ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടി തിരുവനന്തപുരം | google mapping party trivandrum  

എഴുതിയത് Rakesh R , ലേബലുകള്‍ : , , , ,


ഇന്റര്‍നെറ്റ് ലോകത്തെ ഭീമനായ ഗൂഗിള്‍ സംഘടിപ്പിയ്ക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുക എന്നുള്ളത്, കമ്പൂട്ടര്‍ ഉപയോഗിക്കുന്ന ഏതൊരാളിന്റെയും സ്വപ്നമാണ്. ഗൂഗിളിന്റെ ഫ്രീ സര്‍വീസായ ബ്ലോഗര്‍ ഉപയോഗിക്കുന്ന നമ്മുടെ കാര്യം പിന്നെ പറയുകയും വേണ്ട. ഏകദേശം 1 മാസം മുന്‍പ് തന്നെ ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടിയെ പറ്റി, കേരള മാപ്പിംഗ് രംഗത്തെ പ്രമുഖ സ്ഥാനീയനായ ശ്രീ CNR നായര്‍ വഴി അറിഞ്ഞു. അന്നു തന്നെ മാപ്പിംഗ് പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ കയറി രെജിസ്റ്റര്‍ ചെയ്യുകയും , ബ്ലോഗില്‍ ഒരു പോസ്ട് ഇടുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ മാപ്പിംഗ് പാര്‍ട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങി. മാപ്പിംഗ് വളരെ ഗൌരവമായി കാണേണ്ട ഒരു പ്രശ്നമാണെന്നും , മാപ്പിംഗ് ചെയ്യുന്നവര്‍ തീവ്രവാദികള്‍ക്ക് കേരളത്തെ ആക്രമിക്കാന്‍ എളുപ്പവഴിയൊരുക്കുന്നു എന്ന രീതിയിലായി വാര്‍ത്തകള്‍.
ഓരോ ദിവസവും പത്രം കാണുമ്പോള്‍ ചിരിവരുന്ന രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക്, എന്താണ് മാപ്പിംഗ് എന്നോ, മാപ്പിംഗ് വഴി എന്തെല്ലാം നേട്ടങ്ങള്‍ / കോട്ടങ്ങള്‍ ഉണ്ടാകും എന്നോ അന്വേഷിയ്ക്കാതെ കാക്കക്കൂട്ടില്‍ കല്ലിട്ട അനുഭവമായിരുന്ന് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.ഇന്റലിജന്‍സ്‌ അഡീഷണല്‍ ഡി.ജി.പി ഡോ.സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെ മാപ്പിംഗ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ലൊക്കേഷന്‍ സര്‍വേയ്ക്ക് ഇപ്പൊഴും ഗൂഗിള്‍ മാപ്പിനെ ആശ്രയിയ്ക്കുന്ന ഭൂമികേരളം പദ്ധതിയുടെ ഉദ്യോഗസ്ഥരെ വിലക്കിയത് ആ പ്രൊജെക്ടിന്റെ വേഗതയെ ബാധിക്കും എന്ന അഭിപ്രായമാണ് എനിയ്ക്കുള്ളത്.
''മാതൃഭൂമിയില്‍ ജനവരി 13ന്‌ വന്ന വാര്‍ത്തയെത്തുടര്‍ന്നാണ്‌ ഞങ്ങള്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടിയെക്കുറിച്ച്‌ അറിഞ്ഞത്‌. ഇപ്പോള്‍തന്നെ ലൊക്കേഷന്‍ സര്‍വേ നടത്താന്‍ ഗൂഗിള്‍ എര്‍ത്ത്‌ ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ മാപ്പിങ്‌ പാര്‍ട്ടിയില്‍ നിന്ന്‌ ലഭിക്കുന്ന പുതിയ അറിവ്‌ ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കും ''- ഭൂമികേരളം പദ്ധതിയുടെ പ്രോജക്ട്‌ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറയുന്നു. സര്‍ക്കാരിന്റെ സര്‍വേ രേഖകളൊന്നും മാപ്പിങ്‌ പാര്‍ട്ടിയില്‍ നല്‍കില്ലെന്നും മറിച്ച്‌ ഓണ്‍ ലൈന്‍ ഭൂപടം തയ്യാറാക്കുന്നതില്‍ ഗൂഗിളിനുള്ള അന്താരാഷ്ട്ര വൈദഗ്‌ധ്യം ഭൂമികേരളം പദ്ധതിയ്‌ക്ക്‌ സഹായകമാവുമെന്നതിനാലാണ്‌ തങ്ങള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്നും ബിജു പ്രഭാകര്‍ പറയുന്നു. ഗൂഗിള്‍ മാപ്പിങ്ങിന്റെ സൗകര്യം ഉപയോഗിക്കാനായാല്‍ നിലവില്‍ ജനങ്ങളുടെ കൈയിലുള്ള സര്‍വേ സ്‌കെച്ചുകള്‍ ഗൂഗിള്‍ എര്‍ത്ത്‌ നല്‍കുന്ന സാറ്റലൈറ്റ്‌ ഭൂപടവുമായി ഒത്തുനോക്കാന്‍ കഴിയുമെന്നും ഇത്‌ സര്‍വേ നടപടികളെ കൂടുതല്‍ സുതാര്യമാക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.
എന്തുതന്നെ ആയാലും വളരെ ഗംഭീരമായി പറഞ്ഞ ദിവസം തന്നെ മാപ്പിംഗ് പാര്‍ട്ടി നടന്നു. ജോലി സംബന്ധമായ തിരക്കുകാരണം കുറച്ച് വൈകിയാണ് ഞാന്‍ എന്റെ കൂട്ടുകാരനോടൊപ്പം റെസിഡന്‍സി ടവറില്‍ എത്തിയത്. രണ്ടാമത്തെ നിലയിലാണ് ഗൂഗ്ലി പാര്‍ട്ടി എന്ന് അവിടുത്തെ സെക്യൂരിറ്റി ചേട്ടന്‍ പറഞ്ഞതിനെ ഗൂഗിള്‍ എന്ന് തിരുത്തി,ഞങ്ങള്‍ ഓടിചെന്നപ്പോള്‍ ഗൂഗിളിന്റെ പ്രതിനിധി ശ്രീ അജിത്കുമാറിന്റെ സെഷന്‍ കഴിഞ്ഞിരുന്നു.:(. കൂട്ടുകാരോട് അദ്ദേഹത്തിന്റെ സെഷനെ കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കി. അദ്ദേഹം എന്താണ് ഗൂഗിള്‍മാപ്പ് എന്നും മാപ്പിങ്ങ് നമുക്ക് എങ്ങനെയെല്ലാം പ്രയോജനപ്പെടും എന്നെല്ലാം വളരെ വിശദമായി വിവരിച്ചു. കൂടാതെ നമ്മുടെ ഹൈദരാബാദ് പോലീസ് വളരെ പ്രായോഗികമായി ഗൂഗിള്‍മാപ്പിംഗ് ഉപയോഗിക്കുന്നതിന്റെ ലൈവ് ഉദാഹരണസഹിതം നമ്മുടെ സര്‍ക്കാരിന്റെയും / പോലീസിന്റെയും പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ ചുട്ടമറുപടി നല്‍കി എന്നുവേണം പറയാന്‍.പങ്കെടുത്തവരുടെ വളരെയധികം സംശയങ്ങള്‍ക്കും അജിത്കുമാര്‍ മറുപടി നല്‍കി. ഞങ്ങള്‍ എത്തിയപ്പോള്‍ മാപ്പിംഗ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരേക്കാള്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞു. ശ്രീ സതീഷ് ബാബു, മാധ്യമപ്രവര്‍ത്തകരുടെ കുഴപ്പം പിടിച്ച ചോദ്യങ്ങള്‍ക്ക് വളരെ വ്യക്തമായി മറുപടി കൊടുക്കുന്നത് കാണാന്‍ കഴിഞ്ഞു. തീവ്രവാദികള്‍ക്ക് സഹായകരമായ കാര്യമല്ലേ ഇപ്പോല്‍ നടക്കാന്‍ പോകുന്നത് എന്ന ചോദ്യത്തിന് "ഗവണ്‍മെന്റിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരായുള്ള ഒരു പ്രവര്‍ത്തനമല്ല ഇതെന്നും , ആവശ്യപ്പെട്ടാല്‍ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ മാപ്പില്‍ മറയ്ക്കുന്നതിനുള്ള സംവിധാനം ഗൂഗിളിന് ചെയ്യുവാന്‍ കഴിയും" എന്നും അദ്ദേഹം മറുപടി നല്‍കി.
ചെറിയൊരു ചായ സല്‍ക്കാരത്തിന് ശേഷം ശ്രീ CNR നായര്‍ മാപ്പിംഗിന്റെ പ്രാഥമികതലത്തിലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങി. എന്നെപ്പോലെ ആദ്യമായി ഗൂഗിള്‍ മാപ്പ്മേക്കര്‍ ഉപയോഗിക്കുന്ന ആളിനെ ഒരു മാപ്പിംഗ് വിദഗ്ദ്ധനാക്കുവാന്‍ സഹായിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സെഷന്‍. ഇടയ്ക്ക് മറ്റുള്ളവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കിയും , പ്രസന്റേഷനുകള്‍ കാണിച്ചും അദ്ദേഹം തന്റെ സെഷനെ കൂടുതല്‍ മികവുള്ളതാക്കി.
ഇതിനിടയ്ക്ക് ഫോണ്‍ ചെയ്യാന്‍ ഹാളിന് വെളിയിലിറങ്ങിയ കെന്നി ജേക്കബിനെ പോലീസ്(മഫ്ടിയിലെത്തിയ 2 ക്രൈം ബ്രാഞ്ച് കോണ്‍സ്റ്റബിള്‍സ്) പൊക്കി :p. ഞങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ല എന്ന മുഖവുരയോടെയാണ് അവര്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്ന് കെന്നി പറഞ്ഞു. പ്രധാനമായും ഞങ്ങള്‍ എന്താണ് അവിടെ ചെയ്യുന്നതെന്നും , സെന്‍ട്രല്‍ ജെയില്‍ മാപ്പ് ചെയ്യാന്‍ പറ്റുമോ എന്നെല്ലാം അവര്‍ ചോദിച്ചു. അവസാനം കെന്നിയുടെ അഡ്രസ്സും വാങ്ങി, "യേമ്മാന്‍ വിളിപ്പിച്ചാല്‍ ഈ പറഞ്ഞതൊക്കെ അവിടെയും വന്നൊന്ന് പറഞ്ഞേക്കണേ" എന്നും പറഞ്ഞ് അവര്‍ സ്ഥലം കാലിയാക്കി.
വളരെപെട്ടെന്ന് തന്നെ ഞങ്ങളെല്ലാം (ആക്രാന്തത്തോടെ)കാത്തിരുന്ന ആ ശുഭമുഹൂര്‍ത്തം വന്നണഞ്ഞു, ആഹാരസമയം. വളരെ വിഭവസമൃദ്ധമായ ആഹാരം കഴിഞ്ഞപ്പോള്‍ വീണ്ടും സെഷന്‍ തുടങ്ങി. ഇത്തവണ സംസാരമായാല്‍ എല്ലാവരും ഉറങ്ങും എന്ന് കരുതിയാകണം, പ്രാക്ടികല്‍സ് ആയിരുന്നു.രാവിലെത്തെ സെഷനില്‍ മനസ്സിലാക്കിയ കാര്യങ്ങളെല്ലാം സ്വന്തം ലാപ്പ്ടോപ്പില്‍ ചെയ്തുനോക്കാനും അതുവഴിയുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കാനും സാധിച്ചു. ശ്രീ അമര്‍നാഥ് രാജ, ശ്രീ സതീഷ്ബാബു എന്നിവരും ശ്രീ CNR നായര്‍ക്കൊപ്പം എല്ലാവരുടെയും സംശയങ്ങള്‍ ധൂരീകരിച്ചുകൊണ്ടിരുന്നു.
പ്രാക്ടികല്‍ സെഷന്‍ കഴിഞ്ഞപ്പോള്‍ തന്നെ പാനല്‍ ഡിസ്കഷന്‍ തുടങ്ങി. ശ്രീ അമര്‍നാഥ് രാജ മോഡറേറ്റര്‍ ആയിരുന്ന പാനലില്‍ ശ്രീ സതീഷ് ബാബു, ശ്രീ M G രാധാകൃഷ്ണന്‍(ഇന്ത്യ ടുഡേ), ശ്രീ റോയി മാത്യു(ദി ഹിന്ദു), ശ്രീ അന്‍വര്‍ സാദത്ത്(ഐടി@സ്കൂള്‍) എന്നിവര്‍ അംഗങ്ങളായിരുന്നു. കമ്മ്യൂണിറ്റി മാപ്പിംഗ് എന്താണെന്നും അതുവഴി സമൂഹത്തിനുണ്ടാകുന്ന പ്രയോജനങ്ങളെ പറ്റിയും , ഗൂഗിളിനെ ആശ്രയിച്ചല്ല കമ്മ്യൂണിറ്റി മാപ്പിംഗ് നടക്കുന്നതെന്നും , പക്ഷെ ഇന്നുള്ളതില്‍ ഏറ്റവും വലുതും , കൂടുതല്‍ വസ്തുനിഷ്ടവുമായ മാപ്പ് ഗൂഗിള്‍ വഴിയാണ് ലഭിയ്ക്കുന്നതെന്നും പാനല്‍ ചര്‍ച്ച ചെയ്തു. ഒരു പത്രത്തില്‍ വന്ന "ഇനിയിപ്പോള്‍ പബ്ലിക് ടാപ്പുകളും നിരോധിയ്ക്കണം, അല്ലേല്‍ തീവ്രവാദികള്‍ വന്ന് വെള്ളം കുടിച്ചാലോ" എന്ന പരാമര്‍ശ്ശം സദസ്സിനെ ചിരിപ്പിച്ചു. ഭൂ മാഫിയ, ദളിത് ഭൂമി തുടങ്ങിയ പ്രശ്നങ്ങളില്‍ കമ്മ്യൂണിറ്റി മാപ്പിംഗ് വളരെ സഹായകരമാണ് കൂടാതെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും, അടിയന്തിരമായുള്ള ദുരിതനിവാരണ പ്രവര്‍ത്തനങ്ങല്‍ക്കും മാപ്പിംഗ് പ്രയോജനപ്പെടുത്താം എന്നും പാനല്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ചചെയ്തത് കാരണം മാപ്പിംഗ് പാര്‍ട്ടിയ്ക്ക് കാര്യമായ പബ്ലിസിറ്റി ലഭിച്ചു എന്നും ഗവണ്‍മെന്റിന്റെയും പോലീസിന്റെയും ആശങ്ക അകറ്റുവാന്‍ നാമെല്ലാം ബാധ്യസ്ഥരാണെന്നും പാനല്‍ അറിയിച്ചു.

മാപ്പിംഗ് വിദഗ്ദ്ധരും അല്ലാത്തവരുമടങ്ങിയ ആള്‍ക്കാര്‍ പങ്കെടുത്ത് വളരെ നല്ല രീതിയില്‍ നടന്ന ഒരു മാപ്പിംഗ് പാര്‍ട്ടി വഴിപാടായി എന്ന് ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്ത മനോരമയോട് നമ്മുടെ മുഖ്യമന്ത്രിയുടെ ഭാഷയില്‍ ശുദ്ധ പോഴത്തരമാണീ വാര്‍ത്ത എന്നുപറയുകയേ നിവൃത്തിയുള്ളു.

മുകളില്‍ പറഞ്ഞ പല കാര്യങ്ങളും ഈ ലിങ്കുകളിലൂടെ മനസ്സിലാക്കാം

മാപ്പിംഗ് പാര്‍ട്ടിയുടെ ചിത്രങ്ങള്‍ക്കായി ഈ ലിങ്ക് വഴി പോകുക.
************************************************************************************************************************
വാല്‍ക്കഷ്ണം : കമ്പ്യൂട്ടറിനെ പണ്ട് എതിര്‍ത്തിരുന്നത് കുറച്ചുകൂടി ശക്തമാക്കിയിരുന്നേല്‍ ഇന്ന് ഈ മാപ്പിംഗ് പാര്‍ട്ടിയോ , ഗൂഗിളോ ആരേലും നമ്മുടെ കേരളത്തില്‍ വന്ന് തലപൊക്കുമായിരുന്നോ :)

ഗൂഗിളിന്റെ ഓളം | Google Wave  

എഴുതിയത് Rakesh R , ലേബലുകള്‍ : , , ,


ഒരു ദിവസം രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ പ്രോജക്റ്റ് മാനേജരുടെ മെയില്‍ കിട്ടി. ഗൂഗിള്‍ വേവ് വലിയ സംഭവമാണെന്നും അത് എന്താണെന്ന് എല്ലാവരും നോക്കൂ, എങ്ങനെയുണ്ടെന്ന് നോക്കൂ എന്നെല്ലാമായിരുന്നു മെയിലിന്റെ ഉള്ളടക്കം. ശരി വേവ് എങ്കില്‍ വേവ് അതല്ല ഓളമെങ്കില്‍ ഓളം, 2 ദിവസം പണിയില്ലാതെ ഇരിക്കുന്നതിന്റെ ക്ഷീണം തീര്‍ത്തുകളയാം. ഗൂഗിളമ്മച്ചിയോട് ചോദിച്ച് ഒരുവിധം കാര്യങ്ങളൊക്കെ മനസ്സിലാക്കി. അപ്പൊ തന്നെ കയറി ഗൂഗിള്‍ വേവ് ആദ്യം എനിക്കു തന്നെ തരണേ എന്റെ പൊന്നുഗൂഗിളമ്മച്ചീ എന്നെഴുതി ഒരു ആപ്പ്ലിക്കേഷന്‍ കൊടുത്തു. പിന്നെ എന്താ
എന്ന് വരും നീ എന്നു വരും നീ എന്റെ ബ്രൌസറില്‍ വെറുതേ ... എന്റെ ബ്രൌസറില്‍ നീ വെറുതേ.......... പാട്ടും പാടി കാത്തിരിപ്പോട് കാത്തിരിപ്പ്.

അതിനിടയ്ക്ക് ചില അവന്‍മാരും അവളുമാരും ട്വിറ്ററില്‍ അപ്ഡേറ്റ് ഇടുന്നു, "എനിക്കു ഇന്ന് ഓളം കിട്ടും ഇന്നലെ കിട്ടാനിരുന്നതാ , പക്ഷെ ഞാന്‍ 2 ദിവസം കഴിഞ്ഞ് മതിയെന്നു പറഞ്ഞു...".... പിന്നെ വേറെ ഒരു ന്യൂസും കൂടി കേട്ടപ്പോ ത്രിപ്പതി ആയണ്ണാ ത്രിപ്പതി ആയി, ന്യൂസ് എന്താണെന്ന് വച്ചാല്‍ , ഗൂഗിള്‍ വേവ് ഒരു വന്‍ സംഭവമാണ്. അതുകൊണ്ടുതന്നെ എന്നെ പോലുള്ള ആപ്പ ഊപ്പകല്‍ക്കൊന്നും അത് വെറുതെ കൊടുക്കുന്നില്ല എന്ന് അമ്മച്ചി തീരുമാനിച്ചു. സമാധാനം ആയി, ഇനിയിപ്പൊ നമ്മുടെ കൂട്ടത്തിലാര്‍ക്കും കിട്ടുമെന്ന് തോന്നുന്നില്ല. അങ്ങനെ ആര്‍ക്കും കിട്ടത്തില്ല എന്നൊക്കെ കരുതി സമാധാന്‍ ആയിരുന്നപ്പോള്‍ അതാ ഒരു കൂട്ടുകാരന്‍ രാവിലെ വന്ന് മൊട "എടാ ഈ ബിരിയാണി തിന്നാല്‍ പല്ലിന്റെ ഇടയില്‍ കയറുമോ ??" എന്ന പോലെ ഈ ഗൂഗിള്‍ വേവ് യൂസ് ചെയ്താല്‍ സിസ്ടം സ്ലോ ആകുമോ എന്നൊക്കെ ചോദിക്കുന്നു. ദൈവമേ ഇവനും ഗൂഗില്‍ വേവ് കിട്ടിയാ... അറിയാതെ മനസ്സില്‍ പറഞ്ഞുപോയെങ്കിലും പുറത്ത് കാണിച്ചില്ല... അറിയില്ലെടാ ഗൂഗില്‍ വേവ് കൊള്ളത്തില്ലാ എന്നാരോ പറയുന്നത് കേട്ടു. (കിട്ടാത്ത മുന്തിരി ഭയങ്കര പുളിപ്പാ അല്ലേ :) )
അവസാനം ആരോ പറയുന്നത് കേട്ടു, ഗൂഗിളില്‍ ജോലി ചെയ്യുന്ന ആള്‍ക്കാരെ പരിചയമുണ്ടെങ്കില്‍ വേവ് ഇന്‍വിറ്റെഷന്‍ കിട്ടും .... അങ്ങനെ പഴയ കമ്പനിയില്‍ കൂടെ ജോലിചെയ്തിരുന്ന ഒരു കൂട്ടുകാരിയെ ഫോണ്‍ ചെയ്ത് അവള്‍ക്ക് ഇന്‍വൈറ്റ് ഓപ്ഷന്‍ കിട്ടിയാല്‍ ആദ്യം എന്നെ ഇന്‍വൈറ്റ് ചെയ്യാം എന്ന് സത്യം ചെയ്യിപ്പിച്ചു. അടുത്ത ദിവസം തന്നെ അവള്‍ വിളിച്ചു, ഇന്‍വൈറ്റ് ചെയ്തു എന്നറിയിച്ചു. പിന്നെ വീണ്ടും കാത്തിരിപ്പ് ........

2 ദിവസം കഴിഞ്ഞപ്പോള്‍ വേദ വ്യാസനും ഓളമായി, വേവ് കിട്ടി :) :) ആഹ്ലാദിപ്പിന്‍ അര്‍മാദിപ്പിന്‍ ..

പക്ഷെ ആദ്യത്തെ ദിവസം തന്നെ മനസ്സിലായി, ഇതൊരു വഴിയ്ക്ക് പോകില്ല... എന്തുവാടെ ഒന്നും മനസ്സിലാകണില്ലല്ല... ഇതാണോ ഭീകരനായ ഗൂഗിള്‍ വേവ്....


ആ ഇപ്പൊ എന്ത് പറയാന്‍ മല പോലെ വന്നത് എലി പോലെ പൊയി എന്ന് പറഞ്ഞാ മതിയല്ലൊ ? ഇപ്പൊ കുറെ നാളായി വേവ് എടുത്ത് നോക്കിയിട്ടുതന്നെ. വീണ്ടും ഒരുപാട് ഇനവൈറ്റുകള്‍ അനാഥമായി കിടക്കുന്നുണ്ട്. ഇനി ആരെങ്കിലും ഗൂഗിള്‍ വേവ് കണ്ടിട്ടില്ല എന്നുണ്ടെങ്കില്‍ മെയില്‍ ഐഡി കമന്റായി തന്നാല്‍ ഞാന്‍ ഇന്‍വൈറ്റ് ചെയ്യാം.

കൊച്ചിന്‍ ഹനീഫയുടെ മരണം !!!  

എഴുതിയത് Rakesh R , ലേബലുകള്‍ : , ,

പത്രം / മീഡിയ = ആര്‍ക്കും എന്തും എപ്പോഴായാലും വിളിച്ചു പറയാനുള്ളയിടം ?????

ശ്രീ ജ്യോതിബസു ഗുരുതരാവസ്ഥയില്‍ ആയിരുന്നപ്പോഴുള്ള ബഹളം ആരും മറന്നിരിക്കാന്‍ ഇടയില്ല. അദ്ദേഹത്തെ പലവട്ടം കൊല്ലുന്ന വാര്‍ത്തകള്‍ നമ്മള്‍ കണ്ടതാണ്.  ഒരിയ്ക്കല്‍ സംഭവിച്ച പിഴവ്, വീണ്ടും ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിയ്ക്കേണ്ടേ ??? ഹോട്ട് ഡോഗിനെ പട്ടിയാക്കിയത് പോലുള്ള തമാശകള്‍ നമ്മള്‍ ആസ്വദിച്ച് ചിരിച്ച് തള്ളിയതാണ്. പക്ഷെ ഒരു വ്യക്തി അന്തരിച്ചു എന്ന വാര്‍ത്ത കൊടുക്കുമ്പോള്‍ അത് ഉറപ്പുവരുത്തിയിട്ടാകണം എന്നത് നിര്‍ബന്ധമല്ലേ ?? അതോ മറ്റുള്ളവരെക്കാള്‍ മുന്‍പേ വാര്‍ത്ത എത്തിയ്ക്കാനുള്ള വ്യഗ്രതയില്‍ യാതൊന്നും ഒരു പ്രശ്നമേ അല്ലേ???

ഇതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകള്‍


അവസാനം മാതൃഭൂമി ഖേദം രേഖപ്പെടുത്തി,


പക്ഷെ മനോരമയോ ??? പാവം ആരോ ആണ് ഹനീഫ അന്തരിച്ചുവെന്ന് പ്രചരിപ്പിച്ചതത്രേ !!!!!!!!

മലയാളം ടി വി ചാനലുകള്‍ അദ്ദേഹത്തിന്റെ ജീവിതചരിത്രവും, അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മറ്റുള്ള നടന്മാരുമായി പങ്കുവെയ്ക്കുകയും ചെയ്തത്രെ ? കഷ്ടം എന്നല്ലാതെ എന്തു പറയാന്‍...

ലീഡര്‍ കരുണാകരന്‍,നടന്‍ തിലകന്‍ എന്നിവര്‍ അന്തരിച്ചു എന്ന വാര്‍ത്തയും നമ്മള്‍ കണ്ടു, രണ്ടാളും സസുഖം ജീവിക്കുന്നു ഇപ്പോഴും.

ഈ വാര്‍ത്താമധ്യമങ്ങളില്‍ തന്നെ അദ്ദേഹം വന്നിരുന്ന് ഇനിയും ഒരു പാട് ലൈവ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ