല്ലോ തോന്നുന്നത്.

അറ്റന്റന്‍സ് കഴിഞ്ഞ് ടീച്ചര്‍ കുട്ടികളുടെ അടുത്തേയ്ക്ക് എത്തി. "എല്ലാവരും ഗ്രൂപ്പ് ഫോട്ടോയുടെ കാശ് കൊണ്ടുവന്നിട്ടുണ്ടോ ??"

"കൊണ്ടുവന്നു ടീച്ചര്‍“. എല്ലാവരും ആര്‍ത്തുവിളിച്ച് പറഞ്ഞു... ആ കൂട്ടത്തില്‍ മനുവും ഉണ്ടായിരുന്നോ?? ആവോ, തന്റെ ശബ്ദത്തിന് വളരെ ശക്തി കുറവായിരുന്നോ അതോ താനൊന്നും മിണ്ടിയില്ലേ ?? രമേഷിന് വ്യക്തമായി അത് ഓർക്കുവാൻ സാധിച്ചില്ല.
ടീച്ചര്‍ എല്ലാവരില്‍ നിന്നും പൈസ വാങ്ങിത്തുടങ്ങി... തന്റെ അടുത്തെത്തി. വിറയ്ക്കുന്ന കൈകളോടെ പൈസ ടീച്ചറെ ഏൽ‌പ്പിച്ചു. ഹൊ സമാധാനമായി.

"അയ്യോ എന്റെ രൂപ..."

ദൈവമെ മനുവാണല്ലോ കരയുന്നത്. ഈശ്വരാ താനെടുത്തത് അവന്റെ കാശാണോ ? ? അയ്യോ എങ്ങനെ പറയും ഞാൻ കൊടുത്തത് മനുവിന്റെ കാശാണെന്ന്. എല്ലാവരുടെയും മുന്നില്‍ ഞാന്‍ കള്ളനാകുമല്ലോ?? മാത്രമോ, മനു,അയ്യോ അവന് തന്നെ എന്തിഷ്ടമാണ്.

രണ്ട് ദിവസം മുന്‍പ്, അവന്റെ അമ്മ ഫോട്ടോയ്ക്ക് പൈസ തരാം എന്ന് പറഞ്ഞ കാര്യം മനു തന്നെ അറിയിച്ചത് രമേഷ് ഓര്‍മിച്ചു. എന്തു സന്തോഷത്തിലായിരുന്നവന്‍. അടുത്തദിവസം അവന്റെ അമ്മയ്ക്ക് എവിടെയോ മണ്ണ് ചുമക്കുവാനുള്ള പണി കിട്ടിയിട്ടുണ്ടെന്നും, അപ്പോൾ കാശ് താരാമെന്നും അമ്മ പറഞ്ഞു എന്നാണവൻ പറഞ്ഞത്. അത്ര പോലും പ്രതീക്ഷയ്ക്ക് വകയില്ലായിരുന്നു തന്റെ വീട്ടിലെ സ്ഥിതി. ആ നിമിഷത്തില്‍ മനുവിന്റെ അമ്മയുടെ മകനായിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി. ഈശ്വരാ മനുവിന്റെ വിഷമം കാണുമ്പോള്‍ ആ അമ്മയും കൂടി കാശെടുത്ത ആളിനെ ശപിക്കുമല്ലോ.. രമേഷിന്റെ കൊച്ചു ചിന്തകൾ കാടുകയറി.

അന്ന് മനു ഒരുപാട് കരഞ്ഞു, പക്ഷെ പിന്നീട് അവന്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നത് കേട്ടിട്ടില്ല. പക്ഷെ താനോ, എപ്പോഴൊക്കെ മനുവിനെ പറ്റി ഓര്‍ക്കുമ്പോഴും കുറ്റബോധം കൊണ്ട് നീറി നീറി. പലപ്പോഴും മനുവിനോട് എല്ലാം തുറന്നുപറയണം എന്ന് കരുതിയിട്ടുണ്ട്. പക്ഷെ കഴിയുന്നില്ല. ഒരു പക്ഷെ തന്റെ ജീവിതാവസാനം വരെയും ഈ വേദനയും ഉള്ളിലൊതുക്കൈ നടക്കണമായിരിയ്ക്കും..............

രമേഷ് ചിന്തകളിൽ നിന്നുണർന്നു.

*******************************************************************************************************
രമേശിന്റെ വിഷമം അറിയുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ അവനോട് മനുവിന്റെ കൂടെ കാര്യങ്ങള്‍ സംസാരിയ്ക്കനാണ് ഉപദേശിച്ചത്. എന്റെ അഭിപ്രായം ശരിയാണോ ?? പറയൂ....................
*******************************************************************************************************
അപ്പുവേട്ടന്‍ തിരുത്തിത്തന്ന കഥയാണിത്, ഞാന്‍ പോസ്റ്റ് ചെയ്തത് വായിച്ചിട്ട് എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഇരിയ്ക്കുകയായിരുന്നു. അതുകൊണ്ട് തരാനുദ്ദേശിയ്ക്കുന്ന തല്ലില്‍ പാതി ആ മാന്യദ്ദേഹത്തിന് സമര്‍പ്പിച്ചാലും

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ഉപയോഗപ്പെടുത്താവുന്ന ലിങ്കുകള്‍

Refresh Memory