ആള്‍ ഈസ് വെല്‍  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , , , ,


ഏകദേശം 15 വര്‍ഷം മുന്‍പ് ഞാന്‍ 6 ലോ 7 ലോ പഠിക്കുന്ന സമയത്താണ് ഇദ്ദേഹം ആദ്യം നാട്ടില്‍ വരുന്നത്. ഒരു ദിവസം എല്ലാ വീടുകളിലും കേറി ഞാന്‍ നേപ്പാളിന്നുളള ഗൂര്‍ഖയാണ്, മാസം എല്ലാവരും കുറച്ച് കാശ് തന്നാല്‍ രാത്രി ആ ഏരിയയില്‍ കാവല്‍ നിക്കാം എന്നു പറഞ്ഞു. മലയാളം ഒട്ടും അറിയാത്ത ആളിനെ എല്ലാവരും കുറച്ച് സംശയത്തോടെയാണ് കണ്ടത്. പക്ഷെ പിറ്റന്ന് മുതല്‍ പുള്ളി സ്ഥിരം രാത്രി വടിയും. കത്തിയും വിസിലുമായി റോന്തുചുറ്റാന്‍ തുടങ്ങി.

അമീര്‍ഖാന്‍ പറഞ്ഞപോലെ രാത്രിയാകുമ്പൊ ആള്‍ ഈസ് വെല്‍ നു പകരം നീണ്ട വിസിലടിയായി ഗൂര്‍ഖ നീങ്ങും, ആ വിസില്‍ കേട്ട് കള്ളന്മാര്‍ ഒളിയ്ക്കുകയും, ഞങ്ങളെല്ലാം സമാധാനമായി ഉറങ്ങുകയും ചെയ്തു :)

ഗൂര്‍ഖയ്ക്കൊപ്പം കഥകളും കേട്ടുതുടങ്ങി, വീട് കുത്തിത്തുറക്കാന്‍ ശ്രമിച്ച കള്ളന്മാരെ ഓടിച്ചു, മദ്യപിച്ചുവന്നവര്‍ ഗൂര്‍ഖയെകണ്ട് ഓടി പൊട്ടക്കിണറ്റില്‍ വീണത് അങ്ങനെ അങ്ങനെ നിരവധി കഥകള്‍.

എല്ലാമാസവും ഒന്നാംതീയതി മാത്രമാണ് പുള്ളിയെ പകല്‍ വെളിച്ചത്തില്‍ കാണുന്നത്, പലവീടുകളും 5,10 രൂപ കൊടുക്കുമായിരുന്നു, ചിലര്‍ ഒന്നും കൊടുക്കില്ല.

ഏകദേശം 5 വര്‍ഷത്തോളം പുള്ളി സ്ഥിരമായി അതുവഴി വരുമായിരുന്നു, പിന്നെ പിന്നെ അതേപോലെ കുറേ ആള്‍ക്കാര്‍ വന്നുതുടങ്ങി, ഏരിയമാറി പലരും പോയിത്തുടങ്ങി. പിന്നെ ആരെയും കാണാതായി.

കഴിഞ്ഞതവണ ഓണത്തിന്  നാട്ടില്‍ പോയപ്പോള്‍ പുള്ളി വീട്ടില്‍ വന്നു, ഓണം കാ ത്യോഹാര്‍ ഹേനാ സാബ് എന്നൊക്കെ ചോദിച്ച്.. വിശേഷങ്ങളൊക്കെ പറഞ്ഞുതുടങ്ങി, 15 വര്‍ഷം മുമ്പ് 1 വീടുണ്ടായിരുന്ന സ്ഥലത്ത് 4 വീടുകളായല്ലോയെന്നും പുതിയ ആള്‍ക്കാര്‍ക്കൊന്നും തന്നെ മനസിലാകുന്നില്ല എന്നുമൊക്കെ. ചുരുക്കം ചില വീടുകളില്‍ നിന്ന് മാത്രമേ പുള്ളിക്ക് കാശ് കിട്ടിയുള്ളൂ, എന്റേന്നും ഓണവിഹിതം വാങ്ങി, അച്ഛച്ഛനെ കണ്ടില്ലല്ലോ എന്ന് പറഞ്ഞു. അച്ഛച്ഛന്‍ മരണമടഞ്ഞ് 5 വര്‍ഷമായെന്ന് പറഞ്ഞപ്പൊ പുള്ളി ആകെ വിഷമിച്ച് കുറച്ചുനേരം എന്റെ വീട്ടിലിരുന്നു,മലയാളം അറിയാതെ നാട്ടിലെത്തിയ പുള്ളിയെ അച്ഛച്ഛന്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും പലരെയും പരിചയപ്പെടുത്തി ജോലി ശരിയാക്കികൊടുത്തിട്ടുണെന്നും ഓര്‍മ്മകള്‍ പങ്കുവച്ചു.

പോകാന്‍ നേരം പിറ്റന്ന് മകനെയും കൊണ്ടുവരാം, എനിക്കിനി അലയാന്‍ വയ്യ, മകന്‍ സ്ഥിരമായി വന്നുകൊള്ളും എന്ന് പറഞ്ഞു. അടുത്ത ദിവസം മകനോടൊപ്പം വന്നു എല്ലാ വീട്ടിലും മകനെ പരിചയപ്പെടുത്തി. ഞാന്‍ ക്യാമറയുമായി നില്‍ക്കുന്നത് കണ്ട്, ഒരു ഫോട്ടോയെടുക്കൂ, ഇനി കാണാന്‍ പറ്റിയില്ലെങ്കിലോ എന്ന് പറഞ്ഞ്, അപ്പൊ ഒന്നുരണ്ട് ഫോട്ടോയെടുത്തതാണിവ.




വിലക്കയറ്റത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ : സാബ് പണ്ട് ഓരോ വീട്ടിന്നും 5 , 10 വച്ച് കിട്ടുമായിരുന്നു, 10 രൂപയ്ക്ക് ചന്തയില്‍ നിന്നും ഒരാഴ്ചത്തേയ്ക്കുള്ള സാധനങ്ങള്‍ കിട്ടുമായിരുന്നു. ഇപ്പൊ മാക്സിമം 50 രൂപയൊക്കെ വീടുകളില്‍ നിന്നും കിട്ടിയാലായി, 100 രൂപയ്ക്ക് ഒരു ദിവസത്തേയ്ക്കുള്ളത് കൂടി കിട്ടുന്നില്ല, മൂത്തമകന്‍ ഇപ്പൊ വേറെ പണി അന്വേഷിച്ച് നടക്കുന്നുണ്ട്, എനിക്ക് വയസായി കൂടെ കഷ്ടപ്പാടും.

ഇനി ഇദ്ദേഹത്തെ കാണാന്‍ പറ്റുമോന്നറിയില്ല. ഒരുകാലത്ത് ഞങ്ങളുടെ കഥകളിലെ ഗൂര്‍ഖമാമന്‍, കൂടെ ഉറയില്‍ നിന്നുമൂരിയാല്‍ ചോരകാണാതെ തിരികെ വയ്ക്കാത്ത കത്തിയും, അകലങ്ങളില്‍ നിന്നും അടുത്തേയ്ക്ക് വന്ന് വീണ്ടും അകലേയ്ക്ക് നീങ്ങിപ്പോകുന്ന വിസിലിന്റെ ശബ്ദവും...


ആള്‍ ഈസ് വെല്‍






എന്തെങ്കിലും എഴുതിയിട്ട് ഒരുപാട് നാളായി, ഉദ്ദേശിച്ചപോലൊന്നും എഴുതാനാകുന്നില്ല

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ