ബനേര്‍ഘട്ട നാഷണല്‍ സഫാരി പാര്‍ക്ക് | Bannerghatta National Park  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ഒരു ശനിയാഴ്ച. പതിവ് എര്‍ണാകുളം പോക്ക് ഈയാഴ്ച നടന്നില്ല. എന്നാല്‍ ശരി എവിടെയെകിലും കറങ്ങാന്‍ പോകാമെന്ന് കരുതി ബാംഗളൂര് ഉള്ള അമിട്ടന്മാരോട് അഭിപ്രായം ചോദിച്ചു, അവസാനം വിനു സേവിയര്‍ ബനേര്‍ഘട്ട നാഷണല്‍ സഫാരി പാര്‍ക്കിനെ കുറിച്ച് പറഞ്ഞു. അപ്പൊ അവിടേയ്ക്ക് തന്നെയാകട്ടെ യാത്ര എന്നും തീരുമാനിച്ചു. വീട്ടില്‍ നിന്നുമിറങ്ങി കുറച്ചുകഴിഞ്ഞപ്പോ വിനുവിന്റെ ഫോണ്‍ അവനും കൂട്ടുകാരനും "കാര്യസ്ഥന്‍ സിനിമയ്ക്ക് പോകാമെന്ന് വിചാരിക്കുന്നു,ഞാന്‍ വരുന്നുണ്ടോ" എന്ന്. പണ്ടേ ഒരു കാര്യത്തിനിറങ്ങിയാല്‍ അത് മാറ്റി വയ്ക്കുന്ന ശീലമില്ലാത്തോണ്ട് അവനോട് പോയി കാര്യസ്ഥന്‍ കണ്ട് മരിയ്ക്കാന്‍ ഉപദേശിച്ച്, ഒറ്റയ്ക്ക് വച്ചു പിടിച്ചു.

യാത്രയുടെ പ്രധാന ഉദ്ദേശങ്ങള്‍
1) പുതിയതായി ഒരു മൊബൈല്‍ വാങ്ങി, അത് വെച്ച് കുറച്ച് ഫോട്ടോയും , വീഡിയോയും എടുത്ത് കൂട്ടുകാരെ കാണിക്കുക (അവരൊക്കെ ആഹ കിടിലം , കൊള്ളാടാ നിന്റെ കാശ് മുതലായി എന്നു പറയുമ്പോഴുള്ള രോമാഞ്ചം)
2) ബാംഗളൂരില്‍ കാണാന്‍ കൊള്ളാവുന്ന ചില സ്ഥലങ്ങള്‍ കണ്ടെത്തുക ( "എന്നെ ഇവിടെയുള്ള ഒരു സ്ഥലവും കൊണ്ട് പോയിക്കാണിക്കാന്‍ ഒരു താല്‍പര്യവുമില്ല" എന്ന പെണ്ണുംപിള്ളയുടെ പരാതി കേട്ട് ചെവി തഴമ്പിച്ചു )
3)ഒരു ശനിയാഴ്ച വെറുതേ ഉറങ്ങിത്തീര്‍ക്കാതിരിക്കുക (ബാക്കിയുള്ള ദിവസത്തെ മുഴുവന്‍ ഉറക്കവും കോമ്പന്‍സേറ്റ് ചെയ്യുന്നത് ശനി, ഞായര്‍ ദിവസങ്ങളിലാണ്)

ബസ്സ് കയറാനായി കുറച്ച് ദൂരം നടന്നപ്പോള്‍ മണ്‍പാത്രങ്ങള്‍ (കൌതുക പാത്രങ്ങള്‍ ) വില്‍ക്കുന്ന ഒരു സംഘത്തെ കണ്ടു, ഉടനെ തോന്നി ഇവരുണ്ടാക്കിവച്ചിരികയ്ക്കുന്നതിന്റെയൊക്കെ ഫോട്ടൊയെടുക്കാം. പക്ഷെ നേരെ കേറിച്ചെന്ന് ഫോട്ടോയെടുക്കുന്നതെങ്ങനെ. ആദ്യം അവിടൊക്കെ പോയി പാത്രങ്ങളൊക്കെ തൊട്ടും തലോടിയും നിന്നു, അപ്പൊ ഒരു അമ്മച്ചി വന്ന് ഹിന്ദിയില്‍ അലയ്ക്കാന്‍ തുടങ്ങി. ഏത് പാത്രമാ വേണ്ടത് എന്ന് ചോദിച്ച അവരോട് കയ്യില്‍ തടഞ്ഞ ഒന്ന് കാണിച്ചുകൊടുത്തു. ഉടനെ വന്നു മറുപടി 500 രൂഫാ ..... ഫാ 500 ഉലുവയോ വീട്ടില് മീന്‍വെയ്ക്കുന്ന ചട്ടിയില്‍ കുറച്ച് പെയിന്റടിച്ചിട്ടാണ് ഈ കൊലച്ചതി പറയുന്നത്. ഞാന്‍ വേണ്ട എന്നും പറഞ്ഞ് തിരിഞ്ഞ് നടന്നപ്പോ അവര്‍ വട്ടം ചാടി. "സാറ് ഒരു വില പറയ് നമുക്ക് അഡ്ജസ്റ്റ് ചെയ്യാം" എന്നായി. ദൈവേ കുടുങ്ങിയല്ലോ എന്ന് മനസ്സിലോര്‍ത്ത് ഞാന്‍ മടിച്ച് മടിച്ച് കാര്യം പറഞ്ഞു. അമ്മച്ചീ എനിയ്ക്ക് പാത്രമൊന്നും ഇപ്പൊ വേണ്ട, കുറച്ച് ഫോട്ടോ എടുത്താല്‍ കൊള്ളാമെന്നുണ്ട്.ഉടനെ വന്നു അടുത്ത റെഡിമെയിഡ് ഉത്തരം "100 രൂപ". കണ്‍ട്രോള് പോയി !!! ഇവരിയതൊക്കെ സ്വര്‍ണം കൊണ്ടാണോ ഉണ്ടാക്കിവച്ചിരിക്കുന്നെ. എന്തായാലും ഫോട്ടോമോഹം ഉപേക്ഷിച്ച് പിന്‍തിരിഞ്ഞു. ദേ പുറകേന്ന് ഒരു നിലവിളി. അമ്മച്ചി ഒരുമാതിരി നിലവിളിയ്ക്കുന്നു. പെട്ടെന്ന് മനസ്സിലൂടെ മനോരമ ന്യൂസിന്റെ ഹോം പേജ് ഒഴുകിപ്പോയി "ബാംഗളൂരില്‍ വഴിയോരക്കച്ചവടക്കാരിയുടെ ഫോട്ടൊയെടുക്കാന്‍ ശ്രമം ; മലയാളി എഞ്ചിനീയര്‍ പിടിയില്‍". അവരുടെ അടുത്തേയ്ക്ക് ഒരു പെണ്‍കുട്ടി ഓടി വരുന്നത് കണ്ടപ്പോഴാണ് ആശ്വാസമായത്, അതിനെയാ അമ്മച്ചി കിടന്നലറിവിളിച്ചത്.

അമ്മച്ചിയും പെണ്‍കുട്ടിയുമായി കുലങ്കുഷമായി എന്തോ ചര്‍ച്ച ചെയ്യുന്നു. മിക്കവാറും ഇങ്ങനെയാകാനെ വഴിയുള്ളു "ദേ ഒരു നക്കി വന്നു നില്‍ക്കുന്നു, ഫോട്ടോയെടുക്കണം പോലും, കയ്യില് കാശൊന്നുമില്ല എന്നാണ് തോന്നുന്നത്, നീ വല്ല കാശും കിട്ടുമെങ്കില്‍ വാങ്ങിച്ചിട്ട് ഫോട്ടോയെടുത്തോളാന്‍ പറയ്, എനിക്ക് വേറെ പണിയുണ്ട്". അമ്മച്ചി പെയിന്റിംഗ് പണി തുടര്‍ന്നു. പെണ്‍കുട്ടി കുറച്ചുകൂടി മയത്തില്‍ കാര്യം അവതരിപ്പിച്ചു, ഫോട്ടോയെടുക്കുന്നതില്‍ കുഴപ്പമില്ല, അവര്‍ക്ക് വല്ല കാശും കൊടുക്കണം. ഞാന്‍ 10, 20 രൂപ കൊടുക്കാം എന്നു പറഞ്ഞു. പേര്‍സ് എടുത്ത് നോക്കിയപ്പോള്‍ ചില്ലറയില്ല. വീണ്ടും പ്രശ്നമായി അവരുടെ കയ്യിലും ചില്ലറയില്ല. അപ്പോള്‍ പേര്‍സില്‍ എന്തോ വാങ്ങി ബാക്കി വന്ന സൊഡക്സോകൂപ്പണ്‍ ഇരിയ്ക്കുന്നത് ആ കുട്ടി കണ്ടു. അത് തന്നാല്‍ മതിയെന്നായി. അതൊരു പുതിയ അറിവായിരുന്നു. വഴിയോരകച്ചവടക്കാരും സൊഡക്സോ സ്വീകരിച്ച് തുടങ്ങിയോ, ഇന്ത്യ തിളങ്ങുന്നു :). ഇനി ആ കുട്ടിയ്ക്ക് അബദ്ധം പറ്റിയതാണെന്ന് കരുതി സോഡക്സോ എന്താണെന്ന് പറഞ്ഞുകൊടുത്തപ്പോള്‍ അത് പറയുവാണ്, ഇതൊക്കെ എനിക്കറിയാം ഞങ്ങള്‍ ഇത് കൊടുത്ത് ബിസ്കറ്റ് വാങ്ങിക്കാറുണ്ടെന്ന്. അത് കേട്ടപ്പൊ കയ്യിലുണ്ടായിരുന്ന ബാക്കി സൊഡക്സോയും കൂടി ആ കുട്ടിയ്ക്ക് കൊടുത്തു. പിന്നെ ചാഞ്ഞും ചരിഞ്ഞും കിടന്നുമൊക്കെ കുറേ ഫോട്ടോകളെടുത്തുതുടങ്ങി. അതുവഴി പോയ ആള്‍ക്കാരെല്ലാം ഇവന് വട്ടാണ് എന്ന മുഖഭാവത്തോടെ എന്നെ നോക്കി നടക്കുന്നുണ്ടായിരുന്നു. തിരിഞ്ഞ് നൊക്കി ബൈക്ക് ഓടിച്ച് ഒരുത്തന്‍ മറിഞ്ഞ് വീഴുകയും ചെയ്തു (ഭാഗ്യത്തിന് ഒന്നും പറ്റിയില്ല). അവസാനം അവരോട് യാത്രയും പറഞ്ഞ പാര്‍ക്ക് ലക്ഷ്യമാക്കി യാത്ര തുടങ്ങി.

ദേ ഇതൊക്കെയാണ് പാത്ര ചിത്രീകരണം :)



അമ്മച്ചിയോട് യാത്രയും പറഞ്ഞിറങ്ങി മാരത്തഹള്ളിയില്‍ നിന്നും ഒരു ബസ്സില്‍ കയറി ജയദേവ സ്ടോപ്പില്‍ ഇറങ്ങി. എന്താണ് പ്രത്യേകതയെന്നറിയില്ല, വഴിയില്‍ കണ്ട എല്ലാ ഗ്രൂപ്പുകളും (പെണ്‍പിള്ളാരുടെ) കറുത്തവസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. പാര്‍ക്കിലേയ്ക്ക് ജയദേവയില്‍ നിന്നും ഏകദേശം 15 കി.മീ കൂടുതലുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാലക്കേടുള്ളവന്‍ മൊട്ടയടിച്ചാല്‍ കല്ലുമഴപെയ്യും എന്ന് പറഞ്ഞപോലെ അതുവരെ നല്ല തണുത്തകാലാവസ്ഥയായിരുന്നത് മാറി പൊരിവെയിലായി, ബസ് കാത്ത് ഏകദേശം അരമണിക്കൂര്‍ നില്‍ക്കേണ്ടി വന്നു. അവസാനം ഒരു ബസ്സ് വന്നതില്‍കയറി പാര്‍ക്കിലെത്തി. ടിക്കറ്റ് കൌണ്ടറിലെത്തി, അവിടൊരു ബോര്‍ഡില്‍ വിലനിലവാരപട്ടിക ഉണ്ടായിരുന്നു. സഫാരി ( അഡല്‍സ് - 160, ചില്‍ഡ്രന്‍ - 100), സൂ (അഡല്‍സ് - 40, ചില്‍ഡ്രന്‍ - 20). ഒറ്റയ്ക്കായത് കൊണ്ട് ലാഭമായി ഒരു സഫാരി ടിക്കറ്റുമെടുത്ത് വാതിലിനടുത്തേയ്ക്ക് ചെന്നപ്പോഴേ അവിടെ നില്‍ക്കുയാള്‍ ഓടി വരാന്‍ പറയുന്നുണ്ടായിരുന്നു, വണ്ടി പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയാണ് പോലും. ടിക്കറ്റ് വാങ്ങിനോക്കിയിട്ട് അയാള്‍ ചോദിച്ചു "ഒബ്രോയി", ഞാന്‍ പറഞ്ഞു "അല്ല രാകേഷ്"(കൌണ്ടറിലിരിക്കുന്നവന്‍ പേര് ചോദിക്കാതെ കണ്ണിക്കണ്ട പേര് ഇട്ടാണോ ടിക്കറ്റ് തന്നത്). ഉടനെ അങ്ങേര് ഇവനിതെവിടുന്നു വന്നെടാ എന്നൊരു ഭാവത്തോടെ ചോദിച്ചു "സിംഗിളാ", അല്ല മാരീഡ് എന്ന് പറയാനാ തോന്നിയതെങ്കിലും, പിന്നെ വല്ല അഡ്ജസ്റ്റ്മെന്റും ആയിരിക്കുമെന്ന് കരുതി "യെസ് യെസ്" എന്ന് പറഞ്ഞു. പുള്ളിക്കാരന്‍ എന്നെയും നയിച്ചുകൊണ്ട് ഒരു മിനിവാനിനടുത്തേയ്ക്ക് ചെന്നു. അകത്ത് ഒരു തൃശൂര്‍പൂരത്തിനുള്ള ആള്‍ക്കാരുണ്ട്, ഇവര്‍ക്കൊന്നും വീട്ടില്‍ വേറെ പണിയില്ലേ? എന്നെ ഏറ്റവും അവസാന വരിയില്‍ 2 തടിയന്മാരുടെ നടുക്കിരുത്തി ആ കാപാലികന്‍ പോയി. അണ്ണാ സിംഗിളാണോന്ന് ചോദിച്ച് ആശിപ്പിച്ചത് അവസാനം ബാക്കിയുണ്ടായിരുന്ന വേസ്റ്റ് സീറ്റില്‍ ഇരുത്താനായിരുന്നല്ലേ :(

വണ്ടി നീങ്ങിത്തുടങ്ങി, പോകുന്നവഴി ഇടയ്ക്കിടയ്ക്ക് കുരങ്ങന്മാരെയും ചെറിയ മാനുകളെയുമൊക്കെ കണ്ടുതുടങ്ങി. ഓരോ ഘട്ടം കഴിയുമ്പോഴും ഓരോ സഫാരി എന്ന് എഴുതി വച്ചിട്ടുണ്ട്. കരടി സഫാരി, കടുവ സഫാരി, സിംഹം സഫാരി എന്നിങ്ങനെ. പക്ഷെ ഈ ചേട്ടന്മാരുടെ ഇടയ്ക്കായതുകൊണ്ട് എനിക്കെല്ലാം സവാരിഗിരിഗിരി. കരടി സഫാരിയില്‍ കയറിയപ്പൊ ഒരുപറ്റം കരടികള്‍ ഭക്ഷണം കൊടുക്കുന്ന ഏരിയയില്‍ കിടന്ന് കറങ്ങുന്നത് കണ്ടു. കുറച്ചുനേരം അവിടെ നിര്‍ത്തിയിട്ട് വീണ്ടും വണ്ടി നീങ്ങിത്തുടങ്ങി. വണ്ടിയിലുണ്ടായിരുന്ന ഒരു സായിപ്പും മദാമ്മയും ഒരു രക്ഷയുമില്ലാതെ ഫോട്ടോയെടുക്കുന്നു, ആദ്യം കാണാനാന്ന് തോന്നുന്നു രണ്ടും കൂടി ഡ്രൈവറിന്റെയും മുന്നില്‍ പോയിരിക്കുന്നു. പെട്ടെന്ന് വണ്ടി ചവുട്ടി നിര്‍ത്തി, എന്താ കാര്യമെന്ന് അറിയാനായി എല്ലാരും പലവഴിയ്ക്ക് നോക്കി. എന്റെ അടുത്തിരിയ്ക്കുന്ന ചേട്ടന്‍ കന്നടയിലോ എന്തിലൊക്കെയോ കിടന്നു കാറുന്നു, നോക്കിയപ്പൊ ഒരു തടിയന്‍ കരടി കുണുങ്ങി കുണുങ്ങി വണ്ടിയുടെ സൈഡിലൂടെ നടക്കുവാണ്. കഷ്ടിച്ച് ഒരു വണ്ടി പോകുന്ന വഴിയിലാണ് അരിച്ചാക്ക് പോലുള്ള ഈ സാധനം നെഞ്ചും വിരിച്ച് നടക്കുന്നത്. ഇത്രേം കാട് ഫ്രീയായ്യി കിടന്നിട്ടും റോഡിലൂടെ മന്ദം മന്ദം നീങ്ങുന്ന ഇതിന്റെ ചേതോവികാരം എന്താണാവോ. ഇങ്ങനെയാണേല്‍ ഇനി കരടിയ്ക്ക് നടക്കാന്‍ ഫുട്പാത്ത് കെട്ടിക്കൊടുക്കേണ്ടി വരും. കുറച്ച് സമയമെടുത്താണെങ്കിലും ആശാന്‍ തിങ്ങി ഞെരുങ്ങി മറുവശത്തെത്തി, ഡ്രൈവര്‍ അതിനനുസരിച്ച് മുന്നോട്ടും പുറകോട്ടും വണ്ടി നീക്കി കൊടുക്കുകയും ചെയ്തു.

അടുത്തത് സിംഹസഫാരിയാണ്. മൂന്ന് നാല് സിംഹങ്ങളും സിംഹിണികളും ഭക്ഷണം കൊടുക്കുന്ന ആളിനൊപ്പം നടക്കുന്നു (അദ്ദേഹം കമ്പിവലയ്ക്കുള്ളിലാണ്, 2 വശത്തും സിംഹങ്ങള്‍). പിന്നെ കുറേ സിംഹകുട്ടികളും, അവര്‍ക്കൊന്നും ഞങ്ങളെ ഒരു താല്‍പര്യമില്ലാത്തത് പോലെ. കുറച്ചുനേരം നിര്‍ത്തിയിട്ടിരുന്ന വണ്ടി നീങ്ങിത്തുടങ്ങിയപ്പൊ 2 കുട്ടികള്‍ വണ്ടി കിടന്ന സ്ഥലത്തുവന്ന് നില്‍ക്കുന്നത് കണ്ടു, പിന്നെയും മുന്നോട്ട് വഴിയില്‍ നല്ലൊരു മാനിനെ കണ്ടു, ഫോട്ടൊയെടുക്കാന്‍ നോക്കിയപ്പൊ ഈ തടിമാടന്മാര് നേരാവണ്ണം ഇരിക്കുന്നില്ല, അവസാനം ഒരുത്തന്റെ തലയും മാനിന്റെ കൊമ്പും ചേര്‍ത്തെടുക്കേണ്ടിവന്നു.

അവസാനത്തെ സഫാരി കടുവ സഫാരിയാണെന്ന് വണ്ടിയിലെ "കിളി" വിളിച്ചുപറഞ്ഞു, ഇത് കേട്ടപ്പൊ ഞാന്‍ അക്രമം തുടങ്ങി, കടുവസഫാരിയ്ക്കുള്ളില്‍ കയറിയ ഉടനെ ഞാന്‍ ജനലിനടുത്തേയ്ക്ക് തള്ളുകയും മൊബൈല്‍ ഒരു വിടവിലൂടെ പുറത്തേയ്ക്ക് പിടിച്ച് ഫോട്ടോയെടുക്കാന്‍ തയ്യാറാവുകയും ചെയ്തു. എന്റെ ഈ സാഹസം കണ്ട് മനസ്സലിഞ്ഞ(സഹികെട്ടാവണം) ഒരു ചേട്ടന്‍ ഫോട്ടോ എടുക്കാനുള്ള സൌകര്യം ചെയ്തു തന്നു. അതെന്തായാലും മുതലാക്കി 3 വീഡിയോയും 5,6 ഫോട്ടോയുമൊക്കെ എടുത്തു. കൈയ്യൊക്കെ വെളിയിലിട്ട് തയ്യാറായി ഇരുന്നപ്പോ അതാ നാലഞ്ച് ഭീകരന്‍ കടുവകള്‍, 2 വെള്ളക്കടുവ 4 സാധാക്കടുവ. ഇവരൊക്കെ വളരെ സഹകരണ മനോഭാവമുള്ള ജീവികളായിരുന്നു. എല്ലാം കൂടി ഓടി വണ്ടിയുടെ അടുത്തെത്തി. ഒരു കടുവ വാനിന്റെ പുറകില്‍ മാന്താനും തുടങ്ങി. അതിനിടയില്‍ കുറച്ചുഫോട്ടൊയെടുക്കാന്‍ പറ്റി. കടുവകള്‍ അടുത്തുവന്നതുകൊണ്ടാകണം കുറേ നേരം അവിടെ വണ്ടി നിര്‍ത്തിയിട്ടിരുന്നു. അതു കഴിഞ്ഞ് വേഗം യാത്ര തുടങ്ങിയ സ്ഥലത്തേയ്ക്ക് തന്നെ ഞങ്ങളെ എത്തിച്ചു.







ബാംഗളൂരില്‍ ഓര്‍മ്മിക്കാന്‍ ഒരു ദിവസം കൂടിയായി. ഈയൊരു പാര്‍ക്കിനെകുറിച്ച് അറിഞ്ഞില്ലായിരുന്നെങ്കില്‍ ഒരു ശനിയാഴ്ച കൂടി ഉറങ്ങിത്തീര്‍ത്തേനെ.

ഇതെല്ലാം ഒരുപോലെയിരിക്കുന്നല്ലോ  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,


കണ്ണ് അടിച്ച് പോയതാണോ ആവോ :)

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ