ചെറായി ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍  

എഴുതിയത് Rakesh R , ലേബലുകള്‍ : , ,

എല്ല്ലാവരും ദിദിലേ വരിക

ഓ എന്തോന്നെഡായ് ഇതൊരു മീറ്റ് ആണോ ?????  

എഴുതിയത് Rakesh R , ലേബലുകള്‍ : ,

ഏകദേശം ഒരു മാസത്തോളമായി മീറ്റ്‌ ഈറ്റ്‌ എന്നെല്ലാം പറഞ്ഞോണ്ടിരിക്കാന്‍ തുടങ്ങിയിട്ട്. അങ്ങനെ അവസാനം വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ എന്നും പാടി ആ സുദിനം വന്നെത്തി. ജൂലൈ 26 ഞാറാഴ്ച, വിശ്വപ്രസിദ്ധമായ (അല്ലെങ്കില്‍ ബൂലോക പ്രസിദ്ധമായ)"ചെറായി ബ്ലോഗേര്‍സ് മീറ്റ്" നടക്കുന്ന സുദിനം(ബുഹ് ഹ ഹ ഹ).

26 ന് ആണ് മീറ്റെങ്കിലും ഏകദേശം രണ്ടാഴ്ച മുന്‍പേ തയ്യാറെടുപ്പ് തുടങ്ങി :). മീറ്റെന്ന് ഒരു വാക്ക് എവിടെയെങ്കിലും കണ്ടാല്‍ പേ പിടിച്ച പട്ടിയെപ്പോലെ അവിടെല്ലാം ഞാന്‍ ഓടിനടന്നു. അടയാളം വെയ്ക്കുംപോലെ അവിടവിടെ കമന്റുകയും ചെയ്തു. കൊട്ടോട്ടിക്കാരനോടു മീറ്റില്‍ മീറ്റാം എന്ന് പറഞ്ഞു. ഹരീഷേട്ടനെ വിളിച്ച് , മഹാസംഭവമായ ഈ വേദ വ്യാസന്‍ ബൂലോക മീറ്റിനെത്തുന്നതാണ് എന്ന് പ്രഖ്യാപിച്ചു.

അങ്ങനെ നോക്കിയപ്പൊ പരിചയമുള്ള ഒരു സ്ഥലപ്പേര് ബൂലോകത്തുകിടന്ന് വിഹരിക്കുന്നു (പോങ്ങുംമുടന്‍). പാവമല്ലേ ഈയുള്ളവനെ പരിചയപ്പെടാന്‍ ഒരു അവസരം കൊടുക്കാം എന്ന് കരുതി ഒരു മെയില്‍ അയച്ചു. ങ്ങേ ഹേ അങ്ങേര്‍ക്ക് വല്ലകുലുക്കവുമുണ്ടാ, ഒടുക്കത്തെ മൊട. ഹരീഷേട്ടന്റെ പോസ്റ്റില്‍ ഒരു കമന്റ്, "നീയാണാടെ അപ്പീ എനിക്കു മെയില്‍ അയച്ച വേദവ്യാസന്‍". ദാണ്ട കിടക്കണ്, ഈ ബൂലോകത്ത് ഞാനറിയാതെ വേറേതു വ്യാദവ്യാസനണ്ണാ . ഓ തന്നണ്ണാ തന്നെ എന്നുപറഞ്ഞ് ഒരു മറുപടി കമന്റ് കൊടുത്ത് കഴിഞ്ഞപ്പോ ആകെ കണ്‍ഫ്യൂഷ്യനിസം, മീറ്റിനെങ്ങനെ പോകും. ഒറ്റയ്ക് ഒരിടത്തും പോവല്ല് , പിള്ളാര് പിടിത്തക്കാര്‍ പിടിച്ചോണ്ട് പോകും എന്ന് നല്ലപ്രായത്തില്‍ അമ്മ ധൈര്യം തന്ന് വളര്‍ത്തിയതുകൊണ്ടാണെന്ന് തോന്നുന്ന് , ആലോചിച്ചപ്പ ആകെ ഒരു രോമാഞ്ചം .... പോരാത്തതിന് മീറ്റിന് ചാവേര്‍, സുനാമി, തീവ്രവാദി, മിതവാദി ഇതൊന്നുമല്ലാതെ തോന്ന്യാസിയും , രോമാഞ്ചം ഡബിള്‍, ത്രിബിള്‍....സ്വാഹ. ആര്‍ക്കെങ്കിലും ഒറ്റയ്ക്ക് പോകാന്‍ പേടിയുണ്ടാ എന്ന് അറിയാന്‍ ഒരു കമന്റിട്ട് മൊബൈല്‍ നമ്പരും കൊടുത്തു. അടുത്ത സെക്കന്റില്‍ വിളി വന്നു.

ശ്രീകണ്ഠകുമാര്‍ പിള്ള (ശ്രീ@ശ്രേയസ്സ്) ആയിരുന്നു ആ പഹയന്‍. ശ്രീയൊടു സംസാരിക്കുമ്പോള്‍ അടുത്ത കോള്‍, എന്റമ്മേ ഇത്രേം പേടിത്തൊണ്ടന്‍മാരോ ;). കേരളാ ഫാര്‍മര്‍ ചേട്ടനായിരുന്നു രണ്ടാമത്തെ ആള്‍. ഞാന്‍ പോങ്ങുവിന്റെ കമന്റ് കണ്ടപ്പോള്‍ വിചാരിച്ച് ഭവാന്‍ ഉടനെ എന്നെ വിളിക്കുമെന്ന്. അങ്ങനെ ആരാണെന്ന് മനസ്സിലായോ എന്ന് ചോദിച്ച ഫാര്‍മറേട്ടനോടു കൊച്ച് കള്ളാ പോങ്ങുവല്ലേ എന്ന് ചോദിക്കേണ്ടിവന്നു. ഉടന്‍ കിട്ടി തലയ്ക്ക് കൊട്ട്, "വേറെയും പലരും ഈ ബൂലോകത്തുണ്ട് ". തൃപ്തിയായി, പിന്നെ വിട്ടുകൊടുക്കാന്‍ പറ്റുമോ ഉടന്‍ പ്ലേറ്റ് മാറ്റി. "അങ്കിള്‍ അല്ലെ , എനിക്കറിയാം", വീണ്ടും കൊട്ട്, അല്ല ഇതു വേറെ ആളാണ്. പിന്നെ യയാതി ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച് തുറുപ്പ് ഗുലാന്‍ (ഇതും ചീറ്റിയാല്‍ സംഗതികളെല്ലാം പുറത്തായി ഈ റിയാലിറ്റി ഷോ അവസാനിപ്പിക്കേണ്ടിവരും) കേരളാ ഫാര്‍മര്‍.... അപ്പോള്‍ മറുവശത്തൊരു ചിരി :). "ഖള്ളന്‍ ഖണ്ടു പിടിച്ചു".

ഇവരോടെല്ലാം സംസാരിച്ചപ്പോള്‍ കിട്ടിയ അറിവ്.

തിരുവന്തോരം ഏരിയാ കമ്മറ്റീന്ന് ആകെ 6 ബ്ലോഗേര്‍സ് 1 ബ്ലോഗറല്ലാത്തയാള്‍. എല്ലാവരും ജനശതാബ്ദി എക്സ്പ്രസില്‍ വരുന്നു. നന്നായി ഞാന്‍ മാത്രം റിസര്‍വ് ചെയ്തില്ല.

1. അങ്കിള്‍ (ചന്ദ്രകുമാര്‍)
2. അങ്കിളിന്റെ ആന്റി (അല്ല നമ്മുടെ ആന്റി അങ്കിളിന്റെ ഭാര്യ)
3. കേരളാ ഫാര്‍മര്‍ (ചന്ദ്രശേഖരന്‍ നായര്‍)
4. വെള്ളായണി വിജയന്‍
5. ശ്രീ@ശ്രേയസ്സ് (ശ്രീകണ്ഠകുമാര്‍ പിള്ള)
6. വേദ വ്യാസന്‍ (രാകേഷ് ആര്‍)


വേറൊരു സംഭവം കൂടി തിരുവനന്തപുരത്ത് നിന്നും ഉണ്ടെന്ന് കേട്ടു , അപ്പൂട്ടന്‍ (പ്രശാന്ത്). പക്ഷെ അപ്പൂട്ടന്റെയോ, പോങ്ങേട്ടന്റെയോ ഒരു വിവരവുമില്ല. പിന്നീട് വളരെ പെട്ടെന്നായിരുന്നു സംഭവങ്ങള്‍ , ഓഫീസില്‍ അടുത്തിരിക്കുന്ന കൂട്ടുകാരിയോട് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റ് ഒപ്പിച്ചു.

അങ്ങനെ 26 ഞായര്‍ രാവിലെ ശുഭമുഹൂര്‍ത്തത്തില്‍ ഞാന്‍ കുളിച്ചൊരുങ്ങി, സുന്ദരക്കുട്ടപ്പനായി, വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ എത്തി. ജനശതാബ്ദി ഇതാ വന്നുകൊണ്ടിരിക്കുന്നു എന്ന് മൈക്കിലൂടെ ചേച്ചി വിളിച്ച് പറയുന്നു. ഞാന്‍ ചാടിക്കയറി. D1 106 കണ്ടുപിടിച്ചു , അവിടെയിരുന്ന ഒരു മനുഷ്യനെ ഓടിച്ച് വിടുകയും ചെയ്തു. സമാധാനമായി. ഇനി നമ്മുടെ കൂട്ടുകാരെ വിളിക്കാം. ശ്രീ@ശ്രേയസ്സിനെ വിളിച്ചു. അവരും D1 ആണെന്ന്. ഇപ്പോ മനസ്സിലായോ ഹരീഷേട്ടന്‍ ബ്ലോഗീശ്വരന്മാരേയും ബ്ലോഗീശ്വരിമാരേയും പ്രാര്‍ത്ഥിച്ചതിന്റെ ഫലം. :). ശ്രീ കൈ വീശിക്കാണിച്ചു, ഞാനും കാണിച്ചു. അങ്ങോട്ട് ചെല്ലണോ, എല്ലാം തഴക്കവും പഴക്കവും വന്ന ബ്ലോഗര്‍മാര്‍, അതു മാത്രമല്ല എല്ലാരും മൂപ്പില്‍സ് ആണ് (ശ്രീയെ കൂട്ടിയില്ല).

അവിടെ എത്തിയപ്പോഴല്ലെ മനസ്സിലായത്, ബൂലോകത്ത് പ്രായത്തിന് ഒരു സ്ഥാനവുമില്ല, ഇവര്‍ നമ്മളെ കടത്തി വെട്ടുന്ന പയ്യന്‍സ്. വെള്ളായണി ചേട്ടന് ആകെ ഒരു മസ്സില്‍ പിടിത്തം,പക്ഷെ കുറച്ചു കഴിഞ്ഞപ്പഴാ മനസ്സിലായത് അദ്ദേഹത്തിന്, ഞാനും ഒരു ബ്ലോഗറാണെന്ന് മനസ്സിലായില്ല (കഷ്ടം കാലത്തിന്റെ ഒരു പോക്കെ). അങ്കിളും ശ്രീയും ഫാര്‍മര്‍ചേട്ടനും കൂടി പുതിയ ടെക്നോളജി വിവരങ്ങള്‍ പങ്കു വെയ്ക്കുന്നു. ഞാന്‍ പതിയെ അവിടെ നിന്നും വലിഞ്ഞ് വാതില്‍ക്കല്‍ പോയി നിന്നു രണ്ടു മൂന്ന് പടം പിടിച്ചു. കുറച്ച് കഴിഞ്ഞപ്പോ വിജയന്‍ചേട്ടനും ശ്രേയസ്സും കൂടി വാതില്ക്കല്‍ വന്നു സംസാരം തുടര്‍ന്നു. അങ്ങനെ കുമ്പളം എന്ന റെയില്‍വേ സ്റ്റേഷന്‍ കണ്ട ശ്രേയസ്സിന്റെ കമന്റ് "മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ".

എറണാകുളം സൌത്തിലിറങ്ങി, ബൂലോകരെ വഹിച്ച D1 ന് നന്ദി രേഖപ്പെടുത്തി ഒരു ഫോട്ടോയും എടുത്ത് നടന്നു. എല്ലാവരും ഒളിപ്പിച്ച് വെച്ചിരുന്ന ക്യാമറകള്‍ പുറത്തെടുത്ത് പടം പിടിത്തം തുടങ്ങി. മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ പറ്റാത്തതിന്റെ നിരാശ ഫാര്‍മര്‍ ചേട്ടന്റെ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു. അതിനിടയിലും എനിക്കിട്ട് കൊട്ടാന്‍ മറക്കുന്നില്ല. വെള്ളായണി ചേട്ടനോടു ഫാര്‍മറേട്ടന്റെ കമന്റ്, "ഞാന്‍ ഈ വേദ വ്യാസനെന്നൊക്കെ കേട്ടപ്പോ , താടിയൊക്കെ വളര്‍ത്തിയ ഒരുത്തനെന്നാ കരുതിയെ , ഇതിപ്പൊ ഒര് പീക്കിരി ചെക്കന്‍.". പ്രീ പെയ്ഡ് ഓട്ടോ ക്യൂ കണ്ടപ്പോ എല്ലരും കൂടി വെളിയിലിറങ്ങി, ഓട്ടോ തേടി യാത്രയായി. ഹൈക്കോര്‍ട്ട് എന്ന് കേള്‍ക്കുമ്പൊ ഓട്ടൊക്കാരെല്ലാം മുഖം തിരിക്കുന്നു. ഇനിയിപ്പൊ മീറ്റ് മുടക്കാന്‍ ഓട്ടോക്കാരും തീരുമാനിച്ചോ ???? അപ്പോള്‍ രണ്ട് ഓട്ടൊകള്‍ മുട്ടിയുരുമ്മി നില്ക്കുന്നതു കണ്ട് എല്ലാരും അവിടെ പാഞ്ഞെത്തി, ചാടിക്കയറി :),ഓട്ടോച്ചേട്ടന്‍മാര്‍ക്ക് പറ്റില്ലാന്ന് പറയാന്‍ അവസരം കൊടുത്തില്ല.

ഹൈക്കോര്‍ട്ടില്‍ നിന്നും ചെറായി ബസില്‍ കയറി, ദേവസ്വം നടയിലിറങ്ങി. ഓട്ടോയ്ക്കായി ചെന്നപ്പോള്‍ പാലം പണി കാരണം ചുറ്റി പോകണം എന്ന്. ശരി എന്തായാലും താമസ്സിച്ചു ഇനി ചുറ്റെങ്കില്‍ ചുറ്റ്. ഓട്ടോയില്‍ കയറി അമരാവതി എന്ന് പറഞ്ഞപ്പൊ, ഡ്രൈവറുടെ ചോദ്യം, "സുഹൃദ് സംഗമത്തിനാണോ എന്ന്". അത് കേട്ട് ശ്രീ@ശ്രേയസ്സ് കോരിത്തരിച്ചിരിയ്ക്കുന്നു. ആകെ ഒരു ആവേശം.കായലിനിടയ്ക്കൂടെയുള്ള ആ യത്രയില്‍ പാലം പണിയുന്നവര്‍ക്ക് നന്ദി പറഞ്ഞു. അവര്‍ കാരണമാണല്ലോ ഈ കാഴ്ചകളൊക്കെ കാണാനായത്. മനോഹരം. ഓട്ടോയിലിരുന്ന് ഫോട്ടം പിടിക്കാന്‍ പറ്റിയില്ല. കുറച്ച് മുന്‍പില്‍ ഒരു സംഘം പിക് അപ്പ് ഓട്ടോയില്‍,ഓപ്പണ്‍ സോഴ്സ് ഫൌണ്ടെഷന്റെ ആള്‍ക്കാരെപോലെ ഞങ്ങള്‍ക്ക്‌ ഒളിക്കാന്‍ ഒന്നുമില്ല എന്നാ മട്ടില്‍ മൂടിയെല്ലാം തുറന്നിട്ട് പോകന്നു. അടുത്തെത്തിയപ്പോ മനസ്സിലായി അവര്‍ ബ്ലോഗേര്‍സ് അല്ല.

അങ്ങനെ ലൊക്കേഷനില്‍ ഓട്ടോകള്‍ സ്ലോമോഷനില്‍ ചവിട്ടിനിര്‍ത്തി. എല്ലാവരും ഇറങ്ങി. മൈക്കിലൂടെ ആരൊ സ്വയം പരിചയപ്പെടുത്തുന്നു. എഴുത്ത്കാരിചേച്ചിയും ,ബിന്ദു കെ പി യും , പിരീക്കുട്ടിയുമെല്ലാം രെജിസ്ട്രേഷന്‍ കൌണ്ടറിന്റെ നിയന്ത്രണം ഏറ്റെടുത്ത് നടത്തുന്നു. ഫോമില്‍ എല്ലാം പൂരിപ്പിച്ച് കൊണ്ടിരുന്നപ്പോള്‍ അവരുമായി പരിചയപ്പെട്ടു. അപ്പുവേട്ടനും മണികണ്ഠനും ഹരിഷേട്ടനും നിറഞ്ഞ ചിരിയോടെ ഞങ്ങളെ സ്വീകരിച്ചാനയിച്ചു. അപ്പോഴേയ്ക്ക് കൊട്ടോട്ടിക്കാരന്‍ എത്തി. തമ്മില്‍ പരിചയപ്പെട്ടു (നേരില്‍ കണ്ടിട്ടില്ലായിരുന്നു).

കൊട്ടോട്ടിയോട് എന്താലേറ്റായതെന്ന് കേട്ടപ്പോ, മോഹന്‍ലാല് വരികയല്ലേ ഭയങ്കര ബ്ലോക്കായിരുന്ന് എന്ന് പറഞ്ഞു. ഞാനൊന്ന് ഞെട്ടി. അമ്പട ഹരീഷേട്ടാ , ലാലേട്ടനെയൊക്കെ വിളിച്ച് വരുത്തി മീറ്റ് ഒരു സംഭവമാക്കന്‍ പോകുകയാണല്ലേ, കള്ളാ കള്ളാ :)

പെട്ടെന്ന് ഒരു മിന്നായം പോലെ ലാലേട്ടന്‍ റിസോര്‍ട്ടിനകത്തേയ്ക്ക്, പിറകേ മുരളിക ഉള്‍പ്പെടെയുള്ള ഒരു സംഘവും. ഇതെന്താ ഇവര്‍ ഓടിപ്പോയത്. പിന്നെ കാണുന്നത് ഒരു കുഞ്ഞിനെയും എടുത്ത് ഇറങ്ങി വരുന്ന ലാലേട്ടനെയാണ് , അയ്യേ...............അയ്യായ്യേ ലാലേട്ടനോ, ഇതോ , ക്ഷമിക്കൂ ലാലേട്ടാ, സംഭവം എന്താണെന്ന് മനസ്സിലായോ, ചെമീന്‍ വട അടിച്ചുമാറ്റാന്‍ ചെന്ന തോന്ന്യാസിയ്ക്കും പോങ്ങുവിനും ലതിചേച്ചിയുടെ വക തല്ല് കിട്ടി. പൊട്ടിക്കരഞ്ഞ തോന്ന്യാസിയേയുമെടുത്താണ് പോങ്ങു വന്നത്. പ്രൊഫിലിലെ പടം കണ്ടാല്‍ ഒര് ഗുണ്ടാ ലുക്ക് ഉണ്ടെങ്കിലും പോങ്ങുമൂടന്‍ ഒരു മാടപ്രാവാണ്. :), കൊട്ടോട്ടിക്കാരനോട് അന്വേഷിച്ചപ്പഴാ കാര്യം മനസ്സിലായത്‌ മോഹന്‍ലാല്‍ വരുന്നത് മൂന്ന്പീടികയില്‍ ഏതോ കട ഉത്ഘാടിക്കാനാണെന്ന്.

ഹാളിനത്ത് കയറി ഞാന്‍ പടം പിടിത്തം തുടങ്ങി. എന്റെ ശല്യം സഹിക്കാനാകതെ ആരോ മൈക്ക് കൈയ്യില്‍ പിടിപ്പിച്ചു. ആ നിറഞ്ഞ സദസ്സിന് മുന്നില്‍ ഞാന്‍ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി :) പിന്നെ "ആരൊക്കെ പറഞ്ഞാലും ഇനി ബ്ലോഗിംഗ് നിര്‍ത്തുകയില്ല" എന്നും ഉറക്കെ പ്രഖ്യാപിച്ചു. കൊട്ടോട്ടികാരന്റെ നുണകളും , വാഴക്കോടന്റെ പുളുവും (പുള്ളി വിമാനത്തീന്ന് ചെറായിയില്‍ ചാടുകയായിരുന്നത്രെ :) ), തോന്ന്യസിയുടെ തോന്ന്യാസിത്തരവും എല്ലാം കേട്ട് മരിച്ചിരിക്കുകയായിരുന്നു ഞങ്ങളെല്ലാം. ആകെ എന്തോ ഒരു പ്രശ്നമുള്ളതുപോലെ, ജനസാന്ദ്രത ഒരു ദിശയില്‍ കുറവും മറ്റിടത്ത് കൂടുതലും പിന്നീടാണ് മനസ്സിലായത്, ചായ, ബിസ്കറ്റ്, വയണയിലയപ്പം, മുതലായവ വച്ചിരിക്കുന്ന സൈഡിലേയ്ക്ക് ബൂലോകത്തിന് ചരിവുണ്ടെന്ന്.

അപ്പോളേയ്ക്കും അടുത്ത പരിപാടി തുടങ്ങി, ബൂലോകത്തെ സകല ചരാചരങ്ങളേയും പേപ്പറില്‍ ആവാഹിക്കാന്‍ മന്ത്രവാദി സജീവേട്ടന്‍ തയ്യാറായി. ബഹളമുണ്ടാക്കതെ ക്യൂ പാലിച്ചാല്‍ പടം വരച്ച് തരാമെന്ന് പറഞ്ഞപ്പോള്‍ സാക്ഷാല്‍ തോന്ന്യസിവരെ പാവപ്പെട്ടവനായി, പാവപ്പെട്ടവന്‍ പാവത്താനായി. :), ഞാനും ക്യൂ പാലിച്ചാ നിന്നത്. എന്നിട്ടും സജീവേട്ടാ എന്നോടീ ചതി വേണ്ടായിരുന്നു. ചെന്ന് മുന്നില്‍ നിന്നിട്ട് സജീവേട്ടാ , വേദ വ്യാസന്‍ എന്ന് നോം അരുള്‍ ചെയ്തു. ഒന്ന് ഹ ഹ ഹ എന്നെങ്കിലും ആക്കിക്കൂടായിരുന്നോ, എന്നിട്ടോ എന്റെ നേരെ കോക്രി കാണിച്ചു, ഇതെല്ലാം പടം വരക്കാനാണെന്ന് കരുതി ഞാനും എല്ലാം തിരികെയും കാണിച്ചു. അവസാനം പടം വരച്ചിട്ട് പറഞ്ഞ് നീ കണ്ണ് മാറ്റിയത് കൊണ്ടാ ശരിയാകാത്തേന്ന്. ഭയങ്കര വിഷമമായി. എല്ലാരെം പടം അടിപോളിയക്കിയിട്ട് എന്നെ മാത്രം പറ്റിച്ചു. നോക്കിക്കോ അടുത്ത പ്രാവശ്യോം ഞാന്‍ വരും.

അടുത്തത് ബിലാത്തിപ്പട്ടണം മുരളിച്ചേട്ടന്റെ മായജാല പ്രകടനം. 5 രൂപാ പോയെന്നു വിചാരിച്ച് ആരൊ കൊടുത്ത നാണയം വാചമടിക്കിടയില്‍ അദ്ദേഹം കീശയിലാക്കി. ;) , മുറിഞ്ഞ് കിടന്ന കയറിനെ ഒന്നാക്കിച്ചേര്‍ത്ത് മുന്നേറിയ ബിലാത്തിയെ ജിപ്പൂസ് പിടിച്ചുകെട്ടി. എന്നാല്‍ വിലങ്ങുകള്‍ക്കുപോലും തന്നെ ഒന്നും ചെയ്യാനാകില്ല എന്ന് അദ്ദേഹം തെളിയിച്ചു. എല്ലാവരേയും പരിചയപ്പെട്ടുവന്നപ്പോ ഈറ്റാനുള്ള സമയമായി എന്ന് മനസ്സിലായി. സ്ത്രീകളും കുട്ടികളും ആദ്യം എന്ന് അശരീരി മുഴങ്ങുന്നുണ്ടായിരുന്നെങ്കിലും ആരും അത് കേട്ടഭാവം കാണിച്ചില്ല :). എനിയ്ക്ക് ബൂലോകത്ത് ആദ്യമായി കമന്റ് തന്നനുഗ്രഹിച്ച നിരക്ഷരന്‍ ചേട്ടനാണ് എന്നെ ഊണ് കഴിക്കാന്‍ വിളിച്ചത്, അദ്ദേഹത്തിനോട് അപ്പോള്‍ തന്നെ കമന്റിന്റെ നന്ദി അറിയിച്ചു.

ഫുഡ് വാനിഷിങ്ങിള്‍ ബിലാത്തിയെക്കാള്‍ കേമന്‍മാരാണ് തങ്ങള്‍ എന്ന് പല ബ്ലോഗര്‍മാരും തെളിയിച്ചു. കപ്പ, ചോറ്‍, മീന്‍ കറി, കരിമീന്‍ വറുത്തത്, അച്ചാര്‍, ചെമ്മീന്‍ വട എല്ലാം ഒന്നിനൊന്ന് കേമം. ഫ്രൂട്ട് സലാഡ് വിത്ത് ഐസ്ക്രീം കഴിഞ്ഞപ്പോഴെയ്ക്കും ഒന്ന് ഉറങ്ങിയാ മതി എന്നായി.

വിഭവ സമൃദ്ധമായ ഊണ് കഴിഞ്ഞപ്പോള്‍ വീണ്ടും ഹാളിലേയ്ക്ക്. മണികണ്ഠന്റെ പാട്ട്, ചാര്‍വാകന്റെ പാട്ട്, മനുവിന്റെയും വിനയെന്റെയും കവിത ചൊല്ലല്‍, എഴുത്തുകാരിചേച്ചിയുടെ മകളുടെ പാട്ട്, ഒരു കൊച്ചുമിടുക്കിയുടെ പാട്ട് അങ്ങനെ സംഗീത സാന്ദ്രമായ അന്തരീക്ഷത്തിലേയ്ക്ക് ലതി ചേച്ചി വാഴക്കോടനെ വലിച്ചെറിഞ്ഞു. എനിക്കു ഒന്നുമറിയില്ലാ എന്ന് നിലവിളിച്ച വാഴയോടു പരിപാടി കുളമാക്കിയാല്‍ ശരിയ്ക്കും അറിയും എന്ന് എല്ലാവരും ഭീഷണി മുഴക്കി. അന്തംവിട്ടാല്‍ പ്രതി എന്തും ചെയ്യും എന്നു പറഞ്ഞപോലെ വാഴ, എന്തും ചെയ്യാന്‍ തയ്യാറായി... എന്തും സഹിക്കാന്‍ ഞങ്ങളും :). പക്ഷെ മിമിക്രിയില്‍ തുടങ്ങിയ വാഴ അവസാനം മാപ്പിളപ്പാട്ടോട് കൂടി എല്ലാരുടെയും മുന്നില്‍ ഹീറോ :) അപ്പോള്‍ കാണികള്‍ക്കിടയില്‍ വര്‍ഷങ്ങളായി വാഴയെ സഹിക്കുന്ന ഒരു മുഖത്ത് മന്ദസ്മിതം.

അമ്മ മക്കളെ കൊണ്ടുവന്ന് സ്ടേജില്‍ നിര്‍ത്തുന്ന പോലെ ലതിച്ചേചി എല്ലാവരെയും വിളിച്ച് എന്തേലും പരിപാടി കാഴ്ചവെയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. അവസാനം എല്ലാര്‍ക്കും ലതി ചേച്ചിയുടെ മധുരം മലയാളം കവിത കേള്‍ക്കണം എന്നായി. അവസാനം യാത്രപറയുന്നതിന് മുന്‍പേ ലതി ചേച്ചി പാടി :) അതു തീരും മുന്‍പേ എന്റെ ക്യാമറ ചാര്‍ജ്ജ് തീര്‍ന്നു. :(

വിടപറയാന്‍ നേരമായി... ഞങ്ങളെ ചെറായിയില്‍ കോണ്ടുക്കളയാന്‍ അനിലേട്ടന്റെ ക്വാളിസ്സ് എത്തി. അതിനടുത്തെത്തിട്ട് പോകാന്‍ തൊന്നുന്നില്ല വീണ്ടും എല്ലാവരോടും യാത്രപറയാം എന്നു കരുതി തിരിഞ്ഞപ്പോ പുറകീന്നൊരു വിളി, "ഡാ അപ്പീ ഡാ" ശ്രീ@ശ്രേയസ്സ് ആണെന്നാ തൊന്നുന്നെ, ആ എന്തായാലും വണ്ടിയുടെ സാരഥി ഒരു കാല്‍ അകത്തും അടുത്തത് ഇപ്പൊ വണ്ടിയെടുക്കും എന്ന മട്ടില്‍ നിന്നതിനാല്‍ ഭാഗ്യപരീക്ഷണത്തിന് നിന്നില്ല. ആഹാ ക്വാളിസ്സിനകത്ത് പുറകിലായി ഞാനും ശ്രേയസ്സും ഇരുന്നു (ഒരു രക്ഷയുമില്ലാത്ത ചൂടായിരുന്നു അവിടെ). അങ്കിളും ആന്റിയും അവിടെ തങ്ങുകയാണെന്ന് അറിയിച്ചു. പക്ഷെ തിരിച്ചുപോകാനും ഞങ്ങള്‍ 6 പേര്‍ , അപ്പൂട്ടനും , ജയന്‍ദാമോദരന്‍ ചേട്ടനുമായിരുന്നു ആ ഭാഗ്യവാന്മാര്‍.

തിക്കിത്തിരക്കി എറണാകുളം സൌത്തിലെത്തി ജനശതാബ്ദിയില്‍ കയറി. ബ്ലോഗ് മീറ്റ് അവസാനിപ്പിച്ചത് ഇഷ്ടപ്പെടാത്ത ബ്ലോഗീശ്വരന്മാരും ബ്ലോഗീശ്വരിമാരും ഞങ്ങളെ കൈ വെടിഞ്ഞതിനാല്‍ പലരും പല കമ്പാര്‍ട്ടുമെന്റിലായി. ഒരു ഉറക്കമുണര്‍ന്നണീറ്റെപ്പോള്‍ കായംകുളം കഴിഞ്ഞു. പിന്നെ അവസാനം ഞാന്‍ വര്‍ക്കലയില്‍ ഇറങ്ങി. എല്ലാവരോടും യാത്രപറഞ്ഞ് ഫോണ്‍ നമ്പര്‍ ഒക്കെ വാങ്ങി, വീട്ടിലെത്തി.

ഉറങ്ങുന്നതിന് മുന്പേ മീറ്റിനെക്കുറിച്ച് പോസ്റ്റണം എന്ന് കരുതി. പിന്നെ ആ ആഗ്രഹം അടക്കി. വിശദമായി, നല്ലോരു പോസ്റ്റ് ഇടാം എന്ന് തീരുമാനിച്ചു. ആറി ആറി ഇതിപ്പോ പഴങ്കഞ്ഞി പോലായെങ്കിലും കോമ്പ്ലാന് പകരം പഴങ്കഞ്ഞി ആരോഗ്യത്തിനു നല്ലതാന്ന് പറയുന്ന അമ്മയെ മനസ്സില്‍ ധ്യാനിച്ച് പോസ്റ്റുന്നു,(തിരിച്ച് ചെന്നപ്പോ എന്തായെടാ എന്നു അമ്മ അന്വേഷിച്ചു), അനുഗ്രഹിക്കൂ ആശീര്‍വദിയ്ക്കൂ........... വ്യക്തിപരമായി ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കുന്ന എന്തെങ്കിലും പരാമര്‍ശം ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ.. ഞാന്‍ തിരുത്തുന്നതാണ്.

അവസാനം ഞാന്‍ ഒരു വാക്യം കൂടിപ്പറഞ്ഞ് ഉപസംഹരിക്കട്ടെ.......

"ഇതാണെഡായ് മീറ്റ്".

സംഘാടകര്‍ക്ക് അഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകള്‍ :):):)

ഉം ഇത് അമ്പരപ്പിക്കുന്നു  

എഴുതിയത് Rakesh R , ലേബലുകള്‍ : , ,

ഫയര്‍ഫോക്സ് മലയാളം പതിപ്പ്‌ പൊട്ടിയപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ട്‌ വളരെ രസകരമായി തോന്നി, എല്ലാവരുമായി പങ്കുവയ്ക്കുന്നുചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം .

നിങ്ങള്‍ ഫയര്‍ഫോക്സ് ഉപയോഗിക്കുന്ന വ്യക്തിയാണോ..........  

എഴുതിയത് Rakesh R , ലേബലുകള്‍ : ,

തലക്കെട്ട് കണ്ടപ്പോള്‍ എതേലും സാധനത്തിന്റെ പരസ്യമാണെന്ന് തോന്നിയൊ, അല്ലേ അല്ല.
ഫയര്‍ഫോക്സിന്റെ എറ്റവും നല്ല പ്രത്യേകത, അതില്‍ നമുക്ക് ആഡ്വണ്‍സ് (പ്ലഗിന്‍സ്) ചേര്‍ക്കാം എന്നതാണു്. ബൂലോകത്തില്‍ പലരും പലപ്പോഴായി പല ആഡ്വണ്‍സിനെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ടല്ലോ. ഇവിടെ ഞാനും നിങ്ങള്‍ക്കായി ഒരു കിടിലം കിക്കിടിലം കിടിലോല്‍ക്കിടിലം ആഡ്വണ്‍നെ പരിചയപ്പെടുത്തുന്നു.

"സ്വനലേഖ". പേര് കേള്‍ക്കുമ്പോത്തന്നെ ഒരു ഇത് ഇല്ലേ ( കടപ്പാട് : എന്റെ പഴയപോസ്റ്റ് :-) ). പേര് കേട്ടാലറിയാം ഇവളൊരു നാടന്‍ മലയാളിപ്പെണ്ണ്. അപ്പോപ്പിന്നെ എന്തിനാഡായ് ഈ ആഡ്വണ്‍ ഉപയോഗിക്കുന്നത് എന്നു ചോദിക്കു. ഇവളെക്കുറിച്ച് പറയുകയാണെങ്കില്‍ നാണംകുണുങ്ങിയാണെങ്കിലും നല്ല അസ്സലായി മലയാളം എഴുതും. ഇപ്പൊ കാര്യം മനസ്സിലായോ. ഇല്ലേ, എന്റെ പൊന്നു മനുഷ്യന്മാരേ ...... ഇവളെ നിങ്ങളുടെ ഫയര്‍ഫോക്സിന് കെട്ടിച്ചുകൊടുത്താല്‍, വേറെ ആരുടെയും (കീമാന്‍,വരമോഴി മുതലായ സോഫ്റ്റ്വെയര്‍) സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാം.

ഇനി കുറച്ച് സീരിയസ്സ് ആകാം
ഞാന്‍ പറഞ്ഞുവന്നതെന്താണെന്നുവെച്ചാല്‍ ഫയര്‍ഫോക്സ് ബ്രൌസറില്‍ നമുക്ക് സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യാം. ദാ ഇവിടെ ഞെക്കിയാല് സ്വനലേഖ ഫയര്‍ഫോക്സില്‍ ചേര്‍ക്കാം. ചേര്‍ത്തുകഴിഞ്ഞ് ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട് ചെയ്താല്‍ സ്വനലേഖ ഉപയോഗിച്ച് തുടങ്ങാം. ഏത് വെബ്സൈറ്റിലെയും ടെക്സ്റ്റ് ഏരിയയിലോ, ടെക്സ്റ്റ് ബോക്സിലോ മലയാളം ടൈപ്പ് ചെയ്യാന്‍ അതില്‍ മൌസിട്ട് ക്ലിക്കണം എന്നിട്ട് "കണ്‍ട്രോള്‍ + m (Ctrl+m)" അടിക്കണം , സിമ്പിള്‍ ഇത്രെയുള്ളു നിങ്ങള്‍ ഇതാ സ്വനലേഖയ്ക്ക് അടിമയായിക്കഴിഞ്ഞു.

ശുഭം.

ഞാന്‍ ഈ ടൈപ്പ് ചെയ്യുന്നതെല്ലാം സ്വനലേഖ ഉപയോഗിച്ചാണ്. എന്റെ കൂട്ടുകാരനായ നിഷാന്‍ ആണ് സ്വനലേഖയെ ഫയര്‍ഫോക്സിന് മുട്ടിച്ച്കൊടുത്ത മഹാന്‍. അദ്ദേഹത്തിനായി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

ചെറായി മീറ്റ് (എന്തുവാടെ ഇത്)  

എഴുതിയത് Rakesh R , ലേബലുകള്‍ : ,

എന്തുവാടെ ഇവിടെ നടക്കണത്. കൂട്ടുകാരെല്ലാം കൂടി ഒരു സ്ഥലം തീരുമാനിച്ച് ഒത്തുകൂടുന്നത് ഇത്ര വലിയ പുകിലുകള്‍ ഉണ്ടാക്കണോ ഏവനെങ്കിലും ഒരുത്തന്‍,മീറ്റ് അജണ്ട എടുത്ത് പരിശോദിക്കും, പിന്നീടു അതിന്റെ കുറ്റവും കുറവും വെച്ച് ഒരു പോസ്റ്റ് എടുത്തിട്ടങ്ങലക്കും, മീറ്റ് ആന്‍ഡമാനിലാക്കണം, ലക്ഷ ദ്വീപിലാക്കണം. അല്ലേല്‍ മീറ്റിന് വിളമ്പാന്‍ പോണ ചിക്കനില്‍ ഉപ്പ് കൂടുതലാണ്, പായസത്തില്‍ പല്ലി വീഴും. (ഡെയ് ഡെയ് അപ്പീ നീയും ഇപ്പൊ അതു തന്നെല്ലേഡായ് ചെയ്യണത് .. എന്തു ചെയ്യാന്‍ അണ്ണാ ബ്ലൊഗിന്റെ ഹിറ്റ് കുന്ത്രാണ്ടം തകര്‍ക്കണ്ടെ, നമ്മളെപറ്റിയും നാല് പേര് പറയട്ടെന്ന്...).

ശരി ശരി അതുകള, പിന്നെ കുറെയെണ്ണം കുറച്ച്കൂടി മാന്യമായ രീതിയില്‍ തന്തക്ക് വിളി തുടങ്ങി (എല്ലാം ഒരുമിച്ചുകൂടാനുള്ള അടങ്ങനാകാത്ത ആഗ്രഹം കൊണ്ടുമാത്രമാണു് ... ഉവ്വ ഉവ്വ...)

എന്തിനാടെ ഇങ്ങനെകിടന്ന് കടിപിടികൂടുന്നെ. എല്ലാരും അവരവരുടെ തിരക്കുകള്‍ക്കിടയും, ദീപക് രാജ് പറഞ്ഞപോലെ "ജീവനുള്ള ബ്ലോഗര്‍മാരെ" കാണാന്‍ വരുമ്പൊ അലമ്പാക്കല്ലേടെ. എല്ലാരും സസന്തോഷം വീട്ടുകാരെയുമൊക്കെ കൂട്ടി വരട്ട്. എല്ലാരേം പരിചയപ്പെടട്ട്. എന്നാലല്ലേ ഒര് ഇത് ഒള്ള്.

അതിരാവിലെ എല്ലാരും പോരീം നമുക്ക് (ഞാന്‍ അവിടെ ഉണ്ടെങ്കില്‍) അടിച്ച്പൊളിക്കാമെന്ന്. ആഹ്ളാദിക്കാം ... അറുമാദിക്കാം.


അല്ല ഇതൊക്കെ പറയാന്‍ ഇവനിതാര് , ഇവനിവിടെന്തുകാര്യം എന്നൊന്നും ചോദിക്കരുത്, എനിക്കതിഷ്ടമല്ല. ഞാനും തുടങ്ങി ഒന്ന് രണ്ട് ബ്ലോഗ്. അതാണല്ലോ കടിപിടി കൂടാനുള്ള യോഗ്യത.


ഞാനെന്തെങ്കിലും കൊള്ളരുതായ്കയൊ, ഇല്ലാവചനമോ മൊഴിഞ്ഞെങ്കില്‍ സാദരം ക്ഷമിക്കുക. കാരണം ബെര്‍ളി, അനോണി ആന്റണി, കൊച്ച്ത്രേസ്യ, തുടങ്ങിയ സകലമാന കിടിലങ്ങളുടെയും (ഇനിയും ഉണ്ടു ഒരുപാട്) പോസ്റ്റ് വായിച്ചാണ് ഒരു ബ്ലോഗ് എന്ന മോഹമുണ്ടായത്. അതുകൊണ്ടു അറിവില്ലായ്മ ക്ഷമിക്കുക (ഇതിന് ഞങ്ങളുടെ നാട്ടില്‍ കുരുത്തം എന്നുപറയും).

ശേഷം ചെറായിയില്‍....

ആമുഖം  

എഴുതിയത് Rakesh R , ലേബലുകള്‍ :

എന്റെ മനസ്സാകുന്ന കൂട്ടില്‍ നിന്നും പാറിപ്പറന്നകലുന്ന ചിന്തകള്‍ക്ക് കൂടുകൂട്ടാന്‍ ഒരിടം....

പോത്തന്‍കോടു നിവാസിയായ ഞാന്‍ എന്റെ നാടിനെ മറക്കുന്നതെങ്ങനെ.... ഇരിക്കട്ടെ ഒരു ബ്ലോഗ്

http://pothencode.blogspot.com/

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ